പദവി വിട്ടോടേണ്ടി വരുന്ന 'മൈ ഫ്രണ്ടു'കള്‍
World News
പദവി വിട്ടോടേണ്ടി വരുന്ന 'മൈ ഫ്രണ്ടു'കള്‍
നീതു രമമോഹന്‍
Tuesday, 12th July 2022, 8:09 pm

ഇക്കഴിഞ്ഞ ഒരു മാസത്തിനിടെ വിവിധ രാജ്യങ്ങളിലായി വലതുപക്ഷ സര്‍ക്കാരുകള്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമായി നിരവധി ലോകനേതാക്കളാണ് തുടര്‍ച്ചയായി സ്ഥാനമൊഴിഞ്ഞത്. ശ്രീലങ്കയിലും ഇസ്രഈലിലും ബ്രിട്ടനിലും പ്രസിഡന്റുമാരും പ്രധാനമന്ത്രിമാരും പല കാരണങ്ങള്‍ കൊണ്ട് രാജിവെച്ച് സ്ഥാനമൊഴിഞ്ഞ ആഴ്ചകളാണ് കടന്നുപോയത്.

ശ്രീലങ്കയില്‍ സര്‍ക്കാരിന് പോലും പിടിച്ചുനില്‍ക്കാനാവാത്ത നിലയിലേക്ക് ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുകയും അക്രമത്തിലേക്ക് വഴിവെക്കുകയും ചെയ്തതോടെയാണ് പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ രാജി വെച്ചതും പ്രസിഡന്റ് ഗോതബയ രജപക്‌സെ ഇപ്പോള്‍ രാജിക്ക് ഒരുങ്ങി നില്‍ക്കുന്നതും.

അതേസമയം, ഏറെ ചര്‍ച്ചയായ ‘പാര്‍ട്ടി ഗേറ്റ്’ വിവാദവും മന്ത്രിസഭയില്‍ നിന്നും പാര്‍ട്ടിയില്‍ നിന്നും അംഗങ്ങള്‍ തുടര്‍ച്ചയായി കൊഴിഞ്ഞ് പോയതുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണെ സ്ഥാനമൊഴിയുന്നതിന് നിര്‍ബന്ധിതനാക്കിയത്.

എന്നാല്‍ സഖ്യസര്‍ക്കാരില്‍ നിന്ന് അംഗങ്ങള്‍ കൊഴിഞ്ഞുപോയതും പാര്‍ട്ടിക്കും സര്‍ക്കാരിനും ഭൂരിപക്ഷം നഷ്ടമായതുമാണ് ഇസ്രഈല്‍ പ്രധാനമന്ത്രിയായിരുന്ന നഫ്താലി ബെന്നറ്റിനെ സ്ഥാനഭൃഷ്ടനാക്കിയത്. നിലവില്‍ വിദേശകാര്യ മന്ത്രി യയിര്‍ ലാപിഡാണ് രാജ്യത്തെ കാവല്‍ പ്രധാനമന്ത്രി.

ഇസ്രഈലിന്റെ മുന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനേക്കാള്‍ തീവ്ര ജൂത നിലപാടുള്ള നേതാവ് എന്ന ‘ബഹുമതി’യോടെയായിരുന്നു 2021 ജൂണില്‍ നഫ്താലി ബെന്നറ്റ് ഇസ്രഈലിന്റെ പതിമൂന്നാം പ്രധാനമന്ത്രിയായി അധികാരമേറ്റത്. വലതുപക്ഷ ജൂത പാര്‍ട്ടി മുതല്‍ പ്രോ ഫലസ്തീനിയന്‍ നേതാക്കളും അറബ് മുസ്‌ലിം പാര്‍ട്ടിയും വരെ അടങ്ങുന്ന സഖ്യസര്‍ക്കാരാണ് ബെന്നറ്റിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയത്.

ബെന്നറ്റ്

എന്നാല്‍ കൃത്യം ഒരു വര്‍ഷത്തിനിപ്പുറം രാജിവെച്ച് ഒഴിയേണ്ട നിലയിലേക്ക് വലതുപക്ഷ നേതാവായ ബെന്നറ്റ് എത്തിപ്പെട്ടു. 2022 ജൂണ്‍ 30നാണ് ബെന്നറ്റ് രാജിവെച്ച് സ്ഥാനമൊഴിഞ്ഞത്.

