വിക്കറ്റിന് പിന്നിൽ ധോണിക്ക് പോലുമില്ല ഇങ്ങനെയൊരു റെക്കോഡ്; ചരിത്രനേട്ടവുമായി പന്ത്
Cricket
വിക്കറ്റിന് പിന്നിൽ ധോണിക്ക് പോലുമില്ല ഇങ്ങനെയൊരു റെക്കോഡ്; ചരിത്രനേട്ടവുമായി പന്ത്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th April 2024, 10:05 pm

2024 ഐ.പി.എല്ലിലെ മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സ് ഗുജറാത്ത് ടൈറ്റന്‍സിനെ നേരിട്ടുകൊണ്ടിരിക്കുകയാണ്. അഹമ്മദാബാദ് നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ക്യാപ്പിറ്റല്‍സ് ഗുജറാത്തിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.

സന്ദര്‍ശകരുടെ തീരുമാനം കൃത്യമായി ശരിവെക്കുന്നതായിരുന്നു പിന്നീട് ഗ്രൗണ്ടില്‍ അരങ്ങേറിയത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്തിനെ 17.3 ഓവറില്‍ 89 റണ്‍സിന് പുറത്താക്കുകയായിരുന്നു ക്യാപ്പിറ്റല്‍സ്.

ക്യാപ്പിറ്റല്‍സ് ബൗളിങ്ങില്‍ മുകേഷ് കുമാര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനമാണ് നടത്തിയത്. 2.3 ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് താരം മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയത്.

ഇശാന്ത് ശര്‍മ, ട്രിസ്റ്റണ്‍ സ്റ്റപ്‌സ് എന്നിവര്‍ രണ്ട് വീതം വിക്കറ്റും ഖലീല്‍ അഹമ്മദ്, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വീതം വിക്കറ്റും വീഴ്ത്തി തകര്‍പ്പന്‍ ബൗളിങ് നടത്തിയപ്പോള്‍ ഗുജറാത്ത് ബാറ്റിംഗ് നിര സ്വന്തം തട്ടകത്തില്‍ തകര്‍ന്നടിയുകയായിരുന്നു.

24 പന്തില്‍ 31 റണ്‍സ് നേടിയ റാഷിദ് ഖാന്‍ ആണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. രണ്ടു ഫോറുകളും ഒരു സിക്‌സും ആണ് കാന്താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ബാക്കിയുള്ള താരങ്ങള്‍ക്കൊന്നും 20ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

മത്സരത്തില്‍ ദല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റിന് പിന്നില്‍ നായകന്‍ റിഷഭ് പന്ത് മിന്നും പ്രകടനമാണ് നടത്തിയത്. രണ്ട് തകര്‍പ്പന്‍ ക്യാച്ചും രണ്ട് മിന്നല്‍ സ്റ്റംപിങ്ങും നടത്തി കൊണ്ടാണ് പന്ത് കരുത്തുകാട്ടിയത്.

ഡേവിഡ് മില്ലര്‍, റാഷിദ് ഖാന്‍ എന്നിവരെ ക്യാച്ചിലൂടെയും അഭിനവ് മനോഹര്‍,
ഷാരൂഖ് ഖാന്‍ എന്നിവരെ സ്റ്റംപിങ്ങിലൂടെയുമാണ് പന്ത് പുറത്താക്കിയത്.

ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ക്യാപ്പിറ്റല്‍സ് നായകനെ തേടിയെത്തിയിരിക്കുന്നത്. ഐ.പി.എല്ലില്‍ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ ഡിസ്മിസലുകള്‍ നടത്തുന്ന രണ്ടാമത്തെ വിക്കറ്റ് കീപ്പര്‍ എന്ന നേട്ടമാണ് പന്ത് സ്വന്തമാക്കിയത്.

ഇതിനുമുമ്പ് ഈ നേട്ടം സ്വന്തമാക്കിയിരുന്നത് ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക് ആയിരുന്നു. 2009ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ ആയിരുന്നു ദിനേശ് കാര്‍ത്തിക്കിന്റെ തകര്‍പ്പന്‍ പ്രകടനം.

Content Highlight: Rishabh Pant create a new record in IPL