ഒന്നല്ല പത്ത് മത്സരത്തില്‍ സഞ്ജു ഇന്ത്യക്കായി കളിക്കണം, ബാക്കി അപ്പോള്‍ കാണാം; സഞ്ജുവിനായി വാദിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം
Sports News
ഒന്നല്ല പത്ത് മത്സരത്തില്‍ സഞ്ജു ഇന്ത്യക്കായി കളിക്കണം, ബാക്കി അപ്പോള്‍ കാണാം; സഞ്ജുവിനായി വാദിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 22nd January 2023, 12:15 pm

ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തിലെ ആദ്യ മത്സരത്തിനിടെ പരിക്കേറ്റ സഞ്ജു സാംസണ് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായിരുന്നു. കാല്‍മുട്ടിനേറ്റ പരിക്കാണ് താരത്തെ പരമ്പരയില്‍ നിന്നും പിന്നോട്ട് വലിച്ചത്.

ഇന്ത്യന്‍ ടീമില്‍ സ്ഥിരം സാന്നിധ്യമല്ലാതിരുന്ന സഞ്ജു സാംസണ് വീണുകിട്ടിയ അവസരം ശരിയായി വിനിയോഗിക്കാന്‍ പോലും ഈ പരമ്പരയില്‍ അവസരം ലഭിച്ചിരുന്നില്ല.

ഏകദിന ബാറ്ററെന്ന നിലയില്‍ തന്റെ പ്രതിഭ പലപ്പോഴായി തെളിയിച്ച സഞ്ജുവിന് വരാനിരിക്കുന്ന ലോകകപ്പ് സ്‌ക്വാഡില്‍ ഇടം ലഭിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല.

നിരന്തരമായി അവസരം ലഭിച്ചാല്‍ മാത്രമേ തന്റെ കളി മികവ് സെലക്ടര്‍മാര്‍ക്കും മാനേജ്‌മെന്റിനും കാണിച്ചുകൊടുക്കാന്‍ സഞ്ജുവിന് സാധിക്കുകയുള്ളൂ, എന്നാല്‍ ഇന്ത്യയുടെ കരിനീല ജേഴ്‌സിയില്‍ കളിക്കാന്‍ വേണ്ടത്ര അവസരം ലഭിക്കാത്തതാണ് സഞ്ജുവിന് തിരിച്ചടിയായിരിക്കുന്നത്.

എന്നാല്‍ സഞ്ജു സാംസണ് സ്ഥിരമായി അവസരം നല്‍കാന്‍ ആവശ്യപ്പെടുകയാണ് സൂപ്പര്‍ താരം റോബിന്‍ ഉത്തപ്പ. സഞ്ജുവിന്റെ പ്രതിഭ തെളിയിക്കാന്‍ പത്ത് മത്സരത്തിലെങ്കിലും തുടര്‍ച്ചയായി അവസരം നല്‍കണമെന്നും ഉത്തപ്പ പറഞ്ഞു.

‘സഞ്ജു സാംസണ്‍ തുടര്‍ച്ചയായി അവസരങ്ങള്‍ അര്‍ഹിക്കുന്നുണ്ട്. അവന് ടോപ് ഓര്‍ഡറിലും ഫിനിഷറുടെ റോളിലും കളിക്കാന്‍ സാധിക്കും. വളരെ മികച്ച ഫീല്‍ഡറും വിക്കറ്റ് കീപ്പറുമാണ് സഞ്ജു. അതിനാല്‍ തന്നെ അവന്റെ പ്രതിഭ തെളിയിക്കാന്‍ തുടര്‍ച്ചയായി പത്ത് മത്സരമെങ്കിലും അവന് നല്‍കണം,’ ഉത്തപ്പ പറഞ്ഞു.

നേരത്തെ ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും ഇതേ കാര്യം ആവശ്യപ്പെട്ടിരുന്നു. വല്ലപ്പോഴും മാത്രം ടീമിലെടുത്ത് ഒഴിവാക്കുന്നതിന് പകരം അവന് സ്ഥിരമായി അവസരം നല്‍കണമെന്നായിരുന്നു ശാസ്ത്രി ആവശ്യപ്പെട്ടത്.

അവസരം ലഭിച്ചപ്പോഴെല്ലാം തന്നെ താരതമ്യേന മികച്ച പ്രകടനമായിരുന്നു സഞ്ജു നടത്തിയത്. ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനിടെ ഇന്ത്യയെ പരമ്പര തോല്‍വിയില്‍ നിന്നും രക്ഷിച്ചത് വിക്കറ്റ് കീപ്പറായിരുന്ന സഞ്ജുവിന്റെ തകര്‍പ്പന്‍ പ്രകടനം തന്നെയാണ്.

അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച ശേഷം സഞ്ജുവിന് ഏറ്റവുമധികം അവസരം ലഭിച്ചത് ഒരുപക്ഷേ കഴിഞ്ഞ വര്‍ഷമായിരിക്കും. ഇന്ത്യയുടെ സിംബാബ്‌വേ, വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലും സൗത്ത് ആഫ്രിക്കക്കെതിരായ പരമ്പരയിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തിനുള്ള സ്‌ക്വാഡില്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും ഒറ്റ മത്സരം മാത്രമായിരുന്നു സഞ്ജുവിന് കളിക്കാന്‍ സാധിച്ചത്.

 

Content Highlight: Robin Uthappa wants to give Sanju Samson a chance in at least 10 consecutive matches