2002ല്‍ കമലിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നമ്മളിലൂടെ സിനിമാരംഗത്തേക്ക് എത്തിയ അഭിനേത്രിയാണ് ഭാവന. ചിത്രത്തിലെ പരിമളം എന്ന കഥാപാത്രം വളരെയധികം ശ്രദ്ധേയമായി. പിന്നീട് മലയാളത്തിന്റെ മുന്‍നിരയില്‍ വളരെ വേഗത്തില്‍ സ്ഥാനം പിടിച്ച ഭാവന തമിഴിലും തെലുങ്കിലും കന്നഡയിലും തന്റെ സാന്നിധ്യമറിയിച്ചു.
ഇപ്പോള്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ടതും വിശേഷങ്ങള്‍ പങ്കുവെക്കുന്നതുമായ തന്റെ തമിഴ് സിനിമയെ കുറിച്ച് പറയുകയാണ് ഭാവന. എല്ലാ സിനിമകളും ചെയ്തത് പോലെ തന്നെയാണ് താന്‍ ദീപാവലി എന്ന ചിത്രം ചെയ്തതെന്നും എന്നാല്‍ എല്ലാവര്‍ക്കും പ്രിയപ്പെട്ട തന്റെ തമിഴ് സിനിമ ദീപാവലിയാണെന്നും ഭാവന പറഞ്ഞു.
‘എല്ലാ പടവും കമ്മിറ്റ് ചെയ്തതുപോലെയാണ് ദീപാവലിയും കമ്മിറ്റ് ചെയ്തത്. എല്ലാ സിനിമയും ചെയ്യുന്നത് പോലെ തന്നെയാണ് ദീപാവലിയും ചെയ്തത്. വളരെ ഫണ്ണിയായും സിമ്പിളായുമെല്ലാമാണ് അത് ചെയ്തത്. എന്നാല്‍ ഇപ്പോള്‍ ചെന്നൈയിലെത്തിയപ്പോഴും ഞാന്‍ കണ്ട ഒരാള്‍ പോലും ദീപാവലിയെ കുറിച്ച് പറയാതിരുന്നിട്ടില്ല.
എല്ലാവരും ദീപാവലിയെ കുറിച്ച് സംസാരിക്കും. അപ്പോള്‍ എനിക്ക് തന്നെ തോന്നും ‘അപ്പടിയാ…അപ്പടിയാ’ എന്ന്. ഓരോ ദിവസവും ഇന്‍സ്റ്റഗ്രാം നോക്കുമ്പോള്‍ ഒന്നോ രണ്ടോ ടാഗെങ്കിലും ദീപാവലിയുടേതായി ഉണ്ടാകും. അത് റീലായിട്ടോ പാട്ടായിട്ടോ ഒക്കെയാകും. എനിക്ക് തോന്നുന്നത് ദീപാവലിയാണ് എല്ലാവരുടെയും പ്രിയപ്പെട്ടതെന്നാണ്,’ ഭാവന പറഞ്ഞു.
എസ്.എസ് മ്യൂസിക്കിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഭാവന. ഇത്ര വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ദീപാവലിയിലെ കഥാപാത്രങ്ങളായ ബില്ലുവിനെയും സുസിയെയും ആളുകള്‍ ഓര്‍ക്കുന്നുണ്ടെന്നും അതൊരു അടിപൊളിയായ കാര്യമാണെന്നും ഭാവന കൂട്ടിച്ചേര്‍ത്തു.
അപ്രതീക്ഷിതമായി സോഷ്യല്‍ മീഡിയയിലെ ചില പ്രതികരണങ്ങള്‍ കാണുമ്പോള്‍ പെട്ടെന്ന് ടെന്‍ഷനാകുമെന്നും നൂറ് പോസിറ്റീവ് കമന്റുകള്‍ ഉണ്ടെങ്കിലും ഒരേയൊരു നെഗറ്റീവ് കമന്റിലേക്കാണ് ശ്രദ്ധ പോകുകയെന്നും ഭാവന പറഞ്ഞു. ആദ്യമൊക്കെ ഇത്തരം പ്രതികരണങ്ങളെ താന്‍ വ്യക്തിപരമായി കാണുമായിരുന്നുവെന്നും ഇപ്പോള്‍ എന്തെങ്കിലും ചെയ്യട്ടെ എന്ന ചിന്താഗതിയില്‍ എത്തിയെന്നും ഭാവന പറയുന്നു.
ദീപാവലി
2007ല്‍ പുറത്തിറങ്ങിയ തമിഴ് റൊമാന്റിക് ചിത്രമാണ് ദീപാവലി. എഴില്‍ എഴുതി സംവിധാനം ചെയ്ത് ചിത്രം തിരുപ്പതി ബ്രദേര്‍സാണ് നിര്‍മിച്ചത്. ഭാവനയെ കൂടാതെ രവി മോഹന്‍, രഘുവരന്‍, ലാല്‍, വിജയകുമാര്‍, കൊച്ചിന്‍ ഹനീഫ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളായെത്തിയത്.
Content Highlight: Bhavana talks about her Tamil film, which everyone likes