റിയാസ് മൗലവിയും ചില ബോംബ് കഥകളും
DISCOURSE
റിയാസ് മൗലവിയും ചില ബോംബ് കഥകളും
ഫാറൂഖ്
Saturday, 6th April 2024, 5:24 pm
ടെറര്‍ സൃഷ്ട്ടിക്കാനുള്ള ആയുധം, അല്ലെങ്കില്‍ ടെററിസ്റ്റുകള്‍ക്ക് മാത്രം ഉപയോഗമുള്ള ആയുധം, അതാണ് ബോംബ്. എങ്ങനെ നിര്‍വചിച്ചാലും ബോംബ് ഉണ്ടാക്കിക്കുന്നവരും ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും ടെററിസ്റ്റുകളാണ്, അതില്‍ എന്തെങ്കിലും തര്‍ക്കം ഏതെങ്കിലും രാജ്യക്കാര്‍ക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിയമ വാഴ്ച നിലനില്‍ക്കുന്ന മറ്റേതൊരു രാജ്യത്തും ഒരു സിവിലിയന്‍ ബോംബുണ്ടാക്കുന്നത് പിടിക്കപ്പെട്ടാല്‍ പിന്നെയയാള്‍ സൂര്യപ്രകാശം കാണില്ല.

കഴിഞ്ഞ കൊല്ലം ഒക്ടോബര്‍ 29 ന്, കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ടെററിസ്റ്റ്‌ ആക്രമണം കളമശ്ശേരിയില്‍ കണ്ടു കൊണ്ടിരിക്കുന്ന രാവിലെ, പതിവ് പോലെ ഞാന്‍ ഒരു ഡാറ്റ സെന്ററില്‍ ജോലിയിലായിരുന്നു. (ടെററിസത്തിന്റെ വിവര്‍ത്തനമല്ല തീവ്രവാദവും ഭീകരവാദവുമൊന്നും, മറ്റു പലതിനും എന്നപോലെ ടെററിസത്തിനും നമ്മള്‍ വാക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു).

വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൊക്കെ ഞെട്ടലും അപലപനവും ദുഖവും നിറഞ്ഞ അന്ന് രാവിലെ എനിക്ക് പ്രത്യേകിച്ചൊന്നും പ്രതികരിക്കണമെന്ന്‌ തോന്നിയില്ല, അതിന് മൂന്നാല് കാരണങ്ങളുണ്ട്, ഒന്നാമത് ഞാന്‍ ഫേസ്ബുക്കിലില്ല, അത് കൊണ്ട് പ്രതികരിച്ചില്ലെങ്കിലും പ്രശ്‌നമില്ല, രണ്ടാമത് ഞാന്‍ സാംസ്‌കാരിക നായകനല്ല, അത് കൊണ്ട് തന്നെ സാംസ്‌കാരിക നായകര്‍ പ്രതികരിക്കാത്തതെന്ത് എന്ന ചോദ്യത്തിന്റെ പരിധിയില്‍ ഞാന്‍ പെടില്ല.

കളമശ്ശേരി സ്‌ഫോടനക്കേസിലെ പ്രതി ഡൊമനിക് മാര്‍ട്ടിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ (നീല ഷര്‍ട്ട് ധരിച്ച് മദ്ധ്യത്തിലുള്ളയാള്‍)

മുംബൈയിലെ ഒരു പ്രാദേശിക പത്രത്തില്‍ ക്രൈം ബീറ്റ് ചെയ്തിരുന്ന ഒരു സുഹൃത്ത് എനിക്ക് തന്ന ഒരു ഉപദേശമാണ് മൂന്നാമത്തെ കാരണം – ഒരു ക്രൈം നടന്നു കഴിഞ്ഞാല്‍ ചാടിക്കയറി അഭിപ്രായം പറയരുത്. കാരണം ഓരോ കുറ്റകൃത്യത്തിനും അതിന്റേതായ ഡയനാമിക്സ് ഉണ്ടാകും, ദൂരെ നിന്ന് നോക്കുന്നവര്‍ക്ക് അത് മനസ്സിലാകില്ല. പ്രതിയും ഇരയുമൊക്കെ മാറിമറിയും, ഉദ്ദേശവും കാരണവുമൊക്കെ ആദ്യം കേട്ടതായിരിക്കില്ല പിന്നെ കേള്‍ക്കുന്നത്.

