നിറഞ്ഞാടിയ പത്ത് വര്‍ഷം; ബയേണ്‍ മ്യൂണിക്കിനോട് വിട പറഞ്ഞ് ആര്യന്‍ റോബന്‍
Football
നിറഞ്ഞാടിയ പത്ത് വര്‍ഷം; ബയേണ്‍ മ്യൂണിക്കിനോട് വിട പറഞ്ഞ് ആര്യന്‍ റോബന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 2nd December 2018, 10:38 pm

മ്യൂണിക്ക്: ബയേണ്‍ മ്യൂണിക്കിലെ പത്ത് വര്‍ഷത്തെ കളി ജീവതത്തിന് വിരാമമിട്ട് ആര്യന്‍ റോബന്‍. ഈ സീസണ്‍ അവസാനത്തോടെ താന്‍ ക്ലബ്ബിനോട് വിട പറയുമെന്നാണ് താരം അറിയിച്ചിരിക്കുന്നത്.

ബയേണുമായുള്ള പത്ത് വര്‍ഷത്തെ കരാരാണ് ഇതോടെ റോബന്‍ അവസാനിപ്പിക്കുന്നത്. 2009 ലാണ് നെതര്‍ലാന്‍ഡ് ദേശീയ താരമായിരുന്ന റോബന്‍ ജര്‍മ്മന്‍ ചാംപ്യന്മാരുടെ ടീമിലെത്തുന്നത്.

ആക്രമണനിരയിലെ കളിക്കാരനായ റോബന്‍ ഇടതോ വലതോ വശങ്ങളിലെ വിങ്ങറായാണ് സാധാരണ കളിക്കുന്നത്. ഡ്രിബ്ലിങ്ങിളും വേഗതയിലും പന്ത് ക്രോസ് ചെയ്യാനുള്ള കഴിവിലും പേര് കേട്ട താരം വലത് വശത്ത് നിന്ന് ഇടതു കാല്‍ കൊണ്ട് തൊടുക്കുന്ന കൃത്യതയേറിയ ലോങ്ങ് റേഞ്ച് ഷോട്ടുകള്‍ എന്നും ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.

ക്രിസ്റ്റിയാനോ റൊണാള്‍ഡോ, കക എന്നിവര്‍ മാഡ്രിഡില്‍ എത്തിയതോടെ ടീമില്‍ ഇടം നഷ്ടപ്പെട്ട റോബന്‍ ജര്‍മ്മനിയില്‍ എത്തിയതോടെ ബയേണിന്റെ ഒഴിച്ചുകൂടാനാകാത്ത ഘടകമാവുകയായിരുന്നു റോബന്‍.

ബവേറിയന്മാര്‍ക്കൊപ്പം 7 ബുണ്ടസ് ലീഗ കിരീടങ്ങള്‍, 4 ഡി.എഫ്.ബി പോകല്‍ കിരീടം എന്നിവ നേടി. 2013 ല്‍ വെംബ്ലിയില്‍ ഡോര്‍ട്ട്മുണ്ടിനെ തോല്‍പിച്ചു ബയേണ്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കള്‍ ആയപ്പോള്‍ വിജയ ഗോള്‍ പിറന്നത് റോബന്റെ കാലില്‍ നിന്നായിരുന്നു.

ബയേണിനായി 198 ലീഗ് മത്സരങ്ങളില്‍ നിന്ന് 98 ഗോളുകള്‍ നേടി. കാലിനേറ്റ പരിക്ക് ആണ് കാരണം ഈ സീസണില്‍ ബയേണിന്റെ 13 ലീഗ് മത്സരങ്ങളില്‍ 7 എണ്ണത്തില്‍ മാത്രമാണ് താരത്തിന് കളിക്കാനായത്.

റോബനൊപ്പം 2019 ജൂണില്‍ ബയേണുമായുള്ള കരാര്‍ അവസാനിക്കുന്ന ഫ്രാങ്ക് റിബറിയും ക്ലബ്ബ് വിടും എന്നുറപ്പായിട്ടുണ്ട്.