'ഇന്ത്യയെ തോല്‍പിക്കാന്‍ മാത്രമെത്തുന്നവന്‍' ആരാധകര്‍ക്ക് ഞെട്ടല്‍; ഫൈനല്‍ നിയന്ത്രിക്കാന്‍ അവനെത്തുന്നു
icc world cup
'ഇന്ത്യയെ തോല്‍പിക്കാന്‍ മാത്രമെത്തുന്നവന്‍' ആരാധകര്‍ക്ക് ഞെട്ടല്‍; ഫൈനല്‍ നിയന്ത്രിക്കാന്‍ അവനെത്തുന്നു
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 18th November 2023, 9:52 am

ലോകകപ്പിന്റെ ഫൈനലിനുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചിരിക്കുകയാണ്. മുന്‍ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ആതിഥേയരായ ഇന്ത്യയുമാണ് ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ കൊമ്പുകോര്‍ക്കാന്‍ ഒരുങ്ങുന്നത്. നവംബര്‍ 19ന് ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയമാണ് ഫൈനലിന് വേദിയാകുന്നത്.

ഹോം ക്രൗഡിന്റെ പിന്തുണ തന്നെയാണ് ഇന്ത്യക്ക് ആവേശമാകുന്നത്. ഇതിന് പുറമെ 2011 മുതലിങ്ങോട്ട് ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യങ്ങളാണ് കിരീടമണിഞ്ഞിട്ടുള്ളതെന്ന വസ്തുതയും ആരാധകരില്‍ പ്രതീക്ഷയേറ്റുന്നുണ്ട്.

2015ല്‍ ഓസ്ട്രേലിയയും 2019ല്‍ ഇംഗ്ലണ്ടും കപ്പുയര്‍ത്തിയപ്പോള്‍ ഇരുവരും തന്നെയായിരുന്നു ഹോസ്റ്റ് നേഷന്‍. ഇത് വീണ്ടും ആവര്‍ത്തിച്ചാല്‍ ഇന്ത്യ കപ്പുയര്‍ത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

എന്നാല്‍ ലോകകപ്പിന്റെ ഫൈനല്‍ മത്സരം നിയന്ത്രിക്കുന്ന അമ്പയര്‍മാരുടെ പട്ടിക പുറത്തുവിട്ടതോടെ ആരാധകര്‍ക്ക് നെഞ്ചിടിച്ചുതുടങ്ങിയിട്ടുണ്ട്. ഐ.സി.സി ഇവന്റുകളില്‍ ഇന്ത്യയുടെ ‘കണ്ടക ശനി’ എന്ന് ആരാധകര്‍ വിളിക്കുന്ന റിച്ചാര്‍ഡ് കെറ്റില്‍ബെറോയാണ് കലാശപ്പോരാട്ടം നിയന്ത്രിക്കുന്നത് എന്നത് തന്നെയാണ് ഇതിന് കാരണവും.

ഇതോടെ ‘ഇത്തവണത്തെ ലോകകപ്പും കയ്യില്‍ നിന്നും പോയി’, ‘കെറ്റില്‍ബെറോ ഫൈനല്‍ നിയന്ത്രിക്കാതിരിക്കാന്‍ വല്ല വഴിയുമുണ്ടോ’ തുടങ്ങിയ പ്രതികരണങ്ങളാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്. കെറ്റില്‍ബെറോ കളി നിയന്ത്രിച്ചപ്പോഴെല്ലാം തന്നെ ഇന്ത്യക്ക് കണ്ണീര്‍ മാത്രമാണ് ഉണ്ടായതെന്നതാണ് ആരാധകരുടെ ആശങ്കക്ക് കാരണവും.

2014ന് ശേഷം കെറ്റില്‍ബെറോ നിയന്ത്രിച്ച ഒറ്റ നോക്ക് ഔട്ട് മത്സരത്തില്‍ പോലും ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചിട്ടില്ല. 2014 ഐ.സി.സി ടി-20 വേള്‍ഡ് കപ്പിന്റെ ഫൈനല്‍ മുതല്‍ 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ വരെ ഇന്ത്യ പരാജയപ്പെട്ടപ്പോഴെല്ലാം തന്നെ അമ്പയറുടെ റോളില്‍ കെറ്റില്‍ബെറോയും ഉണ്ടായിരുന്നു.

