നവംബറില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ടീം ഇന്ത്യ. ലോകകപ്പിനുള്ള ടീം സെലക്ഷനില്‍ ഒരുപാട് ആരാധകരും ക്രിക്കറ്റ് ആരാധകരും അതൃപ്തി അറിയിച്ചിരുന്നു.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ ടീമില്‍ ഉള്‍പ്പെടുത്തിയതിനാണ് ക്രിക്കറ്റ് ലോകം ഇന്ത്യന്‍ ടീമിനെ വിമര്‍ശിച്ചത്. മറ്റു ഫോര്‍മാറ്റില്‍ കാഴ്ചവെക്കുന്ന മികവ് ട്വന്റി-20 ക്രിക്കറ്റില്‍ പുറത്തെടുക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് അദ്ദേഹത്തിന് വിമര്‍ശനം നേരിടേണ്ടി വരുന്നത്.
15 അംഗ സ്‌ക്വാഡില്‍ പന്തുണ്ടെങ്കിലും അദ്ദേഹത്തിനെ ആദ്യ ഇലവനില്‍ ഇറക്കണ്ട എന്നാണ് മുന്‍ ഇന്ത്യന്‍ താരമായ റീടിന്ദര്‍ സോദിയുടെ അഭിപ്രായം. ഏഷ്യാ കപ്പില്‍ പന്തിന് കാര്‍ത്തിക്കിന് മുകളില്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് അത് മുതലെടുക്കാന്‍ സാധിച്ചില്ല.
ഓസ്‌ട്രേലിയക്കെതിരെയുള്ള ട്വന്റി-20 മത്സരങ്ങള്‍ക്കാണ് കാര്‍ത്തിക്ക് പന്തിനെക്കാള്‍ അവസരം അര്‍ഹിക്കുന്നു എന്നാണ് സോദി പറഞ്ഞത്. ഏഷ്യാ കപ്പിന് മുമ്പ് വരെ താന്‍ പന്തിനെയാണ് പിന്തുണച്ചിരുന്നതെന്നും എന്നാല്‍ ഇനിയും കാര്‍ത്തിക്കിന് അര്‍ഹിച്ച സ്ഥാനം നല്‍കിയില്ലെങ്കില്‍ അത് മോശമാണെന്നും സോദി പറയുന്നു.