ആദ്യമായി മമ്മൂട്ടിയെ ഇന്റര്‍വ്യൂ ചെയ്ത അനുഭവം പറയുകയാണ് ആര്‍.ജെ. രേണു. ആദ്യത്തെ തവണത്തെ ഇന്റര്‍വ്യൂവിന് മൂന്നാമത്തെ ചോദ്യത്തിന് തന്നെ ഇറങ്ങിപ്പോയെന്നും രണ്ടാമത്തെ ഇന്റര്‍വ്യൂവിന് വഴക്ക് പറഞ്ഞെന്നും രേണു പറഞ്ഞു. താനും മമ്മൂട്ടിയും തമ്മില്‍ വ്യക്തിപരമായി നല്ല അടുപ്പമാണെന്നും എന്നാല്‍ മൂന്നാമതും ഇന്റര്‍വ്യൂവിന് വിളിച്ചപ്പോള്‍ പോവില്ലെന്ന് പറഞ്ഞെന്നും ബിഹൈന്‍ഡ്‌വുഡ്‌സ് ഇങ്കിന് നല്‍കിയ അഭിമുഖത്തില്‍ രേണു പറഞ്ഞു.
‘ഞാന്‍ ക്ലബ്ബ് എഫ്.എമ്മില്‍ ജോലി ചെയ്യുന്ന സമയത്താണ് മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യുന്നത്. മമ്മൂക്കയെ പോലെ ഒരാളെ ഇന്റര്‍വ്യൂ ചെയ്യാനിരിക്കുമ്പോള്‍ അദ്ദേഹത്തെ പറ്റി വ്യക്തമായി ഒരു അറിവ് വേണം. അദ്ദേഹത്തോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ക്ലാരിറ്റി വേണം. വളരെ റീസന്റായിട്ടാണ് അദ്ദേഹം ലൈറ്റായി സംസാരിച്ച് തുടങ്ങിയത്. ഇത് കുറച്ച് കൊല്ലങ്ങള്‍ക്ക് മുന്നേയുള്ള കഥയാണ്. മമ്മൂക്ക വന്നിരുന്നു, മൂന്നാമത്തെ ചോദ്യത്തിന് എഴുന്നേറ്റ് നില്‍ക്കുന്നു, ഇത്തരം ചോദ്യങ്ങള്‍ എന്നോട് ചോദിക്കാന്‍ പാടില്ലാന്ന് പറയുന്നു, സ്റ്റുഡിയോയില്‍ നിന്നും ഇറങ്ങി പോകുന്നു. ഞാനവിടെ ഇരുന്ന് കരഞ്ഞു.
വീണ്ടും വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂക്കയുടെ ഇന്റര്‍വ്യൂ എനിക്ക് കിട്ടുന്നത് കസബ റിലീസ് ചെയ്തതിന്റെ അന്ന് രാവിലെയാണ്. എട്ട് മണിക്ക് മമ്മൂക്കയുടെ വീട്ടിലെത്തണമെന്ന് ഏഴ് മണിക്ക് എന്നെ വിളിച്ച് പറയുന്നു. എന്റെ വീടും മമ്മൂക്കയും വീടും തമ്മില്‍ കുറച്ച് ദൂരമുണ്ട്. മമ്മൂക്കയെ ഇന്റര്‍വ്യൂ ചെയ്യണമെന്ന് പറഞ്ഞപ്പോള്‍ കസബ ഞാന്‍ കണ്ടിട്ടില്ല എന്ന് പറഞ്ഞു. കസബ ഫസ്റ്റ് ഷോ മൂന്ന് മണിക്ക് നടത്തിയത്രേ. സിനിമ കാണാത്ത ഞാന്‍ എങ്ങനെ ഇന്റര്‍വ്യൂ ചെയ്യും. മമ്മൂക്കയാണെങ്കില്‍ ഈ സിനിമയെ കുറിച്ച് മാത്രമേ സംസാരിക്കുകയുള്ളത്രേ. സിനിമ റിലേറ്റഡായി ചോദിക്കണം. എനിക്ക് ഒന്നുമറിയില്ല.