national news
ഒഡീഷയിൽ ദിവസം മൂന്ന് ശൈശവ വിവാഹങ്ങൾ വീതം നടക്കുന്നു, 2019 മുതൽ 2025 വരെ നടന്നത് 8,159 വിവാഹങ്ങൾ; റിപ്പോർട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 6:31 am

ഭുവനേശ്വർ: ഭരണകൂടം നടപടികൾ സ്വീകരിച്ചിട്ടും ഒഡീഷയിൽ ശൈശവ വിവാഹങ്ങൾ വർധിക്കുന്നതായി സർക്കാർ റിപ്പോർട്ട്. കഴിഞ്ഞ ആറ് വർഷത്തിനിടെ ഒഡീഷയിൽ ഓരോ ദിവസവും കുറഞ്ഞത് മൂന്ന് ബാലവിവാഹ കേസുകൾ വീതം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

2019 മുതൽ 2025 ഫെബ്രുവരി വരെ ഒഡീഷയിലുടനീളം 8,159 ശൈശവ വിവാഹങ്ങൾ നടന്നിട്ടുണ്ടെന്ന് ഡാറ്റ വെളിപ്പെടുത്തുന്നു. അതിൽ 1,347 കേസുകളും റിപ്പോർട്ട് ചെയ്യപ്പെട്ടത് നബരംഗ്പൂരിൽ നിന്നാണ്.

966 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഗഞ്ചം ജില്ലയാണ് രണ്ടാം സ്ഥാനത്തുള്ളത്. കോരാപുട്ട് 636 കേസുകളുമായി മൂന്നാം സ്ഥാനത്തുമാണ്. മയൂർഭഞ്ചിൽ നിന്നും 594 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റായഗഡയിൽ നിന്നും 408 കേസുകൾ , ബാലസോറിൽ നിന്ന് 361 കേസുകൾ, കിയോഞ്ജറിൽ നിന്നും 328 കേസുകൾ, കാണ്ഡമാലിൽ നിന്ന് 308 കേസുകൾ, നയാഗറിൽ നിന്ന് 308 കേസുകൾ എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ. ജാർസുഗുഡ ജില്ലയിലാണ് ഏറ്റവും കുറവ് ശൈശവ വിവാഹം നടന്നത്, 57 കേസുകൾ.

ഗോത്ര ആചാരങ്ങൾ, സ്ത്രീധനം, ദാരിദ്യം, പെൺമക്കൾ ഒളിച്ചോടുമോ എന്ന മാതാപിതാക്കളുടെ ഭയം എന്നിവയാണ് ശൈശവ വിവാഹം വർധിക്കുന്നതിന് കാരണമെന്ന് ഈ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവർത്തകർ പറയുന്നു.

ബാലവിവാഹം ഒറ്റരാത്രികൊണ്ട് പൂർണമായും നിർത്തലാക്കാൻ കഴിയില്ലെന്ന് സാമൂഹിക പ്രവർത്തക നമ്രത ഛദ്ദ പറഞ്ഞു.

‘ബാലവിവാഹം ഒറ്റരാത്രികൊണ്ട് പൂർണമായും നിർത്തലാക്കാൻ കഴിയില്ല. പെൺകുട്ടികളെ ബാലവിവാഹം ചെയ്ത് കൊടുക്കാതിരിക്കാൻ മാതാപിതാക്കളെ ബോധവാന്മാരാക്കേണ്ടതുണ്ട്. അത്തരം നടപടികൾ സ്വീകരിക്കാതിരിക്കാനുള്ള മികച്ച അന്തരീക്ഷം നാം അവർക്ക് വേണ്ടി സൃഷ്ടിക്കേണ്ടതുണ്ട്,’ സാമൂഹിക പ്രവർത്തക നമ്രത ഛദ്ദ പറഞ്ഞു.

പ്രായപൂർത്തിയാകാത്ത കുട്ടികളെ വിവാഹം കഴിപ്പിക്കുന്നത് ആദിവാസികളുടെ, പ്രത്യേകിച്ച് ദുർബല വിഭാഗങ്ങളുടെ പരമ്പരാഗത രീതിയാണെന്ന് അവർ പറഞ്ഞു.

വധുവിന്റെ പ്രായം കൂടുന്തോറും സ്ത്രീധനം നൽകേണ്ടി വരുന്നതിനാലും മാതാപിതാക്കൾ ശൈശവ വിവാഹം നടത്തുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. ‘ഒരു പെൺകുട്ടിയുടെ ഭാവി എന്നത് വിവാഹം മാത്രമാണെന്ന് എന്ന് അവർ കരുതാതിരിക്കാൻ, അവർക്ക് ശരിയായ വിദ്യാഭ്യാസമോ നൈപുണ്യ വികസന പരിശീലനമോ നൽകാൻ കഴിഞ്ഞാൽ ശൈശവ വിവാഹമെന്ന ഭീഷണി ഒരു പരിധി വരെ നമുക്ക് തടയാൻ സാധിക്കും,’ ഛദ്ദ പറഞ്ഞു.

ശൈശവ വിവാഹങ്ങൾ തടയുന്നതിനായി ഒഡീഷ സർക്കാർ ഓരോ മൂന്ന് മാസത്തിലും പഞ്ചായത്ത്, ബ്ലോക്ക്, അംഗൻവാടി തലങ്ങളിൽ ബോധവൽക്കരണ കാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ പറഞ്ഞു. ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ, പഞ്ചായത്ത് എക്‌സിക്യൂട്ടീവ് ഓഫീസർ, റെസിഡൻഷ്യൽ ഹോസ്റ്റലുകളുടെ വാർഡൻമാർ എന്നിവരെ മുഖ്യ വിവാഹ നിരോധന ഓഫീസർമാരായി നിയമിച്ചിട്ടുണ്ട്.

അതുപോലെ, എല്ലാ സ്കൂളുകളുടെയും കോളേജുകളുടെയും മേധാവികളെ ചീഫ് വിവാഹ വിവര ഓഫീസർമാരായി നിയമിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടാതെ, ശൈശവ വിവാഹ നിരോധന നിയമപ്രകാരം രൂപീകരിച്ച സംസ്ഥാനതല സമിതികളുടെ യോഗങ്ങൾ സർക്കാർ ആറുമാസത്തിലൊരിക്കൽ നടത്തിവരുന്നു. പ്രായപൂർത്തിയാകാത്ത വിവാഹങ്ങൾക്കൊപ്പം, ബാലവേലയുടെ വെല്ലുവിളിയും സംസ്ഥാനം നേരിടുന്നു. ഇതേ ആറ് വർഷത്തിനുള്ളിൽ, ബാലവേല ചെയ്തിരുന്ന 328 കുട്ടികളെ അധികൃതർ രക്ഷപ്പെടുത്തി.

Content Highlight: Odisha reports three child marriages daily, Nabarangpur district tops list with 1,347 cases