മലപ്പുറം: മലപ്പുറം ജില്ലയില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങളുമായി ജില്ലാ ഭരണകൂടം. പതിനാറ് പഞ്ചായത്തുകളില്‍ കൂടി ഇന്ന് രാത്രി മുതല്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി മുപ്പത് ശതമാനത്തിനു മേലെ ഉള്ള പഞ്ചായത്തുകളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ജില്ലയിലെ ഏഴു പഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ആരാധനാലയങ്ങളിലും നിയന്ത്രണമേര്‍പ്പെടുത്തി. ചടങ്ങുകള്‍ ഉള്‍പ്പെടെ അഞ്ച് പേരില്‍ കൂടുതല്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. ജില്ലയിലെ ജനപ്രതിനിധികളും മതനേതാക്കളും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ദിവസം തോറും രോഗവ്യാപനവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ പങ്കെടുക്കുന്ന ആരാധനാ ചടങ്ങുകള്‍ നിശ്ചിത എണ്ണത്തിലേക്ക് പരിമിതപ്പെടുത്തേണ്ടതുണ്ട്. ഇക്കാര്യത്തില്‍ മത മേധാവികളുമായി നടത്തിയ ചര്‍ച്ചയില്‍ അഭിപ്രായ സമന്വയത്തിലെത്തി. പൊതുജനങ്ങള്‍ പ്രാര്‍ത്ഥനകള്‍ സ്വന്തം വീടുകളില്‍ വച്ച് തന്നെ നടത്തുന്നതാണ് ഉചിതം, വാര്‍ത്താകുറിപ്പില്‍ പറയുന്നു.
ജില്ലയില്‍ പ്രതിദിന രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്നലെ 2,776 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു. 378 പേര്‍ക്ക് രോഗമുക്തി നേടി. സമ്പര്‍ക്കത്തിലൂടെ 2,675 പേര്‍ക്കും ഉറവിടമറിയാത്ത 60 പേര്‍ക്കുമാണ് രോഗബാധ. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ ആകെ എണ്ണം 15,221 ആണ്. നിരീക്ഷണത്തിലുള്ളത് 30,484 പേരാണ്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക