വര്‍ഗീയ വേര്‍തിരിവിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച മുസ്‌ലിം സ്ത്രീകളെ ജയിലിലിട്ട നിങ്ങളെന്തു കൊണ്ട് കപില്‍ മിശ്രയെ കോടതിക്കു മുന്നില്‍ കൊണ്ടുവന്നില്ല; മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍
ന്യൂദല്‍ഹി: ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയ ദല്‍ഹി പൊലീസിന്റെ നടപടിക്കെതിരെ വ്യപാകമായി പ്രതിഷേധം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ ദല്‍ഹി പൊലീസിന്റെ നടപടിയെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്
മുന്‍ മുംബൈ പൊലീസ് കമ്മീഷണറായിരുന്ന റിട്ടയേര്‍ഡ് ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ജൂലിയോ റിബെയ്റോ.
കലാപത്തിലേക്ക് നയിച്ച പ്രകോപനപരവും വര്‍ഗീയവുമായ പൊതു പ്രസംഗങ്ങള്‍ നടത്തിയ മുതിര്‍ന്ന ബി.ജെ.പി നേതാക്കളെ അവഗണിച്ചുകൊണ്ട് സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്കെതിരെയാണ് ദല്‍ഹി പൊലീസ് നടപടിയെടുത്തതെന്ന് റിബെയ്റോ ദല്‍ഹി പൊലീസ് കമ്മീഷണര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞു.
യഥാര്‍ത്ഥ ദേശസ്‌നേഹികള്‍ ക്രിമിനല്‍ കേസുകളില്‍ കുടുങ്ങുകയാണെന്നും അദ്ദേഹം കത്തില്‍ പറയുന്നു. സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ ദല്‍ഹി പൊലീസ് നടപടിയെടുക്കുകയും അതേസമയം, വടക്കുകിഴക്കന്‍ ദല്‍ഹിയിലെ കലാപത്തിന് കാരണമായ വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയവര്‍ക്കെതിരെ മനപൂര്‍വ്വം കുറ്റകൃത്യങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതില്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.
‘എന്തുകൊണ്ടാണ് കപില്‍ മിശ്ര, അനുരാഗ് താക്കൂര്‍, പര്‍വേഷ് വര്‍മ എന്നിവരെ കോടതിക്കു മുന്നില്‍ ഹാജരാക്കാത്തത്?അതേസമയം, മതംഅടിസ്ഥാനമാക്കിയുള്ള വിവേചനത്തിനെതിരെ സമാധാനപരമായി പ്രതിഷേധിച്ച് മുസ്‌ലിം സ്ത്രീകളെ വേദനിപ്പിച്ചു. മാസങ്ങളോളം ഒരുമിച്ച് ജയിലിലടച്ചു’ അദ്ദേഹം കത്തില്‍ ചോദിച്ചു.
അതേസമയം, ദല്‍ഹി കലാപത്തില്‍ ഗൂഢാലോചനയില്‍ പങ്കുണ്ടെന്ന് ആരോപിച്ച് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അനുബന്ധ കുറ്റപത്രം ചുമത്തിയെന്ന മാധ്യമ വാര്‍ത്തകള്‍ നിഷേധിച്ച് ദല്‍ഹി പൊലീസ് രംഗത്തെത്തിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക