പാട്ന: കന്യാകുമാരിയില്‍ മോദി ധ്യാനനിരദനായത് കേവലം ഫോട്ടോഷൂട്ട് ആണെന്ന് ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയും ആര്‍.ജെ.ഡി നേതാവുമായ തേജസ്വി യാദവ്.
‘മോദി ജി ധ്യാനമൊന്നും ചെയ്യുന്നില്ല, ഫോട്ടോ ഷൂട്ടുകള്‍ മാത്രമാണ് നടക്കുന്നത്, ഫോട്ടോ ഷൂട്ട് അവസാനിച്ചാല്‍ മോദി മടങ്ങിവരും,’ തേജസ്വി യാദവ് പറഞ്ഞു.
പ്രധാനമന്ത്രി മോദി നിലവില്‍ കന്യാകുമാരിയിലാണ്, തത്ത്വചിന്തകനായ സ്വാമി വിവേകാനന്ദന് ധ്യാന ദര്‍ശനം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ധ്യാന്‍ മണ്ഡപത്തിലാണ് മോദി ധ്യാനമിരിക്കുന്നത്.
മോദിയുടെ ധ്യാനത്തെ തെരഞ്ഞെടുപ്പ് തന്ത്രമായി കാണാനേ കഴിയൂ എന്ന് പറഞ്ഞ യാദവ്, ജനങ്ങള്‍ക്ക് കാര്യങ്ങളൊക്കെ ഏകദേശം മനസിലായിക്കൊണ്ടിരിക്കുകയാണെന്നും പറഞ്ഞു. ഭരണഘടനാ തത്വങ്ങള്‍, സംവരണം, ജനാധിപത്യം എന്നിവയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയായിരിക്കണം നിങ്ങളുടെ വോട്ടെന്നും അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
‘ജനങ്ങളോട് അവരുടെ വീടിന് പുറത്ത് ഇറങ്ങാന്‍ ഞാന്‍ പറയുകയാണ്, ഭരണഘടന, സംവരണം, ജനാധിപത്യം എന്നിവ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ, തൊഴിലില്ലായ്മ, പണപ്പെരുപ്പം, ദാരിദ്ര്യം എന്നിവ ഉണ്ടാക്കിയവര്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ഞാന്‍ എന്റെ ജനങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു,’യാദവ് പറഞ്ഞു.ബീഹാര്‍ അതിശയിപ്പിക്കുന്ന ഫലം നല്‍കുമെന്നും തങ്ങള്‍ 300 സീറ്റുകള്‍ മറികടക്കുമെന്നും തേജസ്വി പറഞ്ഞു.
ബീഹാറില്‍ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ 40 ലോക്സഭാ മണ്ഡലങ്ങളില്‍ ആര്‍.ജെ.ഡി 26 സീറ്റുകളിലും കോണ്‍ഗ്രസ് ഒമ്പത് സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ ബാക്കിയുള്ള അഞ്ച് സീറ്റുകളിലും മത്സരിക്കുന്നു.
എന്‍.ഡി.എയില്‍ ഭാരതീയ ജനതാ പാര്‍ട്ടി (ബി.ജെ.പി) 17 സീറ്റുകളിലും ജനതാദള്‍ യുണൈറ്റഡ് (ജെഡി.യു) 16 സീറ്റുകളിലും ലോക് ജനശക്തി പാര്‍ട്ടി (എല്‍.ജെപി) (രാം വിലാസ്) 5 സീറ്റുകളിലും മത്സരിക്കും.