ആ റെക്കോഡ് നേടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല, ഇപ്പോള്‍ എനിക്കത് തകര്‍ക്കണം: രോഹിത് ശര്‍മ
Sports News
ആ റെക്കോഡ് നേടുമെന്ന് സ്വപ്‌നത്തില്‍ പോലും കരുതിയതല്ല, ഇപ്പോള്‍ എനിക്കത് തകര്‍ക്കണം: രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 8th September 2023, 1:37 pm

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരമെന്ന ക്രിസ് ഗെയ്‌ലിന്റെ റെക്കോഡ് തകര്‍ക്കണമെന്ന് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നിലവില്‍ 539 സിക്‌സറുകള്‍ തന്റെ പേരില്‍ കുറിച്ച രോഹിത് ശര്‍മക്ക് 14 സിക്‌സര്‍ നേടിയാല്‍ ഒന്നാമതുള്ള ക്രിസ് ഗെയ്‌ലിനൊപ്പമെത്താനും മറ്റൊരു സിക്‌സര്‍ കൂടി പറത്തിയാല്‍ ഗെയ്‌ലിനെ മറികടക്കാനും സാധിക്കും.

‘ക്രിസ് ഗെയ്‌ലിന്റെ അന്താരാഷ്ട്ര സിക്‌സറുകളുടെ റെക്കോഡ് തകര്‍ക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരിക്കല്‍ പോലും ആ റെക്കോഡ് തകര്‍ക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതിയതല്ല,’ മാധ്യമപ്രവര്‍ത്തകന്‍ വിമല്‍ കുമാറിന്റെ യൂട്യൂബ് ചാനലില്‍ രോഹിത് ശര്‍മ പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റില്‍ 77 സിക്‌സര്‍ നേടിയ രോഹിത് ശര്‍മ ഏകദിനത്തില്‍ 280 സിക്‌സറും ടി-20 ഫോര്‍മാറ്റില്‍ 182 സിക്‌സറുമാണ് സ്വന്തമാക്കിയത്. ടെസ്റ്റില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ 17ാം സ്ഥാനത്താണെങ്കിലും ഏകദിന സിക്‌സറുകളുടെ കണക്കില്‍ മൂന്നാമതും ടി-20യില്‍ ഒന്നാമതുമാണ് ഇന്ത്യന്‍ നായകന്‍.

ഏകദിന ഫോര്‍മാറ്റില്‍ 351 സിക്‌സറുമായി പാക് ഇതിഹാസ താരം ഷാഹിദ് അഫ്രിദിയാണ് ഒന്നാമത്. 331 സിക്‌സറാണ് രണ്ടാമതുള്ള ഗെയ്‌ലിനുള്ളത്.

 

കരിയറിലെ 446 മത്സരത്തിലെ 467 ഇന്നിങ്‌സില്‍ നിന്നുമാണ് രോഹിത് ശര്‍മ 539 സിക്‌സറുകള്‍ സ്വന്തമാക്കിയത്. വരും മത്സരങ്ങളില്‍ രോഹിത് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ താരങ്ങള്‍

(താരം – രാജ്യം – നേടിയ സിക്സര്‍ എന്നീ ക്രമത്തില്‍)

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 553

രോഹിത് ശര്‍മ* – ഇന്ത്യ – 539

ഷാഹിദ് അഫ്രിദി – പാകിസ്ഥാന്‍ – 476

ബ്രണ്ടന്‍ മക്കെല്ലം – ന്യൂസിലാന്‍ഡ് – 398

മാര്‍ട്ടിന്‍ ഗപ്ടില്‍ – ന്യൂസിലാന്‍ഡ് – 383

എം.എസ്. ധോണി – ഇന്ത്യ – 359

അതേസമയം, ഏഷ്യാ കപ്പിലെ സൂപ്പര്‍ ഫോര്‍ മത്സരത്തിലാണ് രോഹിത് ശര്‍മ ഇനി ബാറ്റേന്തുക. സെപ്റ്റംബര്‍ പത്തിന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പാകിസ്ഥാനാണ് എതിരാളികള്‍.

 

ഇതിന് ശേഷം സെപ്റ്റംബര്‍ 12ന് ശ്രീലങ്കയോടും സെപ്റ്റംബര്‍ 15ന് ബംഗ്ലാദേശിനോടും ഇന്ത്യ സൂപ്പര്‍ ഫോറില്‍ കളിക്കും. ഏഷ്യാ കപ്പിന് ശേഷം ഇന്ത്യ-ഓസ്‌ട്രേലിയ ഏകദിന പരമ്പരയും വരുന്നതിനാല്‍ ലോകകപ്പിന് മുമ്പ് തന്നെ രോഹിത് ശര്‍മ ഈ റെക്കോഡ് മറികടക്കുമെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്.

 

Content highlight: Rohit Sharma says he want to brake the record of most international sixes