തീവ്രവാദവും ബോംബ് സ്‌ഫോടനവുമൊക്കെ രാജ്യാന്തര ഏജന്‍സികളുടെയും സ്റ്റേറ്റിന്റേയുമൊക്കെ കളിക്കളങ്ങളാണ്. അത് കൊണ്ട് തന്നെ എക്കണോമിയെ കുറിച്ചും ചരിത്രത്തെ കുറിച്ചുമൊക്കെ ചാരുകസേരയിലിരുന്ന് വിക്കിപീഡിയ വായിച്ചു കോളമെഴുതുന്ന പോലെ കുറ്റകൃത്യങ്ങളെ കുറിച്ചും സ്‌ഫോടനങ്ങളെ കുറിച്ചുമൊന്നും എഴുതിക്കളയരുത്, മണ്ടത്തരമാവും. ആ ഉപദേശം ഇതുവരെ മാനിച്ചിരുന്നു, ചെരണ്ടത്തൂര്‍ സ്‌ഫോടനം ഉണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ഒരു സ്‌ഫോടനം ഞങ്ങളുടെ തൊട്ടടുത്തേക്ക് വരുന്നതുവരെ.

ചെരണ്ടത്തൂര്‍ സ്‌ഫോടനം എന്ന് ഇത് വായിക്കുന്ന മിക്കവരും കേട്ടിട്ടുണ്ടായിരിക്കില്ല, കേട്ടവര്‍ തന്നെ ഓര്‍ക്കുന്നുമുണ്ടാവില്ല. അതെന്താണെന്ന് പറയുന്നതിന് മുമ്പ് കളമശ്ശേരി സ്ഫോടനത്തില്‍ ഞാന്‍ ഞെട്ടാത്തതിന്റെ നാലാമത്തെ കാരണം പറയാം. കേരളത്തില്‍ ഏതു സമയവും സ്‌ഫോടനങ്ങള്‍ ഉണ്ടാകാം എന്ന തോന്നല്‍ എനിക്കുണ്ടായിരുന്നു,

ഒരു പാട് ബോംബുകള്‍ കേരളത്തില്‍ പലയിടത്തായി നിര്‍മിക്കപ്പെടുന്നുണ്ട് , നിര്‍മിക്കപ്പെട്ടവ സൂക്ഷിക്കപ്പെട്ടിട്ടുണ്ട്.

ബോംബല്ലേ, അതിലേതെങ്കിലുമൊക്കെ പൊട്ടാതിരുന്നാലേ അത്ഭുതമുള്ളു. ആ തോന്നലിലേക്കും എന്നെ നയിച്ചത് ഇതേ ചെരണ്ടത്തൂര്‍ സ്‌ഫോടനമാണ്.

ചെരണ്ടത്തൂര്‍ എന്നാല്‍ പയ്യോളിക്കടുത്ത ഒരു കൊച്ചു ഗ്രാമമാണ്. എന്റെ വീട്ടിന് നാലഞ്ച് കിലോമീറ്റര്‍ മാത്രമകലെ, ഒരു പാട് സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെയുള്ള ഒരു തനി കേരളീയ ഗ്രാമം. ഹിന്ദി സിനിമകളില്‍ കേരളം കാണിക്കുമ്പോള്‍ കാണിക്കുന്ന തോടും പുഴയും ഗ്രാമീണരുമൊക്കെയുള്ള ഒരു ടിപ്പിക്കല്‍ കേരള സീനറി.

ടിന്റ്റിംഗ് ഇല്ലാതെ തന്നെ നല്ല പച്ചപ്പ് വിഡിയോയില്‍ കിട്ടും. ഹിന്ദുക്കളും മുസ്‌ലിങ്ങളും ഇടകലര്‍ന്നു ജീവിക്കുന്ന, കോണ്‍ഗ്രസ്സും കമ്മ്യൂണിസ്റ്റും ലീഗും ഒക്കെയുള്ള, എന്നാല്‍, ചരിത്രത്തിലിന്നു വരെ ഒരു സംഘര്‍ഷമോ കലാപമോ ഉണ്ടാകാത്ത ഗ്രാമം.

