Advertisement
DSport
അർജന്റൈൻ സൂപ്പർ താരത്തിന്റെ വീട്ടിൽ കവർച്ച; അക്രമകാരികളെ പൊലീസ് കീഴടക്കി
സ്പോര്‍ട്സ് ഡെസ്‌ക്
2022 Oct 07, 03:56 pm
Friday, 7th October 2022, 9:26 pm

ഫുട്‌ബോൾ താരങ്ങളുടെ വീട്ടിൽ കൊള്ളയടി നടക്കുന്ന സംഭവം പലപ്പോഴായി ഉണ്ടായിട്ടുണ്ട്. അർജന്റൈൻ സൂപ്പർതാരത്തിന്റെ വീട്ടിൽ കവർച്ച നടന്നുവെന്ന വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

നിലവിൽ യുവന്റസ് ക്ലബ്ബിലെ താരമായ എയ്ഞ്ചൽ ഡി മരിയയുടെ വീട്ടിലാണ് കവർച്ച നടന്നിരിക്കുന്നത്. എന്നാൽ അപായങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇറ്റാലിയൻ വാർത്താ ഏജൻസിയായ ലാ ഗസറ്റ ഡെല്ലോ സ്‌പോർട്ടാണ് വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഡി മരിയയുടെ ഇറ്റലിയിലെ വീട്ടിലാണ് സംഭവം. താരത്തിന്റെ ടുറിനിലെ കോർസോ പിക്കോയിലുള്ള വീട്ടിൽ ഇന്നലെയാണ് അക്രമകാരികൾ കൊള്ളയടിക്കാൻ ശ്രമം നടത്തിയത്. സംഭവം നടക്കുമ്പോൾ താരം കുടുംബത്തോടൊപ്പം വീട്ടിലുണ്ടായിരുന്നു. മാത്രമല്ല യുവന്റസ് ക്ലബ്ബിലെ താരത്തിന്റെ സഹതാരമായ വ്‌ലഹോവിച്ചും വീട്ടിലുണ്ടായിരുന്നു.

അക്രമകാരികൾ വീടിന്റെ മതിൽ ചാടിക്കടന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ പ്രൈവറ്റ് സെക്യൂരിറ്റി സർവീസലുണ്ടായിരുന്നവർ പിടികൂടുകയായിരുന്നു. തുടർന്ന് സംഭവ സ്ഥലത്തെത്തിയ പൊലീസ് അക്രമ സംഘത്തെ കസ്റ്റഡിയിലെടുത്തു. ആയുധ ധാരികളായ നാലംഗ സംഘത്തെയാണ് താരത്തിന്റെ വീട്ടിൽ നിന്ന് പിടികൂടിയത്.

ഡി മരിയയുടെ വീട്ടിൽ ഇത് ആദ്യത്തെ സംഭവമല്ല. മുമ്പ് ഇംഗ്ലണ്ടിലും ഫ്രാൻസിലുമുള്ള വസതികളിലും സമാന സംഭവം ഉണ്ടായിട്ടുണ്ട്. താരം മാഞ്ചസ്റ്റർ യുണൈറ്റഡിലായിരുന്നപ്പോഴായിരുന്നു അത്. ഒരുകൂട്ടം അക്രമകാരികൾ വീടിന്റെ പിൻവാതിലിലൂടെ അതിക്രമിച്ച് കയറാൻ ശ്രമിക്കുകയും അലാറം സിസ്റ്റം പ്രവർത്തിച്ചതോടെ സംഘം പിന്തിരിഞ്ഞോടുകയുമായിരുന്നു.

പാരീസിലെ വീട്ടിലായിരുന്നപ്പോൾ താരത്തിന്റെ വീട്ടിൽ നിന്ന് പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും മോഷണം പോയിട്ടുണ്ട്. അന്ന് ഡി മരിയയുടെയും സഹതാരത്തിന്റെയും വീടുകൾ സംഘം ലക്ഷ്യം വച്ചതായി വർത്താ ഏജൻസിയായ എൽ. എക്വിപ്പ് റിപ്പോർട്ട് ചെയ്തിരുന്നു.

Content Highlights: Robery In Argentine player Angel D Maria’s House