സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് രേവതി. 1983ല്‍ പുറത്തിറങ്ങിയ മന്‍ വാസനൈ എന്ന തമിഴ് ചിത്രത്തിലൂടെയാണ് അവര്‍ അഭിനയരംഗത്തേക്ക് വരുന്നത്. അതേവര്‍ഷം തന്നെ പുറത്തിറങ്ങിയ കാറ്റത്തെ കിളിക്കൂട് എന്ന സിനിമയിലൂടെയാണ് രേവതി ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നത്. പിന്നീട് തെലുങ്കിലും അഭിനയിക്കാന്‍ അവര്‍ക്ക് സാധിച്ചു.
താന്‍ അവസരത്തിനായി ആരേയും സമീപിച്ചിട്ടില്ലെന്നും അവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുകയാണ് രേവതി. ആദ്യ സിനിമയായ മന്‍ വാസനൈക്ക് ശേഷം നായികാപ്രാധാന്യമുള്ള ചാലഞ്ചിങ്ങായ കഥാപാത്രങ്ങളാണ് തന്നെ തേടിയെത്തിയതെന്നും നടി പറയുന്നു. മഹിളാരത്‌നത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു രേവതി.
താന്‍ അഭിനയിച്ച പുതുമൈ പെണ്‍ (1984) എന്ന തമിഴ് സിനിമയെ കുറിച്ചും രേവതി അഭിമുഖത്തില്‍ സംസാരിച്ചു. ആ സിനിമ ഇന്നാണ് റിലീസായതെങ്കില്‍ അത് ഈ സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയേനെ എന്നാണ് നടി പറയുന്നത്.
‘എന്റെ സിനിമാ ജീവിതത്തില്‍ ഞാന്‍ അവസരത്തിനായി ആരേയും സമീപിച്ചിട്ടില്ല. അവസരങ്ങള്‍ പ്രതീക്ഷിച്ചിരുന്നുമില്ല. ആദ്യ സിനിമക്ക് ശേഷം നായികാപ്രാധാന്യമുള്ള ചാലഞ്ചിങ്ങായ കഥാപാത്രങ്ങളാണ് എന്നെ തേടിയെത്തിയത്.
അന്നൊക്കെ കൃത്യമായി ഷൂട്ടിങ് തീര്‍ത്തുകൊടുത്ത് ഒഴിവുകിട്ടിയാല്‍ അപ്പോഴേ നാട്ടിലേക്ക് പായുമായിരുന്നു. സിനിമാലോകം തന്നെ മനസില്‍ നിന്ന് അകന്നിരിക്കും. ആ സമയത്ത് നാട്ടുകാരെയൊക്കെ കാണും. ധാരാളം പുസ്തകങ്ങള്‍ വായിക്കും. അതുകൊണ്ടൊക്കെ കിട്ടുന്ന കഥാപാത്രങ്ങളെ മനസിലേക്കാവാഹിച്ച് അഭിനയിക്കാന്‍ കഴിഞ്ഞു.
ഞാന്‍ അഭിനയിച്ച പുതുമൈ പെണ്‍ എന്ന സിനിമ ഇന്നാണ് റിലീസായതെങ്കില്‍ അത് ഈ സമൂഹത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്തിയേനെ. പതിനേഴാമത്തെ വയസില്‍ ഞാന്‍ വിധവയായി അഭിനയിച്ചു. ആ കഥാപാത്രം ചെയ്തതുകൊണ്ട് എന്റെ ഇമേജ് നഷ്ടപ്പെടുമോ? മറ്റുള്ളവര്‍ എന്ത് കരുതും? എന്നൊന്നും ചിന്തിച്ചിരുന്നില്ല.
ഒരു കഥ എന്റെ മനസിന് ഇഷ്ടപ്പെട്ടാല്‍ മാത്രമേ അഭിനയിക്കുകയുള്ളു. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഏത് സംവിധായകന്റേതായാലും ഏത് ഹീറോയുടേതായാലും എത്ര വലിയ പ്രതിഫലം തരാമെന്ന് പറഞ്ഞാലും അഭിനയിക്കില്ല. അതേസമയം കഥാപാത്രം ചെറുതായാലും ഒപ്പം അഭിനയിക്കുന്ന നടന്‍ പ്രശസ്തനല്ലെങ്കിലും കഥ ഇഷ്ടപ്പെട്ടാല്‍ തീര്‍ച്ചയായും അഭിനയിക്കും,’ രേവതി പറഞ്ഞു.
പുതുമൈ പെണ്‍:
എ.വി.എം പ്രൊഡക്ഷന്‍സ് നിര്‍മിച്ച് ഭാരതിരാജ സംവിധാനം ചെയ്ത് 1984ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പുതുമൈ പെണ്‍. തന്റെ പതിനേഴാം വയസില്‍ രേവതി സീത എന്ന ശക്തമായ കഥാപാത്രമായാണ് ഈ സിനിമയില്‍ എത്തിയത്. പാണ്ഡ്യനായിരുന്നു ചിത്രത്തില്‍ രേവതിയുടെ നായകനായി അഭിനയിച്ചത്.
Content Highlight: Revathy Talks About Her Pudhumai Penn Movie