ഉദ്യോഗക്കയറ്റ സംവരണവും സംവരണവിരുദ്ധതയും
Reservation In Promotions
ഉദ്യോഗക്കയറ്റ സംവരണവും സംവരണവിരുദ്ധതയും
ആര്‍. അനിരുദ്ധന്‍
Thursday, 4th October 2018, 6:03 pm

പ്രൊമോഷനിലെ സംവരണവും ക്രീമിലെയര്‍ വാദവും /ജാതി സമ്പ്രദായം സൃഷ്ടിച്ച വിവേചനത്തിന്റെയും ഉചനീചത്വത്തിന്റെയും അനന്തര ഫലമായി നൂറ്റാണ്ടുകളോളം സാമൂഹിക നീതിയുടെയും വികസനത്തിന്റെയും ഭൂമികയില്‍ നിന്നും പിന്തള്ളപ്പെടുകയും തത്ഫലമായി അവസരസമത്വവും വികസന സ്വാതന്ത്ര്യവും നഷ്ടപ്പെടുകയും ചെയ്ത ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെ മുന്‍നിരയിലേക്ക് ഉയര്‍ത്തെഴുന്നേല്‍ക്കാനുള്ള ഉപാധി എന്ന നിലയിലാണല്ലോ ഭരണഘടനയില്‍ സംവരണ പരിരക്ഷകള്‍ വ്യവസ്ഥ ചെയ്തിട്ടുള്ളത്?

ഭരണഘടന വിഭാവനം ചെയ്യുന്ന, നീതിയില്‍ അധിഷ്ഠിതമായ ആദര്‍ശ സമൂഹത്തിന്റെ രൂപീകരണത്തിന് അനുപേക്ഷണീയമായ ഉപാധി എന്ന നിലയിലും ഭരണഘടനയിലെ സംവരണ പരിരക്ഷകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. വിവേചനരഹിത പരിരക്ഷാ നടപടി എന്ന നിലയില്‍ ഭരണഘടന നിഷ്‌കര്‍ഷിക്കുന്ന സംവരണ പരിരക്ഷകള്‍ വര്‍ത്തമാന കാലഘട്ടത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ നേരിടുന്ന ജാതീയമായ ബഹിഷ്‌കരണത്തെ അഭിസംബോധന ചെയ്യുന്നതോടൊപ്പം എല്ലാ മേഖലയിലും ഈ വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതിക പ്രാതിനിധ്യം അഥവാ അവസര സമത്വം ഉറപ്പാക്കുകയും ചെയ്യുന്നു.

നിറം, വംശം, മതം, ഭാഷ, ദേശം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ വിവേചനം നിലനിന്നിരുന്ന രാജ്യങ്ങളിലെല്ലാം കൊളോണിയല്‍ കാലഘട്ടത്തിന് ശേഷം നിലവില്‍ വന്ന ദേശ-രാഷ്ടങ്ങള്‍ നിയമനിര്‍മാണത്തിലൂടെ അത്തരം വിവേചനങ്ങള്‍ ഉന്മൂലനം ചെയ്യുകയും, വിവേചനത്തിന് വിധേയരായിരുന്ന ന്യൂനപക്ഷങ്ങള്‍ക്ക് അവസര സമത്വവും സാമൂഹിക നീതിയും സ്ഥിരീകരിക്കാന്‍ വിവേചനരഹിത പരിരക്ഷാ നടപടി (Affirmative Action) പോലുള്ള നിയമങ്ങള്‍ നിര്‍മിച്ച് നടപ്പാക്കുകയും ചെയ്തു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്.

 

ഇന്ത്യയിലാകട്ടെ വര്‍ണവിവേചനത്തെക്കാള്‍ ഭീകരമായ ജാതിവിവേചനമാണ് നൂറ്റാണ്ടുകളായി നിലനിന്നത് അഥവാ ഇപ്പോഴും നിലനില്‍ക്കുന്നത്. 1950-ല്‍ നിലവില്‍ വന്ന ഭരണഘടന തൊട്ടുകൂടായ്മ നിരോധിച്ചെങ്കിലും (അനു: 17 ) ജാതിയും ജാതീയമായ വിവേചനവും തൊട്ടുകൂടായ്മയും തത്ജന്യമായ അതിക്രമങ്ങളും ഇപ്പോഴും നിലനില്‍ക്കുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.