സഖ്യ സര്‍ക്കാരില്‍ നിന്നും തുടര്‍ച്ചയായി അംഗങ്ങള്‍ കൊഴിഞ്ഞ് പോകുകയും സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമാകുകയും ചെയ്തതോടെയായിരുന്നു ഈ നീക്കം. ഏപ്രിലില്‍, ബെന്നറ്റിന്റെ ജൂത നാഷണലിസ്റ്റ് പാര്‍ട്ടിയായ യമിന (Yamina)യില്‍ നിന്നുള്ള എം.പി ഇദിത് സില്‍മാന്‍ സഖ്യം വിട്ടതിനെത്തുടര്‍ന്ന് സഖ്യസര്‍ക്കാരിന്റെ ഭൂരിപക്ഷം നഷ്ടമായിരുന്നു. 120 അംഗ പാര്‍ലമെന്റില്‍ 60 സീറ്റുകള്‍ സര്‍ക്കാരിനും 60 സീറ്റുകള്‍ പ്രതിപക്ഷത്തിനും എന്ന നിലയിലായി.

പിന്നീട് യമിനയിലെ തന്നെ മറ്റൊരു അംഗം നിര്‍ ഒര്‍ബാക് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെ ബെന്നറ്റ് സര്‍ക്കാരിന്റെ തകര്‍ച്ച പൂര്‍ണമാവുകയായിരുന്നു.

സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനാകില്ലെന്നും പാര്‍ലമെന്റ് പിരിച്ചുവിടാന്‍ തയ്യാറാണെന്നും ബെന്നറ്റ് വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം നഷ്ടമായതോടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ഇസ്രഈലി സെറ്റില്‍മെന്റുകള്‍ക്ക് നിയമപരമായി സുരക്ഷ നല്‍കാന്‍ സര്‍ക്കാരിന് കഴിയാതിരുന്നതും രാജിക്ക് കാരണമായി.

ഇസ്രഈലി പാര്‍ലമെന്റായ നെസറ്റ് പിരിച്ചുവിടുകയും വിദേശകാര്യ മന്ത്രിയായിരുന്ന യായ്ര്‍ ലാപിഡ് (യെഷ് അതിദ് പാര്‍ട്ടി) അടുത്ത തെരഞ്ഞെടുപ്പ് നടന്ന് സര്‍ക്കാര്‍ രൂപീകരിക്കുന്നത് വരെ ഇടക്കാല പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തിരിക്കുകയുമാണ്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ച സമയത്തെ വ്യവസ്ഥകള്‍ പ്രകാരം 2023ലായിരുന്നു ലാപിഡ് പ്രധാനമന്ത്രിയാവേണ്ടിയിരുന്നത്.

യായ്ര്‍ ലാപിഡ്

മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് നടക്കാന്‍ പോകുന്ന അഞ്ചാമത്തെ തെരഞ്ഞെടുപ്പായിരിക്കും നവംബര്‍ ഒന്നിന് നടക്കാന്‍ പോകുന്നത്. തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് ബെന്നറ്റ് വ്യക്തമാക്കിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രിയും ലികുഡ് പാര്‍ട്ടി നേതാവുമായ ബെഞ്ചമിന്‍ നെതന്യാഹു അധികാരത്തിലേക്ക് തിരിച്ചെത്താനുള്ള എല്ലാ അണിയറനീക്കങ്ങങ്ങളും നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ബ്രിട്ടനില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ശക്തമായിരിക്കെ 2020 നവംബര്‍ 13ന് പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സണ്‍ നടത്തിയ പാര്‍ട്ടിയും ആഘോഷങ്ങളും അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ വിവാദമായിരുന്നു. ആഘോഷത്തില്‍ പങ്കെടുക്കുന്ന ബോറിസ് ജോണ്‍സന്റെ ചിത്രങ്ങളും വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.

