ബോക്‌സിങ് ഡേയില്‍ കങ്കാരുക്കളെ 'തറവാട്ടില്‍ കേറി ഇടിച്ചിട്ടത്' ഇന്ത്യ മാത്രം; ദി മൈറ്റി ഇന്ത്യ
Sports News
ബോക്‌സിങ് ഡേയില്‍ കങ്കാരുക്കളെ 'തറവാട്ടില്‍ കേറി ഇടിച്ചിട്ടത്' ഇന്ത്യ മാത്രം; ദി മൈറ്റി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 25th December 2023, 2:24 pm

ഡിസംബര്‍ 26ന് പാകിസ്ഥാനെതിരെ നടക്കുന്ന ബോക്‌സിങ് ഡേ ടെസ്റ്റിനുള്ള തയ്യാറെടുപ്പിലാണ് ഓസ്‌ട്രേലിയ. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-0 എന്ന ലീഡില്‍ ആതിഥേയര്‍ മുമ്പിലാണ്.

മെല്‍ബണില്‍ നടക്കുന്ന മത്സരത്തിന്റെ ഫലമെന്തെന്ന് അറിയാനാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. അവസാന ടെസ്റ്റില്‍ പാകിസ്ഥാന്‍ നിര്‍ണായക മാറ്റങ്ങള്‍ വരുത്തിയാണ് കളത്തിലിറങ്ങുന്നത് എന്നതാണ് ആരാധകരെ ആവേശത്തിലാഴ്ത്തുന്നത്.

ബോക്‌സിങ് ഡേ ടെസ്റ്റുകള്‍ എന്നും ഓസ്‌ട്രേലിയന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഒരു കലണ്ടര്‍ ഇയറില്‍ തങ്ങളുടെ പ്രിയ ടീമിന്റെ അവസാന മത്സരം എന്ന നിലയിലാണ് ആരാധകര്‍ ഇതിനെ നോക്കിക്കാണുന്നത്.

ആരാധകരുടെ ഈ ആവേശം അതുപോലെ മടക്കി നല്‍കാനും ഓസ്‌ട്രേലിയക്ക് സാധിച്ചിട്ടുണ്ട്. അവസാന പത്ത് ബോക്‌സിങ് ഡേ ടെസ്റ്റുകളില്‍ ആറ് മാച്ചുകളും ഓസ്‌ട്രേലിയ വിജയിച്ചിരുന്നു. രണ്ട് മത്സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ട് മത്സരങ്ങളില്‍ പരാജപ്പെടുകയും ചെയ്തു.

2014ല്‍ ഇന്ത്യയോട് സമനില വഴങ്ങിയ ഓസ്‌ട്രേലിയ 2017ല്‍ ഇംഗ്ലണ്ടിനോടും സമനിലയില്‍ കുരുങ്ങി.

2018ലും 2020ലുമാണ് ഓസ്‌ട്രേലിയ ബോക്‌സിങ് ഡേ ടെസ്റ്റില്‍ പരാജയപ്പെട്ടത്. രണ്ട് തവണയും ഓസ്‌ട്രേലിയയെ തോല്‍പിച്ചതാകട്ടെ ഇന്ത്യയും.

കഴിഞ്ഞ പതിറ്റാണ്ടില്‍ ഓസ്‌ട്രേലിയയെ ബോക്‌സിങ് ഡേയില്‍ പരാജയപ്പെടുത്തിയത് ഇന്ത്യ മാത്രമാണ് എന്നറിയുമ്പോഴാണ് ഈ വിജയത്തിന്റെ പ്രാധാന്യം വര്‍ധിക്കുന്നത്.

2018ലെ ബോക്‌സിങ് ഡേ ടെസ്റ്റില്‍ 137 റണ്‍സിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ജസ്പ്രീത് ബുംറ പന്തുകൊണ്ട് ആറാടിയ മത്സരത്തില്‍ ഓസ്‌ട്രേലിയ മെല്‍ബണില്‍ വീണു.

സ്‌കോര്‍ ബോര്‍ഡ്

മൂന്നാം ടെസ്റ്റ്, മെല്‍ബണ്‍, ഡിസംബര്‍ 26-30, ഇന്ത്യ ടൂര്‍ ഓഫ് ഓസ്‌ട്രേലിയ

ഇന്ത്യ – 443/7d & 106/8d

ഓസ്‌ട്രേലിയ – (T: 399) 151 & 261

നിര്‍ണായകമായ സീരീസ് ഡിസൈഡര്‍ ടെസ്റ്റില്‍ വിജയിച്ച ഇന്ത്യ 2-1ന് പരമ്പരയും സ്വന്തമാക്കിയിരുന്നു.

2020ല്‍ ഇന്ത്യ വീണ്ടും മെല്‍ബണില്‍ ഓസീസിന്റെ കണ്ണുനീര്‍ വീഴ്ത്തിയിരുന്നു. ഇത്തവണ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം.

ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. സെഞ്ച്വറിയടിച്ചാണ് രഹാനെ ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്.

സ്‌കോര്‍ ബോര്‍ഡ്

രണ്ടാം ടെസ്റ്റ്, മെല്‍ബണ്‍, ഡിസംബര്‍ 26-29, 2020, ഇന്ത്യ ടൂര്‍ ഓഫ് ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയ – 195 & 200

ഇന്ത്യ – (T:70) 326 & 70/2

നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-2ന് സമനിലയിലും കലാശിച്ചിരുന്നു.

കഴിഞ്ഞ പത്ത് വര്‍ഷങ്ങളിലെ ബോക്‌സിങ് ഡേ ടെസ്റ്റുകളിലെ ഓസ്‌ട്രേലിയയുടെ പ്രകടനം

(വര്‍ഷം – ഫലം – എതിരാളികള്‍ എന്നീ ക്രമത്തില്‍)

2022 – ജയം – സൗത്ത് ഓഫ്രിക്ക

2021 – ജയം – ഇംഗ്ലണ്ട്

2020 – തോല്‍വി – ഇന്ത്യ

2019 – ജയം – ന്യൂസിലാന്‍ഡ്

2018 – തോല്‍വി – ഇന്ത്യ

2017 – സമനില – ഇംഗ്ലണ്ട്

2016 – ജയം – പാകിസ്ഥാന്‍

2015 – ജയം – വെസ്റ്റ് ഇന്‍ഡീസ്

2014 – സമനില – ഇന്ത്യ

2013 – ജയം – ഇംഗ്ലണ്ട്

 

Content Highlight: Results of last 10 Boxing day test