അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര; രോഹിത്തിനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടം
Cricket
അഫ്ഗാനിസ്ഥാനെതിരെയുള്ള പരമ്പര; രോഹിത്തിനെ കാത്തിരിക്കുന്നത് മറ്റൊരു ചരിത്രനേട്ടം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th January 2024, 7:15 pm

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ അടുത്ത കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു. ടീമില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും ഇടം നേടിയിരുന്നു.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിന് ശേഷം രോഹിത് ശര്‍മയുടെ ടി-20 ഫോര്‍മാറ്റിലെ ഭാവി ക്യാപ്റ്റന്‍സിയെക്കുറിച്ച് ധാരാളം ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം മറികടന്നുകൊണ്ടാണ് രോഹിത് ശര്‍മയെ ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍സ്ഥാനത്ത് നിലനിര്‍ത്തിയത്.

ഇപ്പോഴിതാ വരാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരെയുള്ള ടി-20 പരമ്പരയില്‍ ഇന്ത്യന്‍ നായകനെ കാത്തിരിക്കുന്നത് മറ്റൊരു റെക്കോഡ് നേട്ടമാണ്.

ടി-20 ക്രിക്കറ്റില്‍ 18 സിക്‌സറുകള്‍ കൂടി നേടാന്‍ രോഹിത്തിന് ടി-20 ക്രിക്കറ്റ് ഫോര്‍മാറ്റില്‍ 200 സിക്‌സറുകള്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന റെക്കോഡ് നേട്ടമാണ് രോഹിത്തിനെ കാത്തിരിക്കുന്നത്.

നിലവില്‍ 148 മത്സരങ്ങളില്‍ നിന്നും 182 സിക്‌സറുകളാണ് ഇന്ത്യന്‍ നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്. ന്യൂസിലാന്‍ഡ് ബാറ്റര്‍ മാര്‍ട്ടിന്‍ ഗപ്റ്റില്‍ 173 സിക്‌സറുകള്‍ നേടി രണ്ടാം സ്ഥാനത്തുണ്ട്.

അടുത്തിടെ സിക്‌സറുകളുടെ മറ്റൊരു നേട്ടവും രോഹിത് സ്വന്തമാക്കിയിരുന്നു. ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നാല് വ്യത്യസ്തമായ കലണ്ടര്‍ ഇയറില്‍ 50+ സിക്‌സറുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമായിരുന്നു രോഹിത് സ്വന്തമാക്കിയത്. 2017, 2018, 2019, 2023 എന്നീ വര്‍ഷങ്ങളിലാണ് രോഹിത് 50+ സിക്‌സറുകള്‍ നേടിയത്.

കഴിഞ്ഞ ഐ.സി.സി ഏകദിന ലോകകപ്പിലും രോഹിത് സിക്സറുകളിലൂടെ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. ലോകകപ്പില്‍ 50+ സിക്സറുകള്‍ നേടുന്ന ആദ്യ ബാറ്റര്‍ എന്ന നേട്ടമാണ് രോഹിത് സ്വന്തം പേരിലാക്കി മാറ്റിയത്. 49 സിക്സുകള്‍ നേടിയ ഗെയ്‌ലിന്റെ റെക്കോഡ് ആയിരുന്നു രോഹിത് മറികടന്നത്.

രോഹിത്തിന്റെ കീഴില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനമായിരുന്നു ലോകകപ്പില്‍ കാഴ്ചവെച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ തുടര്‍ച്ചയായി പത്ത് മത്സരങ്ങള്‍ വിജയിച്ചുകൊണ്ടായിരുന്നു രോഹിത്തും സംഘവും സെമിയിലേക്ക് മുന്നേറിയത്. എന്നാല്‍ ഫൈനലില്‍ ഓസ്ട്രേലിയയോട് പരാജയപ്പെട്ട് ഇന്ത്യക്ക് കിരീടം നഷ്ടമാവുകയായിരുന്നു.

അതേസമയം രോഹിതിന്റെ കീഴിൽ സൗത്ത് ആഫ്രിക്കക്കെതിരെയുള്ള ടെസ്റ്റ്‌ പരമ്പര ഇന്ത്യ 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞിരുന്നു. കേപ്ടൗണിൽ ആദ്യ ടെസ്റ്റ് വിജയൻ ജയിക്കുന്ന ഏഷ്യൻ ക്യാപ്റ്റൻ എന്ന നേട്ടവും രോഹിത് ശർമ സ്വന്തം പേരിൽക്കുറിച്ചിരുന്നു.

Content Highlight: Rohit Sharma needs just 18 sixes to become the first cricketer ever to complete 200 sixes in T20.