ലൈംഗിക പീഡന ആരോപണങ്ങള്‍ നേരിട്ട കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എം.പി ക്രിസ് പിഞ്ചറിനെ ഡെപ്യൂട്ടി ചീഫ് വിപ്പ് സ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണ്‍ സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഇത് തെറ്റായി പോയെന്ന് ബോറിസ് ജോണ്‍സണ്‍ പിന്നീട് തുറന്ന് സമ്മതിക്കുകയും ചെയ്തു.

ഇതാണ് പെട്ടെന്നുണ്ടായ സര്‍ക്കാരിന്റെ വീഴ്ചക്ക് കാരണമായി പ്രവര്‍ത്തിച്ചത്.

രണ്ട് കാബിനറ്റ് മന്ത്രിമാര്‍ മന്ത്രിസഭയില്‍ നിന്ന് രാജി വെച്ചതോടെയാണ് ബോറിസ് ജോണ്‍സണും സര്‍ക്കാരിനും മേലുള്ള സമ്മര്‍ദം വര്‍ധിച്ചത്. ജൂലൈ അഞ്ചിന് യു.കെ സര്‍ക്കാരിന്റെ ഹെല്‍ത്ത് സെക്രട്ടറി സജിദ് ജാവിദ്, ചാന്‍സലര്‍ ഓഫ് എക്‌സ്‌ചെക്കര്‍ റിഷി സുനക് എന്നിവര്‍ തുടര്‍ച്ചയായി രാജിവെച്ചു.

റിഷി സുനക്, സജിദ് ജാവിദ്

പിന്നാലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി വൈസ് ചെയര്‍മാന്‍, സര്‍ക്കാരിന്റെ സോളിസിറ്റര്‍ ജനറല്‍ എന്നിവരുള്‍പ്പെടെ സര്‍ക്കാരിന്റെ ഭാഗമായിരുന്ന നിരവധി പാര്‍ലമെന്ററി പ്രൈവറ്റ് സെക്രട്ടറിമാരും ജൂനിയര്‍ മന്ത്രിമാരും രാജിവെച്ചുകൊണ്ട് പ്രതിഷേധം അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ 36 എം.പിമാര്‍ രാജി സമര്‍പ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ബോറിസ് ജോണ്‍സണ് സര്‍ക്കാരിനോടോ ജനങ്ങളോടോ സത്യസന്ധതയോ ആത്മാര്‍ത്ഥതയോ ഉണ്ടായിരുന്നില്ല എന്നാണ് കൊഴിഞ്ഞ് പോയവരെല്ലാം ആരോപിച്ചത്. തുടര്‍ന്ന് ‘നില്‍ക്കക്കള്ളിയില്ലാതെ’യാണ് അദ്ദേഹം ജൂലൈ ഏഴിന് പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പടിയിറങ്ങിയത്.

താന്‍ ഒരു കാരണവശാലും രാജിവെക്കില്ലെന്നും ഒരു തെരഞ്ഞെടുപ്പ് എന്നത് രാജ്യം ഏറ്റവുമൊടുവില്‍ മാത്രം ആഗ്രഹിക്കുന്ന കാര്യമായിരിക്കുമെന്നും ബ്രിട്ടീഷ് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുന്നില്‍ പറഞ്ഞ് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ജോണ്‍സന്റെ രാജി പ്രഖ്യാപനവും പുറത്തുവന്നത്.

ഇതിനിടെ മന്ത്രിസഭയിലെ മുതിര്‍ന്ന മന്ത്രിമാര്‍ തന്നെ ജോണ്‍സണ്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുന്നയിക്കുകയും ഇത്തരത്തില്‍ പ്രതികരിച്ച മുതിര്‍ന്ന മന്ത്രിയായ മൈക്കല്‍ ഗോവിനെ ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ നിന്നും പുറത്താക്കിയതടക്കമുള്ള ‘രാഷ്ട്രീയ നാടക’ങ്ങളും ബ്രിട്ടനില്‍ അരങ്ങേറി.

