തിയേറ്ററുകളില്‍ ഇപ്പോള്‍ പ്രധാനമായും മികച്ച അഭിപ്രായങ്ങള്‍ നേടുന്നത് രണ്ട് സിനിമകളാണ്, ജയ ജയ ജയ ജയ ഹേയും മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സും. ഈ രണ്ട് ചിത്രങ്ങള്‍ തമ്മില്‍ ചില കണക്ഷനുകള്‍ ഉണ്ട്, ഗുരു ശിഷ്യ ബന്ധത്തിന്റെ കണക്ഷന്‍. ഗുരുവിനെ നായകനാക്കി ഒരു ശിഷ്യന്‍ ആദ്യമായി സംവിധാനം ചെയ്തപ്പോള്‍ മറ്റൊരു ശിഷ്യന്‍ സംവിധാനത്തിന് പുറമേ നായകനായും തകര്‍ക്കുകയാണ്.
വിനീത് ശ്രീനിവാസന്റെ കീഴില്‍ അസിസ്റ്റന്റ് ഡയറക്ടറായാണ് ബേസില്‍ ജോസഫ് തന്റെ സിനിമാ ജീവിതം ആരംഭിച്ചത്. വിനീതിന്റെയും ബേസിലിന്റെയും ചിത്രത്തില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട് അഭിനവ് സുന്ദര്‍ നായക്. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലൂടെ സംവിധായകനായപ്പോഴും വിനീതിനെ തന്നെ അഭിനവ് നായകനാക്കി.
2012ല്‍ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലാണ് വിനീതിന്റെ അസിസ്റ്റന്റായി ബേസില്‍ വരുന്നത്. ഇതിന് ശേഷം താന്‍ ആദ്യമായി സംവിധാനം ചെയ്ത കുഞ്ഞിരാമായണത്തില്‍ ബേസില്‍ വിനീതിനെ നായകനാക്കി. പിന്നീട് ബേസില്‍ ചെയ്ത രണ്ട് ചിത്രങ്ങളും മലയാള സിനിമയെ തന്നെ മാര്‍ക്ക് ചെയ്തവയാണ്. ഗോദ ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറിയപ്പോള്‍ മിന്നല്‍ മുരളി അന്താരാഷ്ട്രതലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ടു.
ബേസില്‍ എന്ന സംവിധായകനെ കണ്ണും പൂട്ടി വിശ്വസിക്കുന്നവരാണ് മലയാളി പ്രേക്ഷകര്‍. കാരണം കേവലം മൂന്ന് സിനിമകള്‍ മാത്രമാണ് സംവിധാനം ചെയ്തതെങ്കിലും ആ ചിത്രങ്ങള്‍ തന്നെ മലയാളി പ്രേക്ഷകരുടെ വിശ്വാസം നേടിയെടുക്കാന്‍ ധാരാളമായിരുന്നു.
ഇപ്പോള്‍ ആ വിശ്വാസം താന്‍ അഭിനയിക്കുന്ന സിനിമകളിലേക്ക് കൂടി സന്നിവേശിപ്പിച്ചിരിക്കുകയാണ് ബേസില്‍. മിനിമം ഗ്യാരണ്ടിയുള്ള നടനായി ബേസില്‍ മാറിയെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നു. അവസാനം ബേസില്‍ നായകനായ മൂന്ന് ചിത്രങ്ങളും തിയേറ്ററില്‍ ആളെ കയറ്റി. ജാന്‍ എ മന്‍, പാല്‍തു ജാന്‍വര്‍, ജയ ജയ ജയ ജയ ഹേ എന്നിവയിലൂടെ നായകനായുള്ള ബേസില്‍ ചിത്രങ്ങളുടെയും മാര്‍ജിന്‍ ഉയരുകയാണ്.
എഡിറ്റിങ്ങിലെ മാന്ത്രികത കൊണ്ട് സിനിമാ മേഖലയില്‍ നേരത്തെ തന്നെ ഫേമസായിരുന്നു അഭിനവ് സുന്ദര്‍ നായക്. യു ടൂ ബ്രൂട്ടസ്, ഉറിയടി, ആനന്ദം, ഗോദ എന്നീ ചിത്രങ്ങളിലെ അഭിനവിന്റെ എഡിറ്റിങ് പ്രശംസകള്‍ ഏറ്റുവാങ്ങിയിരുന്നു. കൂട്ടത്തില്‍ ഏറ്റവും ടാലന്റഡ് എന്ന് പലരും വിശേഷിപ്പിച്ച പ്രതിഭയാണ് അഭിനവ്. വിനീതിന്റെ ടീമില്‍ അഭിനവിന്റെ ആദ്യ സംവിധാനം സംരംഭത്തിനായി കാത്തിരുന്നവരും നിരവധിയാണ്.
ചെറിയ കൂട്ടങ്ങളില്‍ മാത്രം അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്ന അഭിനവ് തന്റെ ഗുരുവിനെ നായകനാക്കിയുള്ള ആദ്യചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ മനസിലേക്ക് തന്നെ കുടിയേറിയിരിക്കുകയാണ്. അതേസമയം തന്നെ ഇരുവരേയും വളര്‍ത്തിക്കൊണ്ടുവന്ന ഗുരുവും ക്യാമറക്ക് മുന്നിലും പിന്നിലും തകര്‍ക്കുകയാണ്.
Content Highlight: write up about the movies and career of basil joseph and abhinav sunder nayak