സമീപകാലത്ത് ക്രിക്കറ്റില്‍ ഏറ്റവും സ്ഥിരതയുള്ള കളി കാഴ്ച വെക്കുന്ന താരമാണ് പാകിസ്ഥാന്‍ നായകന്‍ കൂടിയായ ബാബര്‍ അസം. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും മികച്ച ഫോമില്‍ കളിക്കുന്ന ബാബര്‍ നിരവധി റെക്കോഡുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്. ഇപ്പോഴിതാ ബാബറിനെ പുകഴ്ത്തി രംഗത്ത് വന്നിരിക്കുന്നത് ഓസ്‌ട്രേലിയയുടെ ഇതിഹാസ താരമായ റിക്കി പോണ്ടിങാണ്.
ബാബറിന്റെ ബാറ്റിങ് ഓരോ ദിവസവും കൂടുതല്‍ മികച്ചതായിക്കൊണ്ടിരിക്കുയാണെന്ന് പറഞ്ഞ പോണ്ടിങ് ഓസ്ട്രേലിയയില്‍ നടക്കാനിരിക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്റെ സാധ്യതകള്‍ ബാബറിന്റെ ബാറ്റിങിനെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞു. ബാബറിന് ശോഭിക്കാനായില്ലെങ്കില്‍ ടീമിന് വിജയിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയയ്ക്കെതിരായ ഒരു ടെസ്റ്റ് പരമ്പരയില്‍ അവനെ വ്യക്തിപരമായി ഞാന്‍ കണ്ടിരുന്നു. ടെസ്റ്റ് മാച്ച് ബാറ്റിങില്‍ ആകാശം മാത്രമാണ് അവന്റെ പരിധിയെന്ന് ഞാന്‍ കരുതി. എന്തായാലും, കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അവന്‍ കൂടുതല്‍ മെച്ചപ്പെട്ടിരിക്കുന്നു,’ ഐ.സി.സി റിവ്യൂവില്‍ പോണ്ടിങ് പറഞ്ഞു.
‘പാക്കിസ്ഥാന്റെ കരുത്ത് ഓപ്പണര്‍മാരായ ബാബര്‍ അസമിലും മുഹമ്മദ് റിസ്വാനിലുമാണുള്ളത്. ബൗളിങില്‍ ഈ വര്‍ഷത്തെ ടി20യില്‍ അവരുടെ വീക്ക്‌നെസ് സ്പിന്‍ ആയിരിക്കും. ഓസ്ട്രേലിയന്‍ പിച്ചുകള്‍ അവരെ സഹായിക്കില്ല. ഓപ്പണര്‍മാരും പുതിയ ബൗളര്‍മാരും പാകിസ്ഥാന് നിര്‍ണായകമാണ്. എന്നാല്‍ സ്പിന്നര്‍മാര്‍ക്ക് ഓസ്‌ട്രേലിയന്‍ പിച്ച് വെല്ലുവിളിയാണ്. അവര്‍ക്ക് വിക്കറ്റുകള്‍ ലഭിക്കണമെന്നില്ല,’ പോണ്ടിങ് കൂട്ടിച്ചേര്‍ത്തു.