Sports News
സഞ്ജുവിനെ പഞ്ഞിക്കിട്ട് നേടിയത് ചരിത്രം; പരാഗ് ഇങ്ങനെ ഒരു റെക്കോഡ് സ്വന്തമാക്കുമെന്ന് ആരെങ്കിലും കരുതിയോ?
സ്പോര്‍ട്സ് ഡെസ്‌ക്
2023 Oct 27, 10:57 am
Friday, 27th October 2023, 4:27 pm

 

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ചരിത്രം കുറിച്ച് അസം സൂപ്പര്‍താരം റിയാന്‍ പരാഗ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനെതിരെ നടന്ന മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയതോടെയാണ് റിയാന്‍ പരാഗ് ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ അത്യപൂര്‍വ റെക്കോഡിന് ഉടമയായിരിക്കുന്നത്.

ടി-20 ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ തുടര്‍ച്ചയായ ആറ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ആദ്യ താരം എന്ന റെക്കോഡാണ് പരാഗ് സ്വന്തമാക്കിയത്. കേരളത്തിനെതിരെയുള്ള അര്‍ധ സെഞ്ച്വറി നേട്ടത്തിന് പിന്നാലെയാണ് പരാഗ് ഈ റെക്കോഡ് തന്റെ പേരിലെഴുതിയത്.

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഇതുവരെ കളിച്ച ഏഴ് മത്സരത്തില്‍ ആറിലും പരാഗ് ഫിഫ്റ്റിയടിച്ചിരുന്നു. ടൂര്‍ണമെന്റില്‍ ഒഡീഷക്കെതിരായ ആദ്യ മത്സരത്തില്‍ മാത്രമാണ് പരാഗിന് ഫിഫ്റ്റി നേടാന്‍ സാധിക്കാതെ പോയത്. അന്ന് 19 പന്തില്‍ 45 റണ്‍സാണ് പരാഗ് നേടിയത്. മത്സരത്തില്‍ അസം 11 റണ്‍സിന് തോല്‍വി വഴങ്ങുകയായിരുന്നു.

ബിഹാറിനെതിരായ രണ്ടാം മത്സരത്തില്‍ 34 പന്തില്‍ നിന്നും 61 റണ്‍സാണ് അസം നായകന്‍ നേടിയത്. സര്‍വീസസിനെതിരെ 37 പന്തില്‍ പുറത്താകാതെ 76 റണ്‍സ് നേടിയ പരാഗ് സിക്കിമിനെതിരെ 29 പന്തില്‍ പുറത്താകാതെ 59 റണ്‍സും ചണ്ഡിഗഢിനെതിരെ 39 പന്തില്‍ 76 റണ്‍സും നേടിയിരുന്നു.

ഹിമാചല്‍ പ്രദേശിനെതിരെയായിരുന്നു പരാഗിന്റെ അഞ്ചാം സെഞ്ച്വറി നേട്ടം. 37 പന്തില്‍ 72 റണ്‍സാണ് പരാഗ് ഹിമാചലിനെതിരെ നേടിയത്. അഞ്ച് വീതം സിക്‌സറും ബൗണ്ടറിയുമാണ് അസം നായകന്റെ ബാറ്റില്‍ നിന്നും പിറന്നത്.

വെള്ളിയാഴ്ച എം.സി.എ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ പരാഗിന്റെ അസം രണ്ട് വിക്കറ്റിന് കേരളത്തെ പരാജയപ്പെടുത്തിയിരുന്നു. കേരളം ഉയര്‍ത്തിയ 128 റണ്‍സിന്റെ ലക്ഷ്യം മൂന്ന് പന്ത് ബാക്കി നില്‍ക്കെ അസം മറികടക്കുകയായിരുന്നു.

കേരളത്തിനായി അബ്ദുള്‍ ബാസിത് 31 പന്തില്‍ പുറത്താകാതെ 46 റണ്‍സ് നേടിയപ്പോള്‍ രോഹന്‍ എസ്. കുന്നുമ്മല്‍ 32 പന്തില്‍ 31 റണ്‍സും നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ അസമിനും ആദ്യ വിക്കറ്റ് വളരെ പെട്ടെന്ന് നഷ്ടമായിരുന്നു. പിന്നാലെയെത്തിയവര്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും സ്‌കോര്‍ ബോര്‍ഡിന് വേണ്ടത്ര വേഗമുണ്ടായിരുന്നില്ല. ഇതിനൊപ്പം കൃത്യമായ ഇടവേളകളില്‍ കേരള ബൗളേഴ്‌സ് വിക്കറ്റ് വീഴ്ത്തിയതോടെ അസം പരുങ്ങലിലായി.

എന്നാല്‍ ടീം സ്‌കോര്‍ 48ല്‍ നില്‍ക്കെ കളത്തിലിറങ്ങിയ പരാഗ് കേരളത്തിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. ഒരുവശത്ത് അസം ബാറ്റര്‍മാരെ ആക്രമിക്കുമ്പോള്‍ മറുവശത്ത് പരാഗിനോട് അടി വാങ്ങാനായിരുന്നു സഞ്ജുവിന്റെ ബൗളര്‍മാരുടെ വിധി. പരാഗിന്റെ ആ ചെറുത്തുനില്‍പ് അസമിനെ വിജയത്തിലേക്കെത്തിക്കുകയും ചെയ്തു. കേരളത്തിന്റെ ആദ്യ തോല്‍വിയാണിത്.

33 പന്തില്‍ നിന്നും പുറത്താകാതെ 57 റണ്‍സാണ് പരാഗ് നേടിയത്. ഒരു ബൗണ്ടറിയും ആറ് സിക്‌സറുമായിരുന്നു പരാഗിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നത്.

ഇതോടെ ഗ്രൂപ്പ് ബിയില്‍ രണ്ടാം സ്ഥാനത്തെത്താനും അസമിനായി. ഏഴ് മത്സരത്തില്‍ നിന്നും അഞ്ച് വിജയവുമായി 20 പോയിന്റാണ് അസമിനുള്ളത്. ഏഴ് മത്സരത്തില്‍ നിന്നും ആറ് ജയവുമായി കേരളം ഒന്നാമതാണ്.

 

 

Content highlight: Riyan Parag scored 6 consecutive half centuries in T20 history