ജാതി സമ്പ്രദായം സൃഷ്ടിച്ച ഉച്ചനീചത്വത്തിന്റെ പരിണിത ഫലമായാണ് അടിസ്ഥാന ജനവിഭാഗങ്ങള്‍ ചരിത്രത്തിലുടനീളം വിവേചനങ്ങള്‍ക്കും അനീതിക്കും അടിച്ചമര്‍ത്തലിനും ബഹിഷ്‌കരണത്തിനും വിധേയരായത് എന്ന കണ്ടെത്തലില്‍ നിന്നാണ് സാമ്പത്തിക ഘടകങ്ങള്‍ക്കുപരി, ജാതിയാണ് വിവേചനത്തിന്റെ അടിസ്ഥാനം എന്ന് നിര്‍ണയിക്കപ്പെടുന്നതും ജാതിവിവേചനത്തിന് വിധേയരായ ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ജാതിയുടെ അടിസ്ഥാനത്തില്‍ സംവരണം എന്ന പ്രത്യേക പരിരക്ഷ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുകയും ചെയ്തു പോരുന്നത്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ചരിത്രപരമായ കാരണങ്ങളാല്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നും ഒഴിവാക്കപ്പെട്ടതോ പ്രാതിനിധ്യം നഷ്ടപ്പെട്ടതോ ആയ ജനവിഭാഗങ്ങള്‍ക്ക് സാമൂഹിക പുരോഗതിയും സാമ്പത്തിക വികസനവും ഉറപ്പാക്കാന്‍ ഭരണഘടന അനുശാസിക്കുന്ന മാര്‍ഗമാണ് സംവരണം. അത് കേവലം ദാരിദ്ര്യ നിര്‍മാര്‍ജന ഉപാധിയോ തൊഴിലുറപ്പ് പദ്ധതിയോ ഭരണകൂടത്തിന്റെ ഔദാര്യമോ അല്ല, പ്രസ്തുത പാര്‍ശ്വവത്കൃത ജനവിഭാഗങ്ങള്‍ക്ക് രാജ്യത്തിന്റെ അധികാരഘടനയിലും ഭരണസംവിധാനത്തിലും പങ്കെടുക്കാനും പ്രാതിനിധ്യം ഉറപ്പിക്കാനും രാഷ്ട്രം നല്‍കുന്ന പ്രത്യേക പരിരക്ഷയാണ്.

ഭരണഘടനാ ശില്പിയായ ഡോ.അംബേദ്കര്‍ തന്നെ സംവരണത്തെ ഭരണപങ്കാളിത്തമെന്നാണല്ലോ വിശേഷിപ്പിച്ചിട്ടുള്ളത്? അതെ, അധ:സ്ഥിത വിഭാഗങ്ങള്‍ക്ക് ഭരണഘടന വിഭാവനം ചെയ്യുന്ന നിയമാനുസൃത അധികാര പങ്കാളിത്തമാണ് സംവരണം.

 

1920-കള്‍ മുതല്‍ ഡോ.അംബേദ്കര്‍ നടത്തിയ പോരാട്ടങ്ങളുടെ ഫലമായി 1930-കളിലെ വട്ടമേശ സമ്മേളനങ്ങള്‍ അംഗീകരിച്ച ന്യൂനപക്ഷ കരാര്‍, 1932-ലെ പൂനാപാക്റ്റിലെ വ്യവസ്ഥകള്‍, 1935-ലെ ഗവണ്‍മെന്റ് ഓഫ് ഇന്ത്യാ ആക്ടിലെ ശുപാര്‍ശകള്‍, പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങളെ സംബന്ധിച്ച് ഭരണഘടനാ നിര്‍മാണ സഭയിലെ മൗലികാവകാശ സമിതിയിലും ന്യൂനപക്ഷ അവകാശ സമിതിയിലും ഡോ.അംബേദ്കര്‍ അവതരിപ്പിച്ച മാര്‍ഗരേഖകള്‍, ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചകളിലൂടെ ഉരുത്തിരിഞ്ഞു വന്ന നിര്‍ദേശങ്ങള്‍ എന്നിവയുടെ ആസ്ഥാനത്തിലാണ് ഭരണഘടനാ ശില്പി ഭരണഘടനയിലെ സംവരണ പരിരക്ഷകള്‍ക്ക് രൂപം നല്‍കിയത്.

