421 ദിവസത്തിന് ശേഷമുള്ള ആദ്യ റണ്‍സ് അവസാനിച്ചത് സെഞ്ച്വറിയില്‍, ഐതിഹാസിക നേട്ടം; Remember The Name, ROHIT GURUNATH SHARMA
Sports News
421 ദിവസത്തിന് ശേഷമുള്ള ആദ്യ റണ്‍സ് അവസാനിച്ചത് സെഞ്ച്വറിയില്‍, ഐതിഹാസിക നേട്ടം; Remember The Name, ROHIT GURUNATH SHARMA
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th January 2024, 9:07 pm

അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. ടീമിന്റെ മുന്‍നിര തകര്‍ന്നടിഞ്ഞതിന് പിന്നാലെ ആതിഥേയര്‍ സമ്മര്‍ദത്തിലായിരുന്നു. എന്നാല്‍ പതിഞ്ഞ് തുടങ്ങിയ രോഹിത് പിന്നീട് ദി റിയല്‍ ഹിറ്റ്മാനായി മാറുകയായിരുന്നു.

69 പന്തില്‍ 121 റണ്‍സ് നേടിയാണ് രോഹിത് ഇന്ത്യയെ കൈപിടിച്ചുയര്‍ത്തിയത്. 41 പന്തില്‍ 50 റണ്‍സ് നേടിയ രോഹിത് അടുത്ത 23 പന്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുകയായിരുന്നു. 11 ഫോറും എട്ട് സിക്‌സറും അടക്കം 175.36 എന്ന സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

അവസാന മൂന്ന് ടി-20യിലും പൂജ്യത്തിന് പുറത്തായ രോഹിത് സെഞ്ച്വറിയോടെ തന്റെ ഫോമിന് ഒരു കോട്ടവും തട്ടിയിട്ടില്ല എന്ന് ഈ ഇന്നിങ്‌സിലൂടെ അടിവരയിടുകയായിരുന്നു.

പരമ്പരയിലെ ആദ്യ രണ്ട് ഇന്നിങ്‌സിലും രോഹിത് പൂജ്യത്തിനായിരുന്നു പുറത്തായത്. ആദ്യ മത്സരത്തില്‍ റണ്‍ ഔട്ടായി മടങ്ങിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ഫസലാഖ് ഫാറൂഖിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങിയിരുന്നു.

ഇതിന് മുമ്പ് 2022ല്‍ സൗത്ത് ആഫ്രിക്കക്കെതിരെ നടന്ന മത്സരത്തിലും താരം പൂജ്യത്തിനാണ് പുറത്തായത്. ഇതോടെ ടി-20യില്‍ രോഹിത്തിന്റെ മടങ്ങി വരവിനാണ് ആരാധകര്‍ കാത്തിരുന്നത്. ആദ്യ രണ്ട് ഇന്നിങ്‌സിലും പൂജ്യത്തിന് പുറത്തായെങ്കിലും പരമ്പരയിലെ മൂന്നാം മത്സരത്തില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് രോഹിത് ഇന്ത്യയുടെ രക്ഷകനായത്.

കരിയറിലെ അഞ്ചാം ടി-20 സെഞ്ച്വറിയാണ് രോഹിത് ചിന്നസ്വാമിയില്‍ പൂര്‍ത്തിയാക്കിയത്. ഇതോടെ ഏറ്റവുമധികം ടി-20 സെഞ്ച്വറി നേടിയ താരം എന്ന നേട്ടവും രോഹിത് തന്റെ പേരിലെഴുതിച്ചേര്‍ത്തു.

ടീം സ്‌കോര്‍ 22ല്‍ നില്‍ക്കവെ ആദ്യ നാല് വിക്കറ്റും നഷ്ടപ്പെട്ട ഇന്ത്യ പരാജയം മുമ്പില്‍ കണ്ടിരുന്നു. എന്നാല്‍ ആറാം നമ്പറില്‍ ഇറങ്ങിയ റിങ്കു സിങ്ങിനെ ഒപ്പം കൂട്ടി രോഹിത് സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു.

തന്റെ പതിവ് രീതിയില്‍ നിന്നും വ്യത്യസ്തമായി റിങ്കുവും പതിഞ്ഞാണ് തുടങ്ങിയത്. എന്നാല്‍ രോഹിത് ഹിറ്റ്മാനായപ്പോള്‍ റിങ്കു സിങ്ങും ബീസ്റ്റ് മോഡിലേക്ക് ഗിയര്‍ മാറ്റി.

ആറ് സിക്‌സറും രണ്ട് ബൗണ്ടറിയുമടക്കം 39 പന്തില്‍ പുറത്താകാതെ 69 റണ്‍സാണ് റിങ്കു നേടിയത്. താരത്തിന്റെ കരിയറിലെ രണ്ടാം ടി-20 സെഞ്ച്വറിയാണിത്.

അതേസമയം, നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സാണ് ഇന്ത്യ സ്വന്തമാക്കിയത്. ടീം സ്‌കോര്‍ 22ല്‍ നില്‍ക്കവെ ക്രീസിലെത്തിയ റിങ്കുവും രോഹിത്തും ചേര്‍ന്ന് 190 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

പരമ്പരയിലെ ആദ്യ രണ്ട് മത്സരവും വിജയിച്ച ഇന്ത്യ മൂന്നാം മത്സരവും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

 

Content Highlight: Rohit Sharma hits century against Afghanistan