നിലവില്‍ കാവല്‍ പ്രധാനമന്ത്രി സ്ഥാനമാണ് ജോണ്‍സണുള്ളത്. പുതിയ പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍ ഏതാണ്ട് ഒക്ടോബര്‍ വരെ നീണ്ടേക്കും. അതുവരെ ഈ സ്ഥാനത്ത് അദ്ദേഹം തുടരും.

എന്നാല്‍ ജോണ്‍സന്റെ വലതുപക്ഷ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ മേധാവിത്തത്തിനും ഭൂരിപക്ഷത്തിനും കോട്ടമൊന്നും തട്ടിയിട്ടില്ല എന്നതിനാല്‍ തന്നെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി തന്നെയായിരിക്കും ഇനിയും ബ്രിട്ടന്‍ ഭരിക്കുക.

രണ്ടുമൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നടന്ന രാഷ്ട്രീയ കോലാഹലങ്ങളും കൂട്ടരാജികളുമാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയെ സ്ഥാനഭൃഷ്ടനാക്കിയതെങ്കില്‍ ശ്രീലങ്കയിലെ പ്രതിസന്ധിയും ഉന്നതതല രാഷ്ട്രീയ രാജികളും മാസങ്ങളായുള്ള സംഭവവികാസങ്ങളുടെ അനന്തരഫലമാണ്.

2021 മാര്‍ച്ച് മാസത്തോടെയായിരുന്നു ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും വിലക്കയറ്റവും ഇന്ധന- ഭക്ഷ്യ ക്ഷാമവും അതിനെതിരായ ജനങ്ങളുടെ പ്രതിഷേധവും മാധ്യമശ്രദ്ധ നേടിത്തുടങ്ങിയത്. എന്നാല്‍ അതിനും മാസങ്ങള്‍ക്ക് മുമ്പേ തന്നെ മഹീന്ദ രജപക്‌സെ- ഗോതബയ രജപക്‌സെ സര്‍ക്കാരിന്റെ വീണ്ടുവിചാരമില്ലാത്ത പോളിസികളും സാമ്പത്തിക- വിദേശ നയങ്ങളും രാജ്യത്തെ എല്ലാതരത്തിലും നശിപ്പിച്ച് തുടങ്ങിയിരുന്നു.

രാഷ്ട്രീയ പാര്‍ട്ടികളുടെയൊന്നും കാര്യമായ പിന്തുണയില്ലാതെ ഒറ്റക്കെട്ടായി ജനങ്ങള്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്ക് മുന്നില്‍ ലങ്കന്‍ സര്‍ക്കാരിന് പിടിച്ചുനില്‍ക്കാനായില്ല. വിദ്യാര്‍ത്ഥികളടങ്ങുന്ന യുവജനം കൂട്ടത്തോടെ തെരുവിലേക്കിറങ്ങിയതും സമരങ്ങളുടെ വീര്യം കൂട്ടിയിരുന്നു. മുമ്പെങ്ങുമില്ലാത്ത ഐക്യമാണ് രജപക്‌സെ സഹോദരങ്ങളുടെ ഭരണത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത ജനങ്ങളില്‍ കാണാന്‍ കഴിഞ്ഞത്.

പൊലീസ് വെടിവെപ്പില്‍ ജനങ്ങള്‍ കൊല്ലപ്പെടുന്നതടക്കമുള്ള അനിഷ്ട സംഭവങ്ങളും അതിനിടെ രാജ്യത്ത് നടന്നിരുന്നു.

ഒടുവില്‍ സ്വന്തം പാര്‍ട്ടിയായ ശ്രീലങ്ക ‘പൊതുജന പെരമുണ’ക്കകത്ത് (വലതുപക്ഷ സിംഹള പാര്‍ട്ടി) നിന്നുതന്നെ സമ്മര്‍ദ്ദമുയര്‍ന്നതോടെ 2022 മേയ് ഒമ്പതിന് മഹീന്ദ രജപക്‌സെ ശ്രീലങ്കന്‍ പ്രധാനമന്ത്രി സ്ഥാനം രാജിവെച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ സഹോദരന്‍ ഗോതബയ രജപക്‌സെ പ്രസിഡന്റ് സ്ഥാനത്ത് തന്നെ തുടര്‍ന്നു. അതുകൊണ്ട് തന്നെ പ്രതിഷേധസമരങ്ങള്‍ക്ക് രാജ്യത്ത് യാതൊരു അയവും വന്നിരുന്നില്ല.

