ഇന്ത്യ-ബംഗ്ലാദേശ് രണ്ട് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 280 റണ്‍സിന് ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയിരുന്നു. ഇന്ത്യ ഉയര്‍ത്തിയ 515 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 234 റണ്‍സിന് പുറത്താവുകയായിരുന്നു.
മത്സരത്തില്‍ ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്തിന്റെ തിരിച്ചുവരവിന് കൂടിയാണ് ക്രിക്കറ്റ് ലോകം സാക്ഷിയായത്. പന്തിന്റെ മികച്ച പ്രകടനങ്ങളെ പ്രശംസിച്ചുകൊണ്ട് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ സംസാരിച്ചിരുന്നു. പന്തിന്റെ അസാധാരണമായ തിരിച്ചുവരവിനെ കുറിച്ചാണ് രോഹിത് പറഞ്ഞത്.
‘അദ്ദേഹം വളരെ പ്രയാസകരമായ സമയങ്ങളിലൂടെ കടന്നുപോയി. ആ സമയങ്ങളില്‍ അദ്ദേഹം ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ ചെയ്ത രീതികള്‍ വളരെ മികച്ചതായിരുന്നു. ഐ.പി.എല്ലില്‍ പന്ത് തിരിച്ചെത്തി പിന്നീട് ടി-20 ലോകകപ്പും നേടി. ഇപ്പോള്‍ ടെസ്റ്റിലും പന്ത് മികച്ച പ്രകടനം നടത്തുന്നു. ഇതാണ് അവന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന ഫോര്‍മാറ്റ്.
ഞങ്ങളെ സംബന്ധിച്ചിടത്തോളം അവന്‍ ബാറ്റിങ്ങില്‍ മികച്ച പ്രകടനം നടത്തുമോ എന്നതിനെക്കുറിച്ചല്ല, ബാറ്റിങ്ങിലും കീപ്പിങ്ങിലും അവന്‍ ചെയ്യാന്‍ സാധിക്കുന്നത് എന്താണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. അവന്‍ ദുലീപ് ട്രോഫി കളിച്ചുകൊണ്ട് ഈ ടെസ്റ്റ് മത്സരത്തിനായി മികച്ച തയ്യാറെടുപ്പ് നടത്തി. ഇതിലൂടെ അവന്‍ മത്സരത്തില്‍ വലിയ സ്വാധീനവും ചെലുത്തി,’ രോഹിത് ശര്‍മ മത്സരശേഷം പറഞ്ഞു
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യ 287 റണ്‍സിന് നാല് വിക്കറ്റുകള്‍ എന്ന നിലയില്‍ നില്‍ക്കെ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്ത്യക്ക് വേണ്ടി രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയാണ് പന്ത് തിളങ്ങിയത്. 128 പന്തില്‍ 109 റണ്‍സും നേടിയാണ് പന്ത് നിര്‍ണായകമായത്. 13 ഫോറുകളും നാല് സിക്സുകളുമാണ് താരം നേടിയത്.
പന്തിന് പുറമെ ശുഭ്മന്‍ ഗില്ലും രണ്ടാം ഇന്നിങ്സില്‍ സെഞ്ച്വറി നേടിയിരുന്നു. ഗില്‍ 176 പന്തില്‍ പുറത്താവാതെ 119 റണ്‍സാണ് നേടിയത്. പത്ത് ഫോറുകളും നാല് സിക്സുകളുമാണ് ഗില്‍ നേടിയത്.
ഇവര്‍ക്ക് പുറമെ സൂപ്പര്‍താരം ആര്‍. അശ്വിന്‍ ബാറ്റിങ്ങിലും ബൗളിങ്ങിലും തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടികൊണ്ടാണ് അശ്വിന്‍ തിളങ്ങിയത്. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം നിറം മങ്ങിയപ്പോള്‍ അശ്വിന്റെ ഇന്നിങ്സാണ് ഇന്ത്യക്ക് മികച്ച സ്‌കോര്‍ നല്‍കിയത്.
133 പന്തില്‍ 113 റണ്‍സ് നേടിക്കൊണ്ടായിരുന്നു അശ്വിന്‍ തിളങ്ങിയത്. 11 ഫോറുകളും മൂന്ന് സിക്സുമാണ് അശ്വിന്‍ നേടിയത്. ബൗളിങ്ങില്‍ രണ്ടാം ഇന്നിങ്സില്‍ ആറ് വിക്കറ്റുകള്‍ നേടിക്കൊണ്ടാണ് അശ്വിന്‍ കരുത്തുകാട്ടിയത്. 21 ഓവറില്‍ 88 റണ്‍സ് വിട്ടു നല്‍കിയാണ് അശ്വിന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കിയത്.
അതേസമയം വിജയത്തോടെ പരമ്പരയില്‍ 1-0ത്തിന് മുന്നിലെത്താനും രോഹിത് ശര്‍മക്കും സംഘത്തിനും സാധിച്ചു. സെപ്റ്റംബര്‍ 27നാണ് പരമ്പരയിലെ രണ്ടാം മത്സരം നടക്കുന്നത്. കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.
Content Highlight: Rohit Sharma Talks About Rishabh Pant