ഈ പ്രകടനത്തില്‍ ഞാന്‍ തൃപ്തനല്ല; വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ താരം!
Sports News
ഈ പ്രകടനത്തില്‍ ഞാന്‍ തൃപ്തനല്ല; വെളിപ്പെടുത്തലുമായി രാജസ്ഥാന്‍ താരം!
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 30th May 2024, 6:52 pm

ഐ.പി.എല്‍ അവസാനിച്ചതോടെ ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്നത് ഐ.സി.സി ടി-20 ലോകകപ്പാണ്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ മാമാങ്കത്തില്‍ കിരീടം ഉയര്‍ത്താന്‍ എല്ലാ ടീമുകളും വമ്പന്‍ തയ്യാറെടുപ്പിലാണ്.

ഐ.പി.എല്ലിലേയും ആഭ്യന്തര മത്സരത്തിലേയും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളേയാണ് ഇന്ത്യ ടി-20 സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി മിന്നും പ്രകടനം കാഴ്ചവെച്ച റിയാന്‍ പരാഗ് തന്റെ പ്രകടനത്തില്‍ സംതൃപ്തനല്ലെന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ്.

‘എനിക്ക് ഇത് നല്ല സീസണായിരുന്നു, പക്ഷെ ഞാന്‍ തൃപ്തനല്ല, രാജസ്ഥാന്‍ റോയല്‍സിനായി കൂടുതല്‍ മത്സരങ്ങള്‍ ഞാന്‍ ജയിക്കണമായിരുന്നു. കുറച്ച് ഗെയിമുകളില്‍ ഞാന്‍ പുറകിലായി, എനിക്ക് ഒരുപാട് മെച്ചപ്പെടണമെന്ന് തോന്നുന്നു. ഹൈദരാബാദിനെതിരായ അവസാന മത്സരം പോലും രാജസ്ഥാന് വേണ്ടി ഞാന്‍ അനുകൂലമായി പൂര്‍ത്തിയാക്കേണ്ടതായിരുന്നു, ഞാന്‍ മത്സരം വിജയത്തിലെത്തിക്കേണ്ടതായിരുന്നു. ഞാന്‍ സന്തോഷവാനാണ്, പക്ഷേ തൃപ്തനല്ല,’ പരാഗ് സ്പോര്‍ട്സ്‌കീഡയോട് പറഞ്ഞു.

ആദ്യമായാണ് പരാഗ് ഐ.പി.എല്ലില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തത്. കഴിഞ്ഞ സീസണുകളില്‍ മോശം പ്രകടനം കാഴ്ചവെച്ച പരാഗിന് വന്‍ വിമര്‍ശനങ്ങളാണ് ഏറ്റുവാങ്ങേണ്ടി വന്നത്. ഈ സീസണില്‍ 16 മത്സരങ്ങളില്‍ നിന്ന് 52.9 ശരാശരിയിലും 149.21 സ്ട്രൈക്ക് റേറ്റിലും 573 റണ്‍സാണ് താരം നേടിയത്. 17-ാം സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ മൂന്നാമത്തെ താരമാകാനും പരാഗിന് കഴിഞ്ഞിരുന്നു. നാല് അര്‍ധസെഞ്ച്വറികളും 40 ബൗണ്ടറികളും 33 സിക്‌സറുകളും സീസണില്‍ പരാഗ് നേടി.

രണ്ടാം എലിമിനേറ്ററില്‍ ഹൈദരാബാദിലോട് പരാജയപ്പെട്ടാണ് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ നേതൃത്വത്തിലെ രാജസ്ഥാന്‍ റോയല്‍ പുറത്തായത്. മികച്ച പ്രകടനമായിരുന്നു ടീം 2024 ഐ.പി.എല്ലിന്റെ തുടക്കത്തില്‍ രാജസ്ഥാന്‍ കാഴ്ചവെച്ചത്. എന്നാല്‍ ടൂര്‍ണമെന്റിന്റെ രണ്ടാം പകുതിയോടെ ടീമിന് തുടര്‍ച്ചയായ പരാജയങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എന്നാല്‍ അടുത്ത സീസണില്‍ ടീം ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.

 

Content Highlight: Riyan Parag Talking About His Performance In 2024 IPL