Football
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളുടെ പേര് പറഞ്ഞ് ലെവന്‍ഡോസ്‌കി; പട്ടികയില്‍ മെസിയും ഹാലണ്ടും ഇല്ല
സ്പോര്‍ട്സ് ഡെസ്‌ക്
2023 Apr 12, 07:11 am
Wednesday, 12th April 2023, 12:41 pm

കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും മികച്ച താരങ്ങളുടെ പട്ടികയെടുത്താല്‍ അതിലൊരാള്‍ ബാഴ്‌സലോണയുടെ പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയാണ്. തന്റെ കാഴ്ചപ്പാടില്‍ ലോകത്തെ ഏറ്റവും മികച്ച താരങ്ങളുടെ പേര് പറഞ്ഞിരിക്കുകയാണ് താരം. എന്നാല്‍ പട്ടികയില്‍ അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസിയും നോര്‍വീജിയന്‍ ഗോളടി യന്ത്രം എര്‍ലിങ് ഹാലണ്ടും ഇല്ല.

ലോകത്തിലെ ഏറ്റവും മികച്ച ഫോര്‍വേഡുകളില്‍ താന്‍ തെരഞ്ഞെടുക്കുക കരിം ബെന്‍സെമ, ടിമോ വെര്‍ണര്‍, ലൂയിസ് സുവാരസ്, കുന്‍ അഗ്വേറോ, കിലിയന്‍ എംബാപ്പെ എന്നിവരുടെ പേരുകളാണെന്നാണ് ലെവന്‍ഡോസ്‌കി പറഞ്ഞത്. താരം കുറച്ച് സീസണുകള്‍ മുമ്പ് നല്‍കിയ അഭിമുഖത്തെ ഉദ്ധരിച്ച് എല്‍ ഫുട്‌ബോളെറോ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

‘ലോകത്തിലെ ഏറ്റവും മികച്ച മുന്നേറ്റ നിര താരങ്ങളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ കരിം ബെന്‍സെമ, ടിമോ വെര്‍ണര്‍, ലൂയിസ് സുവാരസ്, കുന്‍ അഗ്വേറോ, കിലിയന്‍ എംബാപ്പെ എന്നിവരുടെ പേരുകള്‍ പറയും. ഹാലണ്ടിനെ കുറിച്ച് പറയുകയാണെങ്കില്‍ അവന്‍ നല്ല പൊട്ടന്‍ഷ്യല്‍ ഉള്ള താരമാണ്.

അവന് വളരാന്‍ ഇനിയും ധാരാളം സമയമുണ്ട്. എന്റെ പ്രസ്താവനയിലൂടെ അവനെ സമ്മര്‍ദത്തിലാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല,’ ലെവന്‍ഡോസ്‌കി പറഞ്ഞു.

അതേസമയം, ബയേണ്‍ മ്യൂണിക്കിന്റെ ഗോളടി യന്ത്രം എന്നറിയപ്പെട്ടിരുന്ന പോളണ്ട് സൂപ്പര്‍താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കി കഴിഞ്ഞ സീസണിലാണ് ബാഴ്‌സലോണയിലെത്തിയത്. 34കാരനായ താരത്തെ 45 മില്യണ്‍ യൂറോക്ക് ബാഴ്‌സ സ്വന്തമാക്കുകയായിരുന്നു. ബാഴസലോണക്കായി മികച്ച പ്രകടനമാണ് താരം പുറത്തെടുക്കുന്നത്.

ലാ ലിഗയില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ ബാഴ്‌സലോണ സമനില വഴങ്ങിയിരുന്നു. ക്യാമ്പ് നൗവില്‍ ബ്ലൂഗ്രാനയും ജിറോണയും തമ്മില്‍ നടന്ന മത്സരമാണ് ഗോള്‍ രഹിത സമനിലയില്‍ അവസാനിച്ചത്.
ലാ ലിഗയുടെ പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്‌സലോണ. 13 പോയിന്റ് വ്യത്യാസത്തില്‍ രണ്ടാം സ്ഥാനത്താണ് റയല്‍ മാഡ്രിഡ്.

ഏപ്രില്‍ 16ന് ഗെറ്റാഫെക്കെതിരെയാണ് ബാഴ്‌സലോണയുടെ അടുത്ത മത്സരം.

Content Highlights: Robert Lewandowski names best players in the world