പരമശിവന്റെ ചിത്രവും പരിശുദ്ധ മക്കയുടെ ചിത്രവും ഒരേ വലിപ്പത്തില്‍ ചില്ലിട്ടു തൂക്കിയ ഓട്ടോറിക്ഷകള്‍ ഇപ്പോഴും ഓടുന്ന, ബാബരി മസ്ജിദ് പൊളിച്ച ദിവസം ശിഹാബ് തങ്ങളുടെ ആഹ്വാനത്തിന് കാത്ത് നില്‍ക്കാതെ തന്നെ എല്ലാവരും സംയമനം പാലിച്ച, സെക്കുലറിസം പൂത്തുലഞ്ഞു നില്‍ക്കുന്ന ഗ്രാമം.

അവിടെ കഴിഞ്ഞ കൊല്ലം ഫെബ്രുവരിയില്‍ ഒരു സ്‌ഫോടനം നടന്നു. ബോംബ് നിര്‍മിക്കുന്നതിനിടെ പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ പരിക്ക് പറ്റിയ ആളുടെ ചിതറിപ്പോയ കൈ മുറിച്ചു മാറ്റേണ്ടതായും വന്നു.

ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു പ്രതി എന്നാണ് മിക്ക പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. പക്ഷെ അംഗത്വ രജിസ്റ്റര്‍ സൂക്ഷിക്കാത്ത സംഘടനയാണ് ആര്‍.എസ്.എസ്. പ്ലോസിബിള്‍ ഡീനിയബിലിറ്റി ( (plausible deniability) അവരെന്നും സൂക്ഷിക്കും. അത് കൊണ്ട് തന്നെ പ്രതിയുടെ ആര്‍.എസ്.എസ് ബന്ധം ഒരിക്കലും തെളിയിക്കാന്‍ കഴിയില്ല.

ഗോഡ്സെയുടെ ബന്ധം പോലും തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല, പിന്നെയാണ് ഒരു ചെരണ്ടത്തൂര്‍കാരന്‍. പക്ഷെ വിവിധ സംഘപരിവാര്‍ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്ന ആളായത് കൊണ്ട് സംഘപരിവാറുകാരന്‍ എന്ന് തെറ്റില്ലാതെ പറയാം.

ബോംബും മറ്റായുധങ്ങളും തമ്മില്‍ പ്രകടമായ ഒരു വ്യത്യാസമുണ്ട്. മറ്റെല്ലാ ആയുധങ്ങള്‍ക്കും മറ്റെന്തെങ്കിലും ഉപയോഗം പറയാം, തോക്ക് വന്യമൃഗങ്ങളെ പേടിച്ചാണെന്ന് പറയാം, കത്തി കറിക്കരിയാനാണെന്ന് പറയാം. അമേരിക്കയിലൊക്കെ തോക്ക് കയ്യില്‍ വക്കാനുള്ള അവകാശം ഭരണഘടനാപരമായി തന്നെ പൗരന്മാര്‍ക്കുണ്ട്, സ്വയം രക്ഷക്കാണത്രെ. നമ്മുടെ നാട്ടിലും പല വീട്ടിലും തോക്കുണ്ട്, പക്ഷെ പരസ്യമായി ഒരിക്കലും ഉപയോഗിക്കാറില്ല.

