ലോറസ് വേള്‍ഡ് കംബാക്ക് ഓഫ് ദി ഇയര്‍ പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെട്ട് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത്. മരണത്തെ മുമ്പില്‍ കണ്ട അപകടത്തിന് ശേഷം കായിക ലോകത്തേക്ക് മടങ്ങി വരികയും നിരവധി പേര്‍ക്ക് പ്രചോദനമായതിനും പിന്നാലെയാണ് പന്ത് ലോറസ് അവാര്‍ഡിന്റെ ചുരുക്കപ്പെട്ടികയില്‍ ഇടം നേടിയത്.
ഗ്ലോബല്‍ സ്‌പോര്‍ട്‌സ് ഇതിഹാസങ്ങള്‍ക്കൊപ്പമാണ് റിഷബ് പന്ത് ഈ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്. ജിംനാസ്റ്റ് റബേക്ക അന്‍ഡ്രാഡെ, നീന്തല്‍ താരങ്ങളായ കാലെബ് ഡ്രാസെല്‍, അരിയാന്‍ ടിറ്റ്മസ്, സ്‌കീ റേസര്‍ ലാറ ഗട്ട്-ബെറാമി, മോട്ടോ ജി.പി താരം മാര്‍ക് മാര്‍ക്വെസ് എന്നിവരാണ് കംബാക് ഓഫ് ദി ഇയര്‍ അവാര്‍ഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇടം നേടിയത്.
പ്രസ്റ്റീജ്യസായ ലോറസ് അവാര്‍ഡിന്റെ 25ാം വാര്‍ഷികമാണ് ഇത്തവണ ആഘോഷിക്കുന്നത്. ഏപ്രില്‍ 21ന് മാഡ്രിഡില്‍ വെച്ചാണ് പുരസ്‌കാരങ്ങള്‍ സമ്മാനിക്കുക.
2022 ഡിസംബറിലാണ് റിഷബ് പന്തിന് അപകടം സംഭവിച്ചത്. ദല്‍ഹി – ഡെറാഡൂണ്‍ ഹൈവേയില്‍ വെച്ച് ഡിവൈഡറിലിടിച്ച് കാര്‍ പൂര്‍ണമായും കത്തിയമര്‍ന്നിരുന്നു. യാത്രക്കാരുടെ സമയോചിതമായ ഇടപെടലാണ് പന്തിനെ രക്ഷപ്പെടുത്തിയത്. അപകടത്തില്‍ താരത്തിന്റെ പുറം ഭാഗത്ത് പൊള്ളലേല്‍ക്കുകയും കാലിന്റെ ലിഗ്‌മെന്റ് പൊട്ടുകയും ചെയ്തിരുന്നു.
അപകടത്തിന് ശേഷം ഏറെ നാള്‍ ക്രിക്കറ്റില്‍ നിന്നും വിട്ടുനിന്ന താരം ബംഗ്ലാദേശിനെതിരെ സെഞ്ച്വറി നേടിക്കൊണ്ടാണ് തിരിച്ചുവരവ് ഗംഭീരമാക്കിയത്. ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എന്ന റെക്കോഡില്‍ ധോണിക്കൊപ്പമെത്താനും പന്തിന് സാധിച്ചു.
ഇതിനൊപ്പം 2024 ടി-20 ലോകകപ്പും പന്ത് നേടിയിരുന്നു.