Daily News
സ്‌കൂളുകളിലെ ഓണാഘോഷത്തിന് നിയന്ത്രണമില്ല; ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ സര്‍ക്കുലര്‍ പിന്‍വലിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Sep 02, 11:25 am
Friday, 2nd September 2016, 4:55 pm

വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് സര്‍ക്കുലര്‍ പിന്‍വലിപ്പിച്ചത്.


തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലെ ഓണാഘോഷത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കുലര്‍ പിന്‍വലിച്ചു. വിദ്യാഭ്യാസ മന്ത്രി ഇടപെട്ടാണ് സര്‍ക്കുലര്‍ പിന്‍വലിപ്പിച്ചത്.

നേരത്തെ, സ്‌കൂള്‍ സമയത്ത് ഓണാഘോഷം വേണ്ടെന്നു വ്യക്തമാക്കി ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ സര്‍ക്കുലല്‍ ഇറക്കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ജോലി സമയത്ത് ഓണാഘോഷം നടത്തേണ്ടെന്ന നിര്‍ദേശത്തിനു പിന്നാലെയാണ് സ്‌കൂളുകളിലും നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

സ്‌കൂള്‍ സമയത്ത് ഓണാഘോഷം പാടില്ല. അധികം പണം ചെലവഴിച്ചുള്ള ആഘോഷങ്ങളും വേണ്ട. ഓണാഘോഷത്തിനു യൂണിഫോം ധരിച്ചു സ്‌കൂളില്‍ എത്തിയാല്‍ മതിയെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു.

ഓണാഘോഷം അച്ചടക്കത്തിനു വിരുദ്ധമാകരുത്. സ്‌കൂളുകളിലെ ആരോഗ്യകരമായ അന്തരീക്ഷത്തിനു കോട്ടം തട്ടുന്ന രീതിയിലുള്ള സംഭവങ്ങള്‍ ഇത്തരം പരിപാടികള്‍ക്കിടെ ഉണ്ടാകുന്നതായി റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ഓണാഘോഷത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

പരീക്ഷകളെയോ ക്ലാസുകളെയോ പാഠ്യപാഠ്യേതര പ്രവര്‍ത്തനങ്ങളെയോ ബാധിക്കാത്ത രീതിയില്‍ മാത്രമേ ആഘോഷം നടത്താവൂ. ഇത്തരം പരിപാടികളില്‍ കുട്ടികള്‍ സ്‌കൂള്‍ യൂണിഫോം നിര്‍ബന്ധമായും ധരിച്ചിരിക്കണം. പ്രത്യേക വേഷവിധാനത്തോടെയുള്ള കലാപരിപാടികള്‍ അവതരിപ്പിക്കുകയാണെങ്കില്‍ മുന്‍കൂര്‍ അനുമതി വാങ്ങണമെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു.

ഓണാഘോഷത്തിന്റെ പേരില്‍ വലിയതോതില്‍ പണപ്പിരിവു പാടില്ല. ആഡംബരമായിരിക്കരുത് ആഘോഷത്തിന്റെ മുഖമുദ്ര. മിതമായ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രദ്ധിക്കണം. പ്രവൃത്തിദിവസം മുഴുവന്‍ ആഘോഷത്തിനായി മാറ്റിവയ്ക്കാന്‍ പാടില്ലെന്നും സര്‍ക്കുലര്‍ വ്യക്തമാക്കിയിരുന്നു. ഇതാണ് പിന്‍വലിച്ചിരിക്കുന്നത്.

സ്‌കൂളുകളില്‍ പ്രവൃത്തി ദിനങ്ങളില്‍ മാത്രമേ ഓണാഘോഷം നടക്കൂ. അവധി ദിനങ്ങളില്‍ ആഘോഷം നിശ്ചയിച്ചാല്‍ വിദ്യാര്‍ഥികള്‍ എത്തില്ലെന്നതാണു കാരണം.

അധ്യയന മണിക്കൂര്‍ തികയുന്നില്ലെന്നതിന്റെ പേരില്‍ നാലു ശനിയാഴ്ചകള്‍ കൂടി പ്രവൃത്തി ദിനമാക്കിയ ഉത്തരവ് വിവാദമായതിനു പിന്നാലെയാണ് ഓണാഘോഷത്തിനു മൂക്കുകയറിട്ട് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് പുതിയ സര്‍ക്കുലര്‍ ഇറങ്ങിയിരിക്കുന്നത്.