ബോംബ് അത് പോലെയല്ല, ഒരു ന്യായവും പറയാനില്ല. ടെറര്‍ സൃഷ്ട്ടിക്കാനുള്ള ആയുധം, അല്ലെങ്കില്‍ ടെററിസ്റ്റുകള്‍ക്ക് മാത്രം ഉപയോഗമുള്ള ആയുധം, അതാണ് ബോംബ്. എങ്ങനെ നിര്‍വചിച്ചാലും ബോംബ് ഉണ്ടാക്കിക്കുന്നവരും ഉണ്ടാക്കുന്നവരും ഉപയോഗിക്കുന്നവരും ടെററിസ്റ്റുകളാണ്, അതില്‍ എന്തെങ്കിലും തര്‍ക്കം ഏതെങ്കിലും രാജ്യക്കാര്‍ക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല. നിയമ വാഴ്ച നിലനില്‍ക്കുന്ന മറ്റേതൊരു രാജ്യത്തും ഒരു സിവിലിയന്‍ ബോംബുണ്ടാക്കുന്നത് പിടിക്കപ്പെട്ടാല്‍ പിന്നെയയാള്‍ സൂര്യപ്രകാശം കാണില്ല. ആസിഡ് ബോംബ് അല്ലെങ്കില്‍

ആസിഡ് ബോംബിന്റെ ഒരു സൈഡ് സ്റ്റോറി പറയാം. കണ്ണൂരില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് ഞങ്ങളോട് ഒരു സഹപാഠി വലിയൊരു വീമ്പിളക്കല്‍ നടത്തി – തന്റെ വീട്ടില്‍ ബോംബുണ്ട്. കണ്ണൂരില്‍ സുധാകരനും ജയരാജന്മാരും അങ്കം കുറിച്ചിരുന്ന കാലമാണ്. ഞങ്ങള്‍ക്കീ ബോംബ് കാണണം എന്ന അതിയായ ആഗ്രഹം. നിര്‍ബന്ധം സഹിക്കാനാകാതെ ഒരു ദിവസം കൂട്ടുകാരന്‍ ഞങ്ങളെ വീട്ടിലേക്ക് കൊണ്ട് പോയി രഹസ്യമായി വീടിന്റെ മൂലയിലിരിക്കുന്ന ബോംബ് കാണിച്ചു തന്നു. അതോടെ ഞങ്ങള്‍ക്ക് ബോംബിനോടുള്ള ബഹുമാനമൊക്കെ പോയി.

സംഗതി ഇത്രയേയുള്ളൂ, വീടിന്റെ മൂലയില്‍ പഴയ ഫിലമെന്റ് ബള്‍ബ് മൂന്നാലെണ്ണം വച്ചിരിക്കുന്നു. അതാണ് ബോംബ്. ബള്‍ബിന്റെ മുകള്‍ഭാഗം ഇളക്കി അതില്‍ ആസിഡോ മറ്റെന്തെങ്കിലും കെമിക്കലോ ഒഴിച്ചതിന് ശേഷം തിരിച്ചു അതേപോലെ ഒട്ടിക്കും. ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ ഈ ബള്‍ബ് അവരുടെ നേരെ വലിച്ചെറിയും. ബള്‍ബ് പൊട്ടി ആക്രമിക്കാന്‍ വന്നവന് ആസിഡ് കൊണ്ട് പൊള്ളലേല്‍ക്കും. അതാണ് ആസിഡ് ബോംബ്.

കെ.സുധാകരന്‍

കെ. സുധാകരന്റെ കാലത്ത് നടാലിലെയും മുഴുപ്പിലങ്ങാട്ടെയുമൊക്കെ കോണ്‍ഗ്രസ് ഓഫീസുകളില്‍ ആസിഡ് ബോംബുകളുടെ കമനീയ ശേഖരങ്ങളുണ്ടായിരുന്നു. ആസിഡ് ബോംബ് പ്രതിരോധത്തിനുള്ള ബോംബ് ആണെന്ന് വെയ്ക്കാം, ആസിഡ് ബോംബ് ഉപയോഗിക്കുന്നവര്‍ ടെററിസ്‌റ് അല്ലെന്ന് വേണമെങ്കില്‍ വാദിക്കാം, പക്ഷെ സൈനികാവശ്യത്തിനല്ലാത്ത മറ്റേതൊരു ബോംബും ടെററിസ്റ്റ് ആയുധങ്ങളാണ്.

