അഹിന്ദുക്കള്‍ക്ക് വേണ്ടി ക്ഷേത്രങ്ങളുടെ സമ്പത്ത് ഉപയോഗിക്കരുത്; ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെ വിമര്‍ശിച്ച് ആര്‍.എസ്.എസ്
national news
അഹിന്ദുക്കള്‍ക്ക് വേണ്ടി ക്ഷേത്രങ്ങളുടെ സമ്പത്ത് ഉപയോഗിക്കരുത്; ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങളെ വിമര്‍ശിച്ച് ആര്‍.എസ്.എസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 15th October 2021, 4:01 pm

നാഗ്പൂര്‍: രാജ്യത്തെ ക്ഷേത്രങ്ങളുടെ പ്രവര്‍ത്തനാവകാശം ഹിന്ദുക്കളെ ഏല്‍പ്പിക്കണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവത്.

അത്തരം ക്ഷേത്രങ്ങളുടെ സമ്പത്ത് ഹിന്ദു സമൂഹത്തിന്റെ ക്ഷേമത്തിന് മാത്രമായി വിനിയോഗിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.

ദക്ഷിണേന്ത്യയിലെ ക്ഷേത്രങ്ങള്‍ പൂര്‍ണമായും സംസ്ഥാനസര്‍ക്കാരുകളുടെ നിയന്ത്രണത്തിലാണെന്നും ഇന്ത്യയിലെ മറ്റ് ഭാഗങ്ങളില്‍ ചില ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെയും ചിലത് ഭക്തരുടേയും നിയന്ത്രണത്തിലാണെന്നും ഭാഗവത് പറഞ്ഞു.

മാതാ വൈഷ്‌ണോ ദേവി ക്ഷേത്രം പോലുള്ള സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളുടെ വളരെ കാര്യക്ഷമമായി നടത്തുന്നുണ്ടെന്നും അതുപോലെ, ഭക്തര്‍ നടത്തുന്ന മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലെ ഷെഗാവിലെ ഗജാനന്‍ മഹാരാജ് ക്ഷേത്രം, ദല്‍ഹിയിലെ ജന്ദേവാല ക്ഷേത്രം എന്നിവ വളരെ കാര്യക്ഷമമായി നടത്തപ്പെടുന്നുണ്ടെന്നും ഭാഗവത് പറയുന്നു.

ഹിന്ദു ക്ഷേത്രങ്ങളിലെ സമ്പത്ത് അഹിന്ദുക്കള്‍ക്കും ഹിന്ദു ദൈവങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും വേണ്ടി ഉപയോഗിക്കുന്നെന്നും ഭാഗവത് പറഞ്ഞു.

ഹിന്ദുക്കള്‍ക്ക് ക്ഷേത്രങ്ങളിലെ സമ്പത്ത് ആവശ്യമായിട്ടും അത് അവര്‍ക്ക് വേണ്ടിയല്ല ഉപയോഗിക്കുന്നതെന്നും ഭാഗവത് പറഞ്ഞു. ക്ഷേത്രങ്ങളുടെ ഉടമ ദൈവം മാത്രമാണെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുണ്ടെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു.

”ദൈവത്തിനല്ലാതെ മറ്റാര്‍ക്കും ക്ഷേത്രത്തിന്റെ ഉടമയാകാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ട്. പുരോഹിതന്മാര്‍ മാനേജര്‍മാര്‍ മാത്രമാണ്. മാനേജ്‌മെന്റ് ആവശ്യങ്ങള്‍ക്കായി സര്‍ക്കാരിന് നിയന്ത്രണം ഏറ്റെടുക്കാമെന്നും അത് ചിലര്‍ക്ക് മാത്രമാണെന്നും പറഞ്ഞിട്ടുണ്ട്. എന്നാല്‍ പിന്നീട് അതിന്റെ ഉടമസ്ഥാവകാശം തിരികെ നല്‍കണം. അതിനാല്‍ ഇതിനെക്കുറിച്ച് ഒരു തീരുമാനം ശരിയായി എടുക്കേണ്ടതുണ്ട്. കൂടാതെ ഹിന്ദു സമൂഹം ഈ ക്ഷേത്രങ്ങള്‍ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ചും ഒരു തീരുമാനമെടുക്കേണ്ടതുണ്ട്,” മോഹന്‍ ഭാഗവത് പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlights: Rights of temples must be handed over to devotees; its wealth be used for Hindus only: Bhagwath