ഒരു പതിറ്റാണ്ടിലധികമായി തുടരുന്ന കിരീട വരള്‍ച്ചക്ക് അന്ത്യമിടാനാണ് ഇന്ത്യ വെസ്റ്റ് ഇന്‍ഡീസിലേക്ക് പറന്നിരിക്കുന്നത്. 2013 ചാമ്പ്യന്‍സ് ട്രോഫിക്ക് ശേഷം ഒറ്റ ഐ.സി.സി കിരീടം പോലും നേടാന്‍ സാധിക്കാത്ത ടീമെന്ന അപമാന ഭാരം 2024 ടി-20 ലോകകപ്പില്‍ കഴുകിക്കളയുക എന്ന ലക്ഷ്യം തന്നെയാകും മെന്‍ ഇന്‍ ബ്ലൂവിനുണ്ടാവുക.
2023 ഏകദിന ലോകകപ്പിലടക്കം അവസാന ലാപ്പില്‍ കാലിടറിയ ഓര്‍മകള്‍ മുറിവില്‍ ഉപ്പുപുരട്ടുമ്പോള്‍ കിരീട നേട്ടം മാത്രമാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്കുണ്ടാവുക. ഇന്ത്യയെ ഏഷ്യന്‍ ചാമ്പ്യന്‍മാരാക്കിയ രോഹിത്തിന്റെ മുമ്പില്‍ ടീമിനെ വിശ്വവിജയികളാക്കുക എന്നത് മാത്രമാണ് ഏകലക്ഷ്യം.
ലോകകപ്പ് കിരീടം ലക്ഷ്യം വെക്കുന്ന രോഹിത്തിനെ മറ്റ് ചില റെക്കോഡ് നേട്ടങ്ങളും ഐ.സി.സി. ബിഗ് ഇവന്റില്‍ കാത്തിരിക്കുന്നുണ്ട്.
അന്താരാഷ്ട്ര ടി-20യില്‍ 4,000 റണ്‍സ് എന്ന നേട്ടമാണ് ഇന്ത്യന്‍ നായകന് മുമ്പിലുള്ളത്. നിലവില്‍ 3,974 റണ്‍സ് സ്വന്തമാക്കിയ രോഹിത്തിന് ലോകകപ്പില്‍ 26 റണ്‍സ് കൂടി കണ്ടെത്താന്‍ സാധിച്ചാല്‍ ഈ നാഴികക്കല്ലിലെത്താം.
ഈ നേട്ടം സ്വന്തമാക്കുന്ന മൂന്നാമത് ബാറ്റര്‍ എന്ന നേട്ടവും രോഹിത്തിനെ കാത്തിരിക്കുന്നുണ്ട്. ഇന്ത്യന്‍ ഇതിഹാസം വിരാട് കോഹ്‌ലി, പാക് നായകന്‍ ബാബര്‍ അസം എന്നിവര്‍ മാത്രമാണ് അന്താരാഷ്ട്ര ടി-20യില്‍ 4,000 ക്ലബ്ബിലെത്തിയ ബാറ്റര്‍മാര്‍.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാം മത്സരത്തിലാണ് ബാബര്‍ 4,000 റണ്‍സ് പിന്നിട്ടത്. ബാബറിന് മുമ്പ് രോഹിത് ശര്‍മ ഈ നേട്ടത്തിലെത്തുമെന്നാണ് ആരാധകര്‍ കരുതിയിരുന്നത്. എന്നാല്‍ പാക് നായകന്‍ രോഹിത്തിനെ മറികടന്ന് വിരാടിനൊപ്പമെത്തുകയായിരുന്നു.
2007ല്‍ ടി-20 കരിയര്‍ ആരംഭിച്ച രോഹിത്, 151 മത്സരത്തിലെ 143 ഇന്നിങ്‌സില്‍ നിന്നും 31.79 ആവറേജിലും 139.97 സ്‌ട്രൈക്ക് റേറ്റിലുമാണ് 3,974 റണ്‍സ് നേടിയത്. അഞ്ച് തവണ അന്താരാഷ്ട്ര ടി-20യില്‍ സെഞ്ച്വറി നേടിയ രോഹിത്തിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 121* ആണ്. 29 അര്‍ധ സെഞ്ച്വറികളും ഹിറ്റ്മാന്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.
ഇതിന് പുറമെ വരുന്ന ലോകകപ്പില്‍ 10 സിക്‌സര്‍ കൂടി നേടാന്‍ സാധിച്ചാല്‍ മറ്റൊരു നേട്ടവും രോഹിത്തിന് തന്റെ പേരില്‍ കുറിക്കാന്‍ സാധിക്കും. ടി-20ഐയില്‍ 200 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന നേട്ടമാണ് ഹിറ്റ്മാനെ കാത്തിരിക്കുന്നത്. നിലവില്‍ 190 സിക്‌സറുമായി സിക്‌സറടിവീരന്‍മാരുടെ ലിസ്റ്റില്‍ ഒന്നാമതാണ് രോഹിത്.
അയര്‍ലാന്‍ഡിനെതിരെയാണ് ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ജൂണ്‍ അഞ്ചിന് നടക്കുന്ന മത്സരത്തിന് ഈസ്റ്റ് മെഡോയാണ് വേദിയാകുന്നത്.
ലോകകപ്പിലെ ഇന്ത്യയുടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങള്‍
ജൂണ്‍ 05 – vs അയര്‍ലന്‍ഡ് – ഈസ്റ്റ് മെഡോ
ജൂണ്‍ 09 – vs പാകിസ്ഥാന്‍ – ഈസ്റ്റ് മെഡോ
ജൂണ്‍ 12 – vs യു.എസ്.എ – ഈസ്റ്റ് മെഡോ
ജൂണ്‍ 15 vs കാനഡ – സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജ്യണല്‍ പാര്‍ക്