ചെരണ്ടത്തൂരേക്ക് തിരിച്ചു വരാം. പൊതുവെ നിഷ്‌കളങ്കരാണ് നാട്ടുകാര്‍ എന്ന് പറഞ്ഞല്ലോ. ആ നിഷ്‌കളങ്കരുടെ ധാരണ ഈ ബോംബ് നിര്‍മാണത്തില്‍ ഉള്‍പ്പെട്ട ടെററിസ്റ്റുകള്‍ മുഴുവന്‍ ആയുഷ്‌കാലം ജയിലില്‍ കിടക്കും എന്നായിരുന്നു. എന്ത് നിര്മാണത്തിനായാലും അതിന്റെ പിറകില്‍ ഒരു സപ്ലൈ ചെയിന്‍ ഉണ്ടാകും, പ്രത്യേകിച്ച് ബോംബ് പോലെ ഒന്നിന്.

ബോംബ് നിര്‍മിക്കണമെന്ന് തീരുമാനിച്ചവരുണ്ടാകും, അതിന് നേതൃത്വം വഹിക്കാന്‍ ഏല്പിക്കപ്പെട്ടവരുണ്ടാകും, സാധന സാമഗ്രികള്‍ വാങ്ങാനും എത്തിക്കാനും ഏല്പിക്കപ്പെട്ടവരുണ്ടാകും, അതിനുള്ള പണം ഏര്‍പ്പാട് ചെയ്തവരുണ്ടാകും, ബോംബ് ഉണ്ടാക്കി കഴിഞ്ഞാല്‍ അത് സൂക്ഷിക്കാന്‍ ഏല്പിക്കപ്പെട്ടവരുണ്ടാകും, എല്ലാം കഴിഞ്ഞു അത് പൊട്ടിക്കാന്‍ ഏല്പിക്കപ്പെട്ടവരുണ്ടാകും.

ഇതൊക്കെ കൂടാതെ, അപകടം നടന്നാല്‍ ചികിത്സ നടത്താന്‍ ഏല്പിക്കപ്പെട്ടവരും പിടിക്കപ്പെട്ടാല്‍ കേസ് നടത്താന്‍ ഏല്പിക്കപ്പെട്ടവരും ഉണ്ടാകും. ഇവരൊക്കെ ഒന്നുകില്‍ ടെററിസ്റ്റുകള്‍, അല്ലെങ്കില്‍ ടെററിസ്റ്റുകളെ സഹായിക്കുന്നവര്‍ എന്ന നിലക്ക് യു.എ.പി.എ ചുമത്തപ്പെടാനും ജീവിതകാലം മുഴുവന്‍ ജയിലില്‍ കിടക്കാനും പോകുകയാണെന്ന് നാട്ടുകാര്‍ സ്വാഭാവികമായും വിചാരിച്ചു. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ കയ്യില്‍ വച്ചതിന് ചെറുപ്പക്കാര്‍ യു.എ.പി.എ കേസില്‍ ജയിലില്‍ കിടക്കുന്ന കാലമാണെന്നോര്‍ക്കണം.

ഒന്നും നടന്നില്ല. സ്ഫോടക വസ്തു അശ്രദ്ധമായി കൈകാര്യം ചെയ്തു എന്നോ മറ്റോ ഒരു നിസ്സാരകേസ് ചുമത്തി അപകടം പറ്റിയയാളെ രണ്ടാഴ്ച കഴിഞ്ഞു ജാമ്യത്തില്‍ വിട്ടു, ഗൂഢാലോചന കുറ്റമില്ല, മറ്റാരെയെങ്കിലും അറസ്റ്റ് ചെയ്‌തോ എന്നറിയില്ല, ഏതായാലും നാട്ടുകാരുടെ അറിവിലില്ല.

ഇത് ചെരണ്ടത്തൂരെ മാത്രം പ്രശ്‌നമല്ല. കേരളം മുഴുവന്‍ ബോംബ് നിര്‍മാണത്തിനിടക്ക് അപകടങ്ങള്‍ നടക്കുന്നുണ്ട്. പലരുടെയും കൈകള്‍ ചിതറി പോകുന്നു, ചിലര്‍ മരിക്കുന്നു, ചില വീടുകള്‍ തകരുന്നു, ബോംബ് തിന്നാന്‍ ശ്രമിച്ച പട്ടി സ്ഫോടനത്തില്‍ മരിക്കുന്നു എന്ന തരത്തില്‍ വാര്‍ത്തകള്‍ ആഴ്ചയില്‍ ഒന്നെങ്കിലും വരുന്നുണ്ട്.