മേയ് 12നാണ് റനില്‍ വിക്രമസിംഗെയെ പുതിയ പ്രധാനമന്ത്രിയായി പ്രസിഡന്റ് ഗോതബയ രജപക്‌സെ നിയമിച്ചത്. പ്രതിഷേധക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള നീക്കമാണ് ഇതെന്ന് അന്നുതന്നെ വിമര്‍ശനമുയര്‍ന്നിരുന്നു.

റനില്‍ വിക്രമസിംഗെ- ഗോതബയ രജപക്‌സെ സര്‍ക്കാര്‍ ഭരണം തുടങ്ങിയപ്പോഴും രാജ്യത്തെ ക്ഷാമങ്ങള്‍ക്കും ജനങ്ങളുടെ ദുരിതങ്ങള്‍ക്കും ഒരു കുറവുമുണ്ടായില്ല. ശ്രീലങ്ക പൂര്‍ണമായും പാപ്പരായെന്നും ഐ.എം.എഫ് അടക്കമുള്ളവരില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണെന്നും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ തന്നെ തുറന്ന് സമ്മതിച്ചിരുന്നു. ഇന്ത്യയും ചൈനയുമടക്കമുള്ള രാജ്യങ്ങളോടും ലങ്ക സഹായമഭ്യര്‍ത്ഥിച്ചിരുന്നു.

വിക്രമസിംഗെ

പിന്നീട് ഒരു ഘട്ടത്തില്‍ പ്രതിഷേധങ്ങള്‍ കുറച്ചൊന്ന് അയഞ്ഞു എന്ന തോന്നലുണ്ടായ സമയത്താണ് ജൂലൈ ആദ്യവാരം വീണ്ടും രാജ്യത്ത് പ്രതിഷേധങ്ങള്‍ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ട് അധികാരികള്‍ക്കെതിരെ ആഞ്ഞടിച്ചത്.

ജൂലൈ ഒമ്പതിന് ആയിരക്കണക്കിന് വരുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധക്കാര്‍ സുരക്ഷാ സേനകളുടെ എല്ലാ പ്രതിരോധവും മറികടന്ന് പ്രസിഡന്റ് ഗോതബയ രജപക്സെയുടെ സെന്‍ട്രല്‍ കൊളംബോയിലെ വസതിയിലേക്ക് അതിക്രമിച്ച് കടന്നു. ഗോതബയയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടായിരുന്നു പ്രതിഷേധം. ജനകീയ പ്രതിഷേധം പൂര്‍വാധികം ശക്തിയാര്‍ജിച്ചതോടെ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്.

പിന്നാലെ മഹീന്ദ രജപക്‌സെയുടെ വസതിക്ക് തീകൊളുത്തിയ അതേ രീതിയില്‍ തന്നെ റനില്‍ വിക്രമസിംഗെയുടെയും സ്വകാര്യ വസതിക്ക് പ്രതിഷേധക്കാര്‍ തീ കൊളുത്തി. എന്നാല്‍ ഗോതബയ രജപക്‌സെയുടെ വസതിയില്‍ അക്ഷരാത്ഥത്തില്‍ ‘ആര്‍മാദിക്കുകയാണ്’ പ്രതിഷേധക്കാര്‍. വെക്കേഷന് കുടുംബത്തോടൊപ്പം സന്ദര്‍ശിക്കാന്‍ വന്ന ഒരു ടൂറിസ്റ്റ് ഹോം പോലെയാണ് ഗോതബയയുടെ ഔദ്യോഗിക വസതിയെ സമരക്കാര്‍ കാണുന്നത്.

പ്രസിഡന്റിന്റെ വസതിയിലെ അടുക്കളയില്‍ കയറി പാചകം ചെയ്തും നീന്തല്‍ക്കുളത്തില്‍ കുളിച്ചും നോട്ടുകെട്ടുകള്‍ എണ്ണിയും പ്രതിഷേധം പ്രവര്‍ത്തിച്ച് തീര്‍ക്കുകയാണ് ശ്രീലങ്കയിലെ സാധാരണ ജനങ്ങള്‍.

