ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല; സുധീരനെതിരെ ആഞ്ഞടിച്ച് റിജില്‍ മാക്കുറ്റി
Kerala News
ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല; സുധീരനെതിരെ ആഞ്ഞടിച്ച് റിജില്‍ മാക്കുറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th November 2021, 3:45 pm

തിരുവനന്തപുരം: മുന്‍ കെ.പി.സി.സി പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ വി.എം. സുധീരനെതിരെ പരോക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് റിജില്‍ ചന്ദ്രന്‍ മാക്കുറ്റി. സ്വന്തം ഇമേജ് വര്‍ധിപ്പിക്കാന്‍ ശ്രമിച്ചതാണ് കോണ്‍ഗ്രസിനെ ഈ അവസ്ഥയിലേക്ക് എത്തിച്ചതെന്ന് റിജില്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘ചോദിക്കാനും പറയാനും ഒരു പ്രസിഡന്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ തോന്നി തുടങ്ങിയിട്ടുണ്ട്. അവര്‍ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്. ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല,’ റിജില്‍ പറഞ്ഞു.

കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ തുടര്‍ഭരണത്തിന് അവസരം നഷ്ടപ്പെടുത്തിയത് സുധീരനാണെന്നും പേര് പരാമര്‍ശിക്കാതെ റിജില്‍ പറഞ്ഞു.

‘കെ.പി.സി.സി പ്രസിഡന്റ് ആയ സമയത്ത് മന്ത്രിയായ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറ പോലെയുള്ള സീറ്റ് ആണ് നഷ്ടപ്പെടുത്തിയത്. സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി.എസ്. പോലും പറയാത്ത കാര്യങ്ങളാണ് അന്നത്തെ കെ.പി.സി.സി പ്രസിഡന്റ് പറഞ്ഞത്,’ റിജില്‍ പറഞ്ഞു.

നേരത്തെ സുധാകരനെതിരെ ആഞ്ഞടിച്ച് സുധീരന്‍ രംഗത്തെത്തിയിരുന്നു. സുധാകരന്റെ ആരാധകവൃന്ദം ‘കെ.എസ്.ബ്രിഗേഡിന്’ ഫാസിസ്റ്റ് സ്വഭാവമാണെന്ന് സുധീരന്‍ പറഞ്ഞിരുന്നു.

ഡി.സി.സി പുനസംഘടന മുതല്‍ നേതൃത്വത്തോട് ഇടഞ്ഞാണ് സുധീരന്‍ നില്‍ക്കുന്നത്.

റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നാല് MLA മാര്‍ ഉള്ള കണ്ണൂരില്‍ രണ്ട് പേര്‍ ഇപ്പോഴും ഉണ്ട്. തൃശ്ശൂരില്‍ ജനിച്ച് ആലപ്പുഴയില്‍ എം പി യായി തിരുവനന്തപുരത്ത് താമസിക്കുന്നനേതാവിന്റെ ജില്ലകളില്‍ മുന്നേ എത്ര MLA ഉണ്ടായിരുന്നു ,ഇപ്പോള്‍ എത്ര MLA ഉണ്ട് എന്ന് അറിഞ്ഞിട്ടാണോ കണ്ണൂരിനെ കുറിച്ച് വിമര്‍ശിക്കുന്നത്.

ഉമ്മന്‍ ചാണ്ടി സര്‍ ഭരിക്കുമ്പോള്‍ KPCC അദ്ധ്യക്ഷനായ നേതാവ് ഞാന്‍ KPCC പ്രസിഡന്റ് അല്ല പ്രതിപക്ഷ നേതാവാണെന്ന് പറഞ്ഞ് UDF സര്‍ക്കാരിനെതിരെയും കോണ്‍ഗ്രസ്സ് മന്ത്രിമാര്‍ക്ക് എതിരെ ആരോപണ ശരങ്ങള്‍ ഉന്നയിച്ച്, UDF ന്റെ തുടര്‍ ഭരണത്തെ തകര്‍ത്ത ആള്‍ തന്നെ ഇന്നത്തെ KPCC പ്രഡന്റിനെതിരെ പറയുമ്പോള്‍ അത് തനി കുശിമ്പ് കൊണ്ടാണെന്ന് ആളുകള്‍ക്ക് മനസ്സിലാകുന്നുണ്ട്.

പാലക്കാട് എം പി ശ്രി വി കെ ശ്രീകണ്ഠന്‍ പറഞ്ഞതാണ് നൂറു ശതമാനം ശരി കെ സുധാകരനാണ്KPCC പ്രസിഡന്റ്.അത് തന്നെയാണ് ലക്ഷകണക്കിനു വരുന്ന സാധാരണ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും പറയുന്നത്.

ചോദിക്കാനും പറയാനും ഒരു പ്രസിഡന്റ് ഉണ്ട് എന്ന ഫീലിംഗ് സാധാരണ പ്രവത്തകര്‍ക്ക് ഇപ്പോള്‍ തോന്നി തുടങ്ങിയിറ്റുണ്ട്. അവര്‍ ആവേശത്തിലാണ്. ദയവ് ചെയ്ത് അവരുടെ തീയെ കെടുത്തരുത്.ഗുളിക കഴിക്കുന്നത് പോലെ മൂന്നു നേരം ആദര്‍ശം മാത്രം പറഞ്ഞാല്‍ പാര്‍ട്ടി വളരില്ല.

പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കി സ്വന്തം ഇമേജ് വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചതാണ് ഈ അവസ്ഥയില്‍ എത്തിയത് .KPCC പ്രസിഡന്റ് ആയ സമയത്ത് മന്ത്രിയായ ശ്രി കെ ബാബുവിനോട് ചെയ്ത ക്രൂരത തൃപ്പൂണിത്തറപോലെയുള്ള സീറ്റ് ആണ് പരാജപ്പെടുത്തിയത്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് അന്നത്തെ പ്രതിപക്ഷ നേതാവ് വി എസ് പോലും പറയാത്ത കാര്യകളാണ് അന്നത്തെ KPCC പ്രസിഡന്റ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ സമയത്ത് കെ ബാബുവിനെതിരെ അന്ന് പറഞ്ഞത് , അത് ആരും മറന്നിട്ടില്ല.

KPCC പ്രസിഡന്റ് പദവി ഏറ്റെടുത്ത് എല്ലാം കുളമാക്കി അവസാനം ഇട്ട് എറിഞ്ഞ് രാജിവെച്ച് പോയ ആള്‍ ഇപ്പോഴും വാര്‍ത്ത കിട്ടാന്‍ രാജി നാടകവുമായി നടക്കുകയാണ്. ഈ രാജിയൊക്കെ വെറും പ്രഹസനമാണെന്ന് നാട്ടിലുള്ളവര്‍ക്കൊക്കെ മനസ്സിലായിറ്റുണ്ട്. ഈ പാര്‍ട്ടി ഒരിക്കലും രക്ഷപ്പെടാന്‍ പാടില്ലെന്ന ശകുനി മനസ്സാണ് KPCC പ്രസിഡന്റിനെതിരെ പ്രസ്ഥാവനയുമായി വരുന്നത്തിന്റെ പിന്നിലുള്ള ലക്ഷ്യം.


ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Rijil Chandran Makkutti against VM Sudheeran