IPL
99ാമനായി ഹെഡ്; തലയറുത്ത് ഡി.എസ്.പി സിറാജ്, മിയാന്‍ ഓണ്‍ ഫയര്‍
സ്പോര്‍ട്സ് ഡെസ്‌ക്
6 days ago
Sunday, 6th April 2025, 7:48 pm

ഐ.പി.എല്‍ 2025ലെ 19ാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടുകയാണ്. ഹൈദരാബാദിന്റെ ഹോം ഗ്രൗണ്ടായ ഉപ്പലിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് മത്സരത്തിന് വേദിയാകുന്നത്.

നാല് മത്സരത്തില്‍ നിന്നും ഒറ്റ ജയവുമായി സണ്‍റൈസേഴ്‌സ് അവസാന സ്ഥാനത്താണ്. മൂന്ന് മത്സരം കളിച്ച് രണ്ട് ജയവും ഒരു തോല്‍വിയുമായി മൂന്നാമതാണ് ടൈറ്റന്‍സ്.

ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് നായകന്‍ ശുഭ്മന്‍ ഗില്‍ ഫീല്‍ഡിങ് തെരഞ്ഞെടുത്തു.

മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഹോം ടീമിന് തിരിച്ചടിയേറ്റിരുന്നു. സൂപ്പര്‍ താരം ട്രാവിസ് ഹെഡിനെ പുറത്താക്കി മുഹമ്മദ് സിറാജ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. റോയല്‍ ചലഞ്ചേഴ്‌സിനെതിരെ എവിടെ അവസാനിപ്പിച്ചോ, അവിടെ നിന്നും വീണ്ടും തുടങ്ങുകയായിരുന്നു ഗുജറാത്ത് പേസര്‍.

ആദ്യ ഓവറിലെ അവസാന പന്തിലാണ് ഹെഡ് പുറത്തായത്. അഞ്ച് പന്ത് നേരിട്ട് എട്ട് റണ്‍സ് സ്വന്തമാക്കിയിരുന്നു താരത്തിന്റെ മടക്കം. സിറാജിന്റെ പന്തില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച ഹെഡിന് പിഴയ്ക്കുകയും സായ് സുദര്‍ശന് ക്യാച്ച് നല്‍കി മടങ്ങുകയുമായിരുന്നു.

ഐ.പി.എല്‍ കരിയറില്‍ സിറാജിന്റെ 99ാം വിക്കറ്റായാണ് ഹെഡ് പുറത്തായത്.

മത്സരത്തില്‍ ഒരു വിക്കറ്റ് കൂടി നേടാന്‍ സാധിച്ചാല്‍ ഐ.പി.എല്ലില്‍ വിക്കറ്റ് വീഴ്ത്തി സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലിസ്റ്റില്‍ സിറാജിന് ഇടം നേടാന്‍ സാധിക്കും. ഇതുവരെ 25 താരങ്ങള്‍ക്ക് മാത്രമാണ് ഐ.പി.എല്ലില്‍ നൂറ് വിക്കറ്റ് നേടാനായത്. ഈ നേട്ടത്തിലെത്തുന്ന 19ാം ഇന്ത്യന്‍ താരമെന്ന നേട്ടവും സിറാജിന്റെ കയ്യകലത്തുണ്ട്.

അതേസയമം, സണ്‍റൈസേഴ്‌സ് ഇന്നിങ്‌സ് നാല് ഓവര്‍ പിന്നിടുമ്പോള്‍ 37ന് ഒന്ന് എന്ന നിലയിലാണ് സണ്‍റൈസേഴ്‌സ്. 13 പന്തില്‍ 18 റണ്‍സുമായി അഭിഷേക് ശര്‍മയും ആറ് പന്തില്‍ 11 റണ്‍സുമായി ഇഷാന്‍ കിഷനുമാണ് ക്രീസില്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് പ്ലെയിങ് ഇലവന്‍

അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്‌റിക് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സീഷന്‍ അന്‍സാരി, ജയ്‌ദേവ് ഉനദ്കട്, മുഹമ്മദ് ഷമി.

ഗുജറാത്ത് ടൈറ്റന്‍സ് പ്ലെയിങ് ഇലവന്‍

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഷാരൂഖ് ഖാന്‍, രാഹുല്‍ തേവാട്ടിയ, വാഷിങ്ടണ്‍ സുന്ദര്‍, റാഷിദ് ഖാന്‍, രവിശ്രീനിവാസന്‍ സായ് കിഷോര്‍, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശര്‍മ.

 

Content Highlight: IPL 2025: GT vs SRH: Mohammed Siraj picks 99th IPL wicket