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ബുധനാഴ്ച, ജൂലൈ 13ന് രാജി സമര്‍പ്പിക്കാമെന്ന് പാര്‍ലമെന്ററി സ്പീക്കര്‍ക്ക് വാക്ക് കൊടുത്തിരിക്കുകയാണ് ഗോതബയ രജപക്‌സെ. ഇനിയൊരിക്കലും പാര്‍ലമെന്ററി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല എന്ന് നേരത്തെ തന്നെ ഗോതബയ വെളിപ്പെടുത്തിയിരുന്നു. ഇതോടെ ശ്രീലങ്കന്‍ സൈന്യത്തില്‍ ലെഫ്റ്റനന്റ് കേണലും പിന്നീട് ഡിഫന്‍സ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച ഗോതബയയുടെ രാഷ്ട്രീയജീവിതം ഏകദേശം ക്ലൈമാക്‌സിലേക്ക് അടുക്കുകയാണ്.

അദ്ദേഹം ഇപ്പോള്‍ എവിടെയാണ് എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. എന്നാല്‍ രാജിക്ക് പിന്നാലെ അറസ്റ്റുണ്ടായേക്കുമെന്ന് ഭയന്ന് കടല്‍മാര്‍ഗം ഗോതബയ രാജ്യം വിടാനൊരുങ്ങുന്നു എന്നാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

മഹീന്ദ രജപക്‌സെ, ഗോതബയ രജപക്‌സെ

ഇതിനെല്ലാം തുടക്കമായി വലത് റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ നേതാവ് ഡൊണാള്‍ഡ് ട്രംപിന്റെ 2021 തെരഞ്ഞെടുപ്പിലെ പരാജയത്തെയും നോക്കിക്കാണാം. അമേരിക്കന്‍ ജനതയെ സോഷ്യല്‍ മീഡിയ ക്യാംപെയിനിങ്ങിലൂടെ കൃത്യമായി ‘മാനിപുലേറ്റ്’ ചെയ്ത് 2017ല്‍ അധികാരത്തിലേറിയെങ്കിലും മുന്‍ പ്രസിഡന്റുമാരെ പോലെ തുടര്‍ച്ചയായി രണ്ട് വട്ടം ഭരണത്തിലിരിക്കാന്‍ ട്രംപിന് സാധിച്ചിരുന്നില്ല. 2021 യു.എസ് പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് ജോ ബൈഡനോട് ദയനീയമായി പരാജയപ്പെടുകയായിരുന്നു ‘ഡിയര്‍ ഫ്രണ്ട്’ ട്രംപ്.

വലതുപക്ഷ നേതാക്കളുടെ തുടര്‍ച്ചയായുള്ള രാജികള്‍ വിവിധ ലോകരാജ്യങ്ങളിലെ വലത് സര്‍ക്കാരുകള്‍ക്കും അതിനെ നയിക്കുന്നവര്‍ക്കും തീര്‍ച്ചയായും ഒരു മുന്നറിയിപ്പ് തന്നെയാണ്. ജനദ്രോഹപരമായ നടപടികളുമായി മുന്നോട്ട് പോകുകയും ജനകീയ പ്രതിഷേധങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയും ചെയ്യുന്നത് സര്‍ക്കാരുകളായും അതിന്റെ തലപ്പത്തിരിക്കുന്നവരായാലും ഇന്നല്ലെങ്കില്‍ നാളെ സ്ഥാനമൊഴിയേണ്ടി വരും എന്നതിന്റെ കൃത്യമായ സൂചനകളാണ് ഈ രാജ്യങ്ങള്‍.

Content Highlight: Right wing leaders, presidents and prime ministers in Sri Lanka, Britain and Israel resigns continuously, message for many others

നീതു രമമോഹന്‍
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ് ട്രെയിനി, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ബിരുദാനന്തര ബിരുദവും ജേര്‍ണലിസത്തില്‍ പി.ജി ഡിപ്ലോമയും പൂര്‍ത്തിയാക്കിയിട്ടുണ്ട്.