2014 ടി-20 ലോകകപ്പ് ഫൈനലില്‍ മലിംഗയുടെ ശ്രീലങ്കയോട് തോറ്റ് കപ്പിനും ചുണ്ടിനും ഇടയില്‍ കിരീടം നഷ്ടമാകുമ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലെ വിക്കറ്റിന് പിന്നില്‍ നിന്നിരുന്നത് കെറ്റില്‍ബെറോ ആയിരുന്നു.

2011ല്‍ നേടിയ ലോക കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ 2015 ഏകദിന ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തിലും സ്വന്തം മണ്ണില്‍ വെച്ച് നടന്ന 2016ലെ ടി-20 ലോകകപ്പിന്റെ സെമിയിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ കെറ്റില്‍ബെറോ ആയിരുന്നു അമ്പയര്‍.

പാകിസ്ഥാനോട് പടുകൂറ്റന്‍ പരാജയം നേരിട്ട് 2017 ചാമ്പ്യന്‍സ് ട്രോഫി അടിയറവെച്ചപ്പോഴും കെറ്റില്‍ബെറോ തന്നെയായിരുന്നു കളി നിയന്ത്രിച്ചത്.

2019 ഏകദിന ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിനോട് 18 റണ്‍സിന്റെ തോല്‍വിയേറ്റുവാങ്ങുമ്പോള്‍ കെറ്റില്‍ബെറോ തന്നെയായിരുന്നു ഓണ്‍ഫീല്‍ഡ് അമ്പയര്‍മാരില്‍ ഒരാള്‍. അന്ന് ധോണി റണ്‍ ഔട്ടാകുമ്പോഴുള്ള കെറ്റില്‍ബെറോയുടെ മുഖഭാവം ഒരു ക്രിക്കറ്റ് ആരാധകനും മറക്കാനിടയില്ല.

ലോകകപ്പില്‍ മാത്രമല്ല ന്യൂസിലാന്‍ഡിനെതിരെ ആദ്യ വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പരാജയപ്പെടുമ്പോഴും കെറ്റില്‍ബെറോ കളി നിയന്ത്രിച്ചിരുന്നു. ഇത്തവണ ഗ്രൗണ്ടില്‍ ഇറങ്ങിയല്ല, തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പ്രതീക്ഷിച്ചതുതന്നെ അന്നും സംഭവിച്ചു. ഇന്ത്യ വീണ്ടും കരഞ്ഞു.

ശേഷം 2023 വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലും തേര്‍ഡ് അമ്പയറുടെ റോളിലായിരുന്നു കെറ്റില്‍ബെറോ മത്സരം നിയന്ത്രിച്ചത്. ആരാധകര്‍ പേടിച്ചതുപോലെ ആ മത്സരത്തില്‍ ഇന്ത്യ പരാജയപ്പെടുകയായിരുന്നു.

 

നോക്ക് ഔട്ടില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ മാത്രമെത്തുന്നവന്‍ എന്ന ആരാധകരുടെ ശാപവാക്കുകളും പേറി കളിക്കളത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യാത്ത കെറ്റില്‍ബെറോ മറ്റൊരു നോക്ക് ഔട്ട് മത്സരം നിയന്ത്രിക്കാന്‍ വീണ്ടുമെത്തുകയാണ്. തുല്യശക്തികളുടെ പോരാട്ടത്തില്‍ കെറ്റില്‍ബെറോയുടെയും ഇല്ലിങ് വെര്‍ത്തിന്റെയും അമ്പയറിങ് തീരുമാനങ്ങളാകും മത്സരത്തിന്റെ വിധി നിശ്ചയിക്കുക.

ഫൈനല്‍ മത്സരം നിയന്ത്രിക്കുന്നവര്‍

ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ – റിച്ചാര്‍ഡ് കെറ്റില്‍ബെറോ, റിച്ചാര്‍ഡ് ഇല്ലിങ്‌വെര്‍ത്

തേര്‍ഡ് അമ്പയര്‍ – ജോയല്‍ വില്‍സണ്‍

ഫോര്‍ത് അമ്പയര്‍ – ക്രിസ് ഗഫാനി

മാച്ച് റഫറി – ആന്‍ഡി പൈക്രോഫ്റ്റ്

 

 

Content Highlight: Richard Kettleborough to take charge of ICC Men’s Cricket World Cup 2023 final