ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ ടെസ്റ്റ് പരമ്പരക്കാണ് കളമൊരുങ്ങുന്നത്. രണ്ട് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഡിസംബര്‍ 26ന് സെഞ്ചൂറിയനിലാണ് നടക്കുന്നത്.
മത്സരത്തിനിറങ്ങും മുമ്പ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയെ ഒരു തകര്‍പ്പന്‍ റെക്കോഡ് കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറും വിരാട് കോഹ്‌ലിയും മാത്രം സ്വന്തമാക്കിയ ഇതിഹാസ നേട്ടത്തിലേക്കെത്താനാണ് രോഹിത് ശര്‍മക്കും അവസരമൊരുങ്ങുന്നത്.
ടെസ്റ്റ് ഫോര്‍മാറ്റില്‍ സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കക്കെതിരെ സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് രോഹിത്തിന് മുമ്പിലുള്ളത്.
1997ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലാണ് സച്ചിന്‍ പ്രോട്ടിയാസിനെതിരെ സെഞ്ച്വറി നേടുന്നത്. മത്സരത്തിലെ ആദ്യ. ഇന്നിങ്‌സിലായിരുന്നു സച്ചിന്‍ സെഞ്ച്വറി നേടിയത്. 254 പന്തില്‍ 169 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ നേടിയത്.
സച്ചിന്‍ സെഞ്ച്വറിയടിച്ചെങ്കിലും മത്സരത്തില്‍ ഇന്ത്യക്ക് പരാജയം നേരിടേണ്ടി വന്നിരുന്നു. 282 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെട്ടത്.
ശേഷം 2018ലാണ് ഒരു ഇന്ത്യന്‍ നായകന്‍ സൗത്ത് ആഫ്രിക്കന്‍ മണ്ണില്‍ ആതിഥേയര്‍ക്കെതിരെ സെഞ്ച്വറി നേടുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലായിരുന്നു വിരാടിന്റെ സെഞ്ച്വറി നേട്ടം.
217 പന്തില്‍ 153 റണ്‍സാണ് വിരാട് നേടിയത്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇന്ത്യ ആ മത്സരവും പരാജയപ്പെടുകയായിരുന്നു.
ഇപ്പോള്‍ രോഹിത് ശര്‍മക്ക് മുമ്പിലും ഈ നേട്ടം കാത്തിരിക്കുകയണ്. രണ്ട് മത്സരങ്ങളിലെ നാല് ഇന്നിങ്‌സില്‍ നിന്നും രോഹിത്തിന് സെഞ്ച്വറി നേടാന്‍ സാധിച്ചാല്‍ സച്ചിനും വിരാടിനുമൊപ്പം രോഹിത്തിന്റെ പേരും കുറിക്കപ്പെടും.
അതേസമയം, സൗത്ത് ആഫ്രിക്കയില്‍ സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തി പരമ്പര നേടുന്ന ആദ്യ ടെസ്റ്റ് ക്യാപ്റ്റന്‍ എന്ന നേട്ടവും രോഹിത്തിന് മുമ്പിലുണ്ട്. 1992 മുതല്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയില്‍ പര്യടനം നടത്തുന്നുണ്ടെങ്കില്‍ ഒരിക്കല്‍ പോലും വിജയിക്കാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല.
കടലാസില്‍ കരുത്തരാണെങ്കിലും തങ്ങളുടെ ഭൂതകാലം ഒരിക്കലും ഇന്ത്യക്ക് ആശ്വാസം നല്‍കുന്നതല്ല. ഇതുവരെ കളിച്ച എട്ട് പരമ്പരകളില്‍ ഏഴെണ്ണത്തില്‍ പരാജയപ്പെട്ടപ്പോള്‍ ഒന്നില്‍ തോല്‍ക്കാതെ രക്ഷപ്പെടാനായി എന്നത് മാത്രമാണ് ഇന്ത്യയുടെ മികച്ച നേട്ടം.