മിക്കതിലും സംഘപരിവാര്‍ ബന്ധമുള്ളവരാണ് പ്രതികള്‍. കണ്ണൂരില്‍ സി.പി.ഐ.എമ്മുകാരും ബോംബുണ്ടാക്കുന്നുണ്ട്.

ഇവര്‍ രണ്ടു കൂട്ടരുമല്ലാതെ മറ്റാരും ബോംബുണ്ടാക്കുന്നുമില്ല. ചിലയിടത്ത് പിടികൂടുന്ന സ്‌ഫോടകവസ്തുക്കളുടെ തൂക്കം ഗാസയിലിടുന്ന ബോംബിനേക്കാള്‍ മുകളിലാണ്, എണ്ണൂറു കിലോ, ആയിരം കിലോ, ആയിരത്തി നാനൂറു കിലോ ഒക്കെ. ചിലയിടത്ത് പിടികൂടിയതില്‍ ജെലാറ്റിന്‍ സ്റ്റിക്ക് ഒക്കെയുണ്ട്, വേറേ ലെവല്‍.

ഇത്രയും കേസ് ഉണ്ടായിട്ടും ഒരാളെപ്പോലും ഗൂഢാലോചന കുറ്റത്തിന് അറസ്റ്റ് ചെയ്തതായോ യു.എ.പി.എ ചുമത്തിയതായോ നമുക്കറിയില്ല. നൂറു ബോംബുണ്ടാക്കുന്നതിനിടയില്‍ ഒരാള്‍ക്ക് അപകടം പറ്റും എന്ന് കണക്കാക്കിയാല്‍ പോലും കേരളത്തില്‍ ഇപ്പോള്‍ ആയിരക്കണക്കിന് ബോംബുകകള്‍ പലയിടത്തായി ശേഖരിക്കപ്പെട്ടിട്ടുണ്ട് എന്ന് ന്യായമായും അനുമാനിക്കാം.

അതൊക്കെ എവിടെ എപ്പോള്‍ പൊട്ടുമെന്ന് അതിന്റെ ആസൂത്രകര്‍ക്കേ അറിയൂ. മുമ്പ് താനൂരില്‍ ബോംബ് ഉണ്ടാക്കുമ്പോള്‍ അത് പൊട്ടി തെറിച്ചു തിരുവന്തപുരത്തുകാരനായ ശ്രീകാന്ത് എന്ന ഒരു ആര്‍.എസ്.എസ്സുകാരന്‍ മരിച്ചപ്പോള്‍ അന്നത്തെ എസ്.പി ഉമ്മന്‍ കോശി മലപ്പുറത്തെ ദൈവം രക്ഷിച്ചു എന്ന് പറഞ്ഞത് പോലെ കേരളത്തെയും ദൈവം രക്ഷിക്കുമായിരിക്കും.

റിയാസ് മൗലവി

ഈ പശ്ചാത്തലത്തില്‍ വേണം റിയാസ് മൗലവി കേസ് വിധിയിലുള്ള വ്യാപകമായ അസംതൃപ്തിയും പ്രതിഷേധവും മനസ്സിലാക്കാന്‍. എന്റെ ക്രൈം ബീറ്റ് സുഹൃത്ത് പറഞ്ഞത് പോലെ റിയാസ് മൗലവി കേസിനും അതിന്റെതായ ഡയനാമിക്സ് ഉണ്ടാകും. ദൂരെ നിന്ന് നോക്കുന്ന ചെരണ്ടത്തൂര്‍കാര്‍ക്കോ കൊച്ചിക്കാര്‍ക്കോ തിരുവന്തപുരംകാര്‍ക്കോ അത് മനസ്സിലാക്കണമെന്നില്ല.

