national news
ഹൈക്കോടതി ജഡ്ജിയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവം; റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Sunday, 23rd March 2025, 8:00 am

ന്യൂദൽഹി: ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയുടെ വസതിയിൽ നിന്ന് പണം കണ്ടെത്തിയ സംഭവത്തിൽ ദൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ ഉപാധ്യായ സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിട്ട് സുപ്രീം കോടതി. സുപ്രീം കോടതി വെബ്‌സൈറ്റിലാണ് റിപ്പോർട്ട് അപ്‌ലോഡ് ചെയ്തത്. തെളിവുകളടങ്ങുന്ന റിപ്പോർട്ടാണ് പ്രസിദ്ധീകരിച്ചത്. പണം കണ്ടെത്തിയതിന്റെ ഫോട്ടോയും ഒപ്പം യശ്വന്ത് വർമയുടെ വിശദമായ പ്രതികരണവും പുറത്തുവിട്ട  റിപ്പോർട്ടിലുണ്ട്.

സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. സുപ്രീം കോടതി കൊളീജിയം അംഗങ്ങളായ ജസ്റ്റിസ് ബി.ആർ ഗവായ്, ജസ്റ്റിസ് സുര്യകാന്ത്, ജസ്റ്റിസ് എ.എസ് ഓഖ, ജസ്റ്റിസ് വിക്രംനാഥ് എന്നിവരുമായി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

ഹൈക്കോടതി ജഡ്ജിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് റിപ്പോർട്ട് പുറത്തുവന്നത്.

ദൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് മൻമോഹൻ ഉപാധ്യായയുടെ റിപ്പോർട്ട് പ്രകാരം, മാർച്ച് 14 ന് രാത്രി ഏകദേശം 11:30 ഓടെയാണ് ജസ്റ്റിസ് വർമയുടെ വസതിയിലെ സ്റ്റോർ റൂമിൽ തീപിടുത്തമുണ്ടായത്. വീട്ടുജോലിക്കാർ അറിയിച്ചതിനെ തുടർന്ന് ജസ്റ്റിസ് വർമയുടെ പേഴ്‌സണൽ സെക്രട്ടറിയാണ് തീപിടുത്തത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്തത്. അടുത്ത ദിവസം, ചീഫ് ജസ്റ്റിസ് ഉപാധ്യായയും ഹൈക്കോടതി രജിസ്ട്രാറും ബംഗ്ലാവ് സന്ദർശിക്കുകയും സ്ഥലം നേരിട്ട് പരിശോധിക്കുകയും ചെയ്തു. പ്രധാന താമസസ്ഥലങ്ങളിൽ നിന്ന് വേറിട്ടാണ് സ്റ്റോർറൂം സ്ഥിതി ചെയ്യുന്നതെന്നും ജസ്റ്റിസ് വർമയുടെ സേവകർ, തോട്ടക്കാർ, ഇടയ്ക്കിടെ സി.പി.ഡബ്ല്യു.ഡി ജീവനക്കാർ തുടങ്ങി പരിമിതമായ ആളുകൾക്ക് മാത്രമേ പ്രവേശനം ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു.

സംഭവസ്ഥലത്ത് നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ദൽഹി പൊലീസ് കമ്മീഷണർ ചീഫ് ജസ്റ്റിസ് ഉപാധ്യായയുമായി പങ്കിട്ടിരുന്നു, അതിൽ പണത്തിന്റെ ചാക്കുകൾ ഉണ്ടായിരുന്നു. അവയിൽ ചിലത് കത്തിനശിച്ച നിലയിലായിരുന്നു.

സ്റ്റോർ റൂമിൽ കണ്ടെത്തിയ പണം തനിക്കെതിരെയുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് യശ്വന്ത് വർമയുടെ വിശദീകരണം. പണം തന്റേതല്ലെന്നും അത് സ്റ്റോർ റൂമിൽ എങ്ങനെ എത്തിയെന്നതിനെക്കുറിച്ച് തനിക്ക് അറിവില്ലെന്നും ചീഫ് ജസ്റ്റിസിന് നൽകിയ ഔപചാരിക പ്രതികരണത്തിൽ യശ്വന്ത് വർമ പറഞ്ഞു.

‘ഞാനോ എന്റെ കുടുംബാംഗങ്ങളോ ആ സ്റ്റോർറൂമിൽ ഒരിക്കലും പണമൊന്നും സൂക്ഷിച്ചിട്ടില്ലെന്ന് ഞാൻ വ്യക്തമായി പറയുന്നു. ഈ പണം ഞങ്ങളുടേതാണെന്ന വാദം അസംബന്ധമാണ്. എല്ലാവർക്കും ഉപയോഗിക്കാൻ സാധിക്കുന്ന സ്ഥലമാണ് സ്റ്റോർറൂം,’ ജസ്റ്റിസ് യശ്വന്ത് വർമ പറഞ്ഞു.

അതേസമയം ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ സഞ്ജീവ് ഖന്ന മൂന്നംഗ സമിതി രൂപീകരിച്ചു. പഞ്ചാബ്, ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഷീല്‍ നാഗു, ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജി.എസ്. സന്ധവാലിയ, കര്‍ണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമന്‍ എന്നിവരടക്കമുള്ളവരാണ് പാനലിലുള്ളത്.

Content Highlight: Supreme Court releases report on money found at High Court judge’s residence