ഇക്കഴിഞ്ഞ സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ എതിരാളികളെ ഞെട്ടിച്ച പല നീക്കങ്ങളും ബാഴ്‌സലോണ നടത്തിയിരുന്നു. ലെവന്‍ഡോസ്‌കി അടക്കം പല സൂപ്പര്‍ താരങ്ങളെയും കറ്റാലന്‍മാര്‍ തങ്ങളുടെ പാളയത്തിലെത്തിച്ചിരുന്നു.
ബയേണ്‍ മ്യൂണിക്കില്‍ നിന്നുമായിരുന്നു ലെവന്‍ഡോസ്‌കിയെ ബാഴ്‌സ തങ്ങളുടെ തട്ടകത്തിലെത്തിച്ചത്. എന്നാല്‍ ബയേണ്‍ ആരാധകര്‍ക്ക് ഇക്കാര്യത്തില്‍ താരത്തോട് വിയോജിപ്പുണ്ടായിരുന്നു. ലെവ ടീം വിടുന്നത് ഒരാള്‍ക്ക് പോലും സ്വീകാര്യമായിരുന്നില്ല. എന്നാല്‍ ഇതെല്ലാം തള്ളി താരം ക്യാമ്പ് നൗവിലെത്തുകയായിരുന്നു.
ഈയൊരു പശ്ചാത്തലത്തില്‍ ലെവന്‍ഡോസ്‌കി ബയേണില്‍ പരിശീലനത്തിനെത്തിയിരുന്നു. എന്നാല്‍ ഹലാ മാഡ്രിഡ് (Hala Madrid) വിളി മുഴക്കി അദ്ദേഹത്തെ പ്രകോപിക്കാനാണ് ചില ആരാധകര്‍ ശ്രമിച്ചത്.
എന്നാല്‍ ഇതുകേട്ടപ്പോള്‍ തനിക്ക് ചിരിയാണ് വന്നതെന്നായിരുന്നു താരം പറഞ്ഞത്. സ്‌പോര്‍ട് വണ്ണിനോടായിരുന്നു താരം മനസുതുറന്നത്.
‘ബയേണുമായി കാര്യങ്ങള്‍ അവസാനിച്ച രീതിയില്‍ ഞാന്‍ ദുഃഖിതനാണ്. അത് പല ആരാധകരേയും വേദനിപ്പിച്ചിട്ടുണ്ടെന്നും എനിക്കറിയാം. അത് മനസിലാക്കാന്‍ എനിക്ക് സാധിക്കും. ഞാന്‍ അതിന് ക്ഷമ ചോദിക്കുന്നു.
ആ സമയത്ത് ഞാനൊരു മാറ്റത്തിന് തയ്യാറാണെന്ന് വ്യക്തമാക്കേണ്ടത് പ്രധാനമാണ്. ഈയൊരു മാറ്റം എന്നെ സംബന്ധിച്ച് അനിവാര്യമായിരുന്നു. മറ്റൊരു രാജ്യത്തേക്ക്, മറ്റൊരു ക്ലബ്ബിലേക്ക് പോയപ്പോള്‍ പുതിയ കളിപ്പാട്ടം കിട്ടിയ കുട്ടിയെ പോലെ ആയിരുന്നു ഞാന്‍.
ബയേണിന്റെ ക്യാമ്പില്‍ നിന്നും മടങ്ങുമ്പോള്‍ ചില ബയേണ്‍ ആരാധകര്‍ റയലിന്റെ ഹലാ മാഡ്രിഡ് വിളിച്ചിരുന്നു. അതെ ഞാനത് കേട്ടിരുന്നു. അത് കേട്ട് ഞാന്‍ ചിരിക്കുകയായിരുന്നു,’ ലെവന്‍ഡോസ്‌കി പറഞ്ഞു.
എന്നാല്‍ അവിടെയും ചിലര്‍ തന്റെ പേര് ചാന്റ് ചെയ്തിരുന്നുവെന്നും അത് തനിക്ക് സന്തോഷമുണ്ടാക്കിയെന്നും ലെവന്‍ഡോസ്‌കി പറയുന്നു.
‘കഴിഞ്ഞ ആഴ്ചകളായി ഞാന്‍ എന്റെ ആരാധകരെ കണ്ടുമുട്ടിയിരുന്നു. അവര്‍ക്ക് എന്റെ സാഹചര്യം മനസിലാക്കാന്‍ സാധിച്ചു. അവര്‍ എനിക്ക് എല്ലാ വിധത്തിലുള്ള ആശംസയും നേര്‍ന്നിരുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവില്‍ ബാഴ്‌സയുടെ മുന്നേറ്റ നിരിയലെ കുന്തമുനയാണ് ലെവന്‍ഡോസ്‌കി. സൂപ്പര്‍ താരം പെഡ്രിയുമൊത്ത് മികച്ച കെമിസ്ട്രി വര്‍ക് ചെയ്യുന്ന ലെവന്‍ഡോസ്‌കി ബാഴ്‌സയ്ക്ക് പലതും നേടിക്കൊടുക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Robert Lewandowski about Bayern Munich fans