ഒരു പക്ഷെ പിണറായി പറയുന്നതില്‍ ന്യായമുണ്ടാകും, അല്ലെങ്കില്‍ ലീഗുകാര്‍ പറയുന്നതായിരിക്കും ന്യായം, അതുമല്ലങ്കില്‍ ജഡ്ജി പറഞ്ഞത് ശരിയായിരുന്നിരിക്കാം. പക്ഷെ എല്ലാവരും ഇത്തരം കാര്യങ്ങളെ വിലയിരുത്തുന്നത് സ്വന്തം അനുഭവങ്ങളെ മുന്നില്‍ വച്ചാണ്.

റിയാസ് മൗലവി വധക്കേസില്‍ ഗൂഢാലോചന കുറ്റത്തിന് കേസെടുത്തില്ല എന്ന് കേട്ടാല്‍ ചെരണ്ടത്തൂര്‍കാര്‍ ഉടനെ തങ്ങളുടെ സ്വന്തം കേസ് ഓര്‍ക്കും.

കേരളത്തില്‍ ഒരു വിധം എല്ലാ ദേശക്കാര്‍ക്കും ഇതേ പരാതി ഉണ്ട്, ഏറ്റവും താഴെക്കിടയിലുള്ള ഓപ്പറേറ്റര്‍മാര്‍ മാത്രം പിടിക്കപ്പെടുന്നു. മിക്കവാറും പാവപ്പെട്ട ദളിത്‌ പിന്നോക്ക വിഭാഗങ്ങളില്‍ നിന്നുള്ളവര്‍. അവരുടെ കൈ ചിതറിത്തെറിക്കുന്നു, ചിലരൊക്കെ മരിക്കുന്നു, വേറെ ചിലരുടെ വീടുകള്‍ തകരുന്നു. ആസൂത്രണം ചെയ്യുന്നവരും നേതൃത്വം നല്കുന്നവരുമായ ടെററിസ്റ്റുകള്‍ മുഴുവന്‍ സമൂഹത്തില്‍ വിലസി നടക്കുകയാണ്.

ഒരാളുടെ കൈ ചിതറുകയോ വേറൊളാല്‍ മരിക്കുകയോ ചെയ്യുമ്പോള്‍ ഇവര്‍ മൂന്നാമതൊരാളെ കണ്ടെത്തും. ആസൂത്രകര്‍ ജയിലിലടക്കപ്പെടുന്നില്ലെങ്കില്‍ കേരളം ഒരിക്കലും സുരക്ഷിതമായിരിക്കില്ല.

കളമശ്ശേരി കണ്‍വെന്‍ഷന്‍ സെന്ററിലുണ്ടായ സ്‌ഫോടനം

ഒക്ടോബര്‍ 29 ന് കേരളം കണ്ട ഏറ്റവും വലിയ ടെററിസ്റ്റ് ആക്രമണം കളമശ്ശേരിയില്‍ നടന്ന ദിവസം, എല്ലാവരും ഫേസ്ബുക്കില്‍ ഞെട്ടലും ദുഖവും രേഖപ്പെടുത്തിക്കൊണ്ടിരിക്കുമ്പോള്‍, ഞെട്ടലോ ദുഖമോ ഇല്ലാതെ മരവിച്ച മനസ്സുമായി കുറേപ്പേരെങ്കിലും കേരളത്തിലുണ്ടായിരുന്നു. ബോംബ് നിര്‍മാണം കേരളത്തില്‍ അനായാസം നടക്കുമെന്ന് മനസ്സിലാക്കിയ, ബോംബ് നിര്മിക്കുന്നവര്‍ക് കേരളത്തില്‍ ഒന്നും പേടിക്കാനില്ലെന്ന് അനുഭവത്തില്‍ നിന്ന് മനസ്സിലായ ചെരണ്ടത്തൂര്‍ക്കാര്‍ പോലെ അനേകം പേര്‍.

content highlights: Riyaz Moulavi and some bombshell stories

ഫാറൂഖ്
ഡാറ്റ സെക്യൂരിറ്റി കൺസൾട്ടന്റ് ആയി ജോലി ചെയ്യുന്നു. സഞ്ചാരി. ഒരു ചരിത്ര നോവലിന്റെ പണിപ്പുരയിൽ