അവര്‍ മികച്ച ടീമാണ്, അവരോടൊപ്പം കളിക്കുന്നതില്‍ സന്തോഷമാണ്; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ
Sports News
അവര്‍ മികച്ച ടീമാണ്, അവരോടൊപ്പം കളിക്കുന്നതില്‍ സന്തോഷമാണ്; വെളിപ്പെടുത്തലുമായി രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th April 2024, 2:27 pm

ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ആവേശ മത്സരമാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാലും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളാലും മത്സരങ്ങള്‍ നടക്കാതെ പോകുകയായിരുന്നു.

എന്നാല്‍ പാകിസ്ഥാനെതിരെ കളിക്കുന്നതില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പ്രശ്നങ്ങളൊന്നുമില്ല എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. പാകിസ്ഥാന്‍ മികച്ച ടീമാണെന്നും അവര്‍ക്ക് മികച്ച താരങ്ങള്‍ ഉണ്ടെന്നുമാണ് രോഹിത് അഭിപ്രായപ്പെട്ടത്. ക്ലബ് പ്രേരി പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു രോഹിത്.

‘അതെ പാകിസ്ഥാന്‍ മികച്ച ടീമാണ്, അവര്‍ക്ക് മികച്ച ബൗളിങ് നിരയുണ്ട്. വിദേശ സാഹചര്യങ്ങളില്‍ അവര്‍ക്കെതിരെ ടെസ്റ്റ് കളിക്കുന്നത് സന്തോഷകരമാണ്. വളരെക്കാലമായി ഞങ്ങള്‍ അവര്‍ക്കെതിരെ ഒരു ടെസ്റ്റ് പോലും കളിച്ചിട്ടില്ല. 2006ലോ 2008ലോ ആണ് അവസാനമായി ഇരു ടീമുകളും മത്സരിച്ചത്. ഒരു മത്സരത്തില്‍ വസീം ജാഫര്‍ ഇരട്ട സെഞ്ച്വറി നേടിയിരുന്നു,

അവര്‍ക്കെതിരെ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ ഞാന്‍ തയ്യാറാണ്. ഐ.സി.സി ടൂര്‍ണമെന്റില്‍ ഞങ്ങള്‍ അവരോടൊപ്പം കളിക്കുന്നു. ഇരു ടീമുകളും തമ്മില്‍ മികച്ച മത്സരമായിരിക്കും നടക്കുക. മറ്റൊന്നിനെക്കുറിച്ചും എനിക്ക് ആശങ്കയില്ല. ബാറ്റും പന്തും തമ്മിലുള്ള നല്ല പോരാട്ടമാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ രോഹിത് ശര്‍മ പറഞ്ഞു.

ടെസ്റ്റ് ഫോര്‍മാറ്റ് സജീവമാക്കി നിലനിര്‍ത്താന്‍ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു ടെസ്റ്റ് പരമ്പര സംഘടിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണ്‍ പറഞ്ഞു.

‘കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടെസ്റ്റ് ക്രിക്കറ്റ് ഒരുപാട് കടന്നുപോയി. ഇന്ത്യയും പാക്കിസ്ഥാനും ഒരു ടെസ്റ്റ് പരമ്പര കളിക്കുന്നത് ഫോര്‍മാറ്റ് കൂടുതല്‍ രസകരവും ആകര്‍ഷകവുമാക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. രാഷ്ട്രീയം കാരണം ഇരുവര്‍ക്കും അവരുടെ ഗ്രൗണ്ടില്‍ കളിക്കാന്‍ കഴിയില്ലെന്ന് എനിക്കറിയാം. യുകെ, അബുദാബി, ദുബായ് എന്നിവിടങ്ങളില്‍ ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാം,’ മൈക്കല്‍ വോണ്‍ പറഞ്ഞു.

Content highlight: Rohit Sharma Like To Play With Pakistan