ഭരണഘടനയിലെ 15 , 16 (4), 16 (4 A), 16 (4 B),17,330 332,334,335,340,341,342 തുടങ്ങിയ അനുച്ഛേദങ്ങളും വകുപ്പുകളുമാണ് ദളിത്, ആദിവാസി, പിന്നോക്ക വിഭാഗങ്ങളുടെ പരിരക്ഷകളെയും സംരക്ഷണത്തെയും പറ്റി പ്രതിപാദിക്കുന്ന പ്രധാന വകുപ്പുകള്‍. മതം, ലിംഗം, വംശം, ജനന സ്ഥലം എന്നിവയുടെ അടിസ്ഥാനത്തില്‍ രാജ്യത്ത് നിലനില്‍ക്കുന്ന എല്ലാ വിവേചനങ്ങളെയും നിരോധിക്കുന്ന 15-ാം വകുപ്പിന്റെ 4 -> o ഉപവകുപ്പ് ദളിത്, ആദിവാസി വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്ക് അനുപേക്ഷണീയമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കാല്‍ സ്റ്റേറ്റിനെ ചുമതലപ്പെടുത്തുന്നു.

അനുച്ഛേദം 16 (4), 16 (4A) എന്നീ വകുപ്പുകളാണ് യഥാക്രമം ഈ വിഭാഗങ്ങള്‍ക്ക് ഉദ്യോഗത്തിലും ഉദ്യോഗക്കയറ്റത്തിലും ജനസംഖ്യാനുപാതിക സംവരണം വ്യവസ്ഥ ചെയ്യുന്നത്. അനുച്ഛേദം 16 (4) ഇപ്രകാരം പ്രഖ്യാപിക്കുന്നു.” ഈ അനുച്ഛേദത്തിലെ യാതൊന്നും തന്നെ രാഷ്ട്രത്തിന്റെ അഭിപ്രായത്തില്‍ രാഷ്ട്രത്തിന് കീഴിലുള്ള സര്‍വീസുകളില്‍ മതിയായിടത്തോളം പ്രാതിനിധ്യം ലഭിച്ചിട്ടില്ലാത്ത ഏതെങ്കിലും പിന്നോക്ക വിഭാഗത്തില്‍പ്പെട്ട പൗരന്മാര്‍ക്ക് നിയമനങ്ങളോ തസ്തികകളോ സംവരണം ചെയ്യുന്നതിന് ഏതെങ്കിലും വ്യവസ്ഥയുണ്ടാക്കുന്നതില്‍ നിന്നും രാഷ്ട്രത്തെ തടയുന്നില്ല.”

 

സുപ്രധാനമായ ഈ അനുച്ഛേദത്തിന്റെ അടിസ്ഥാനത്തിലാണ് ഭരണപങ്കാളിത്തത്തില്‍ പട്ടിക വിഭാഗങ്ങളുടെ പ്രതിനിധ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ ഭരണഘടന നിലവില്‍ വന്ന നാള്‍മുതല്‍ ഈ വിഭാഗങ്ങള്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ ഉള്‍പ്പെടെ സംവരണം ഏര്‍പ്പെടുത്തി വരുന്നത്. എന്നാല്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കിയതിനെത്തുടര്‍ന്നുണ്ടായ കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുണ്ടായ വിധിന്യായങ്ങളില്‍ ചിലത് പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണത്തെ അസാധുവാക്കുകയുണ്ടായി.

1992 നവംബര്‍ 16-ലെ സുപ്രീംകോടതിയുടെ 9 അംഗ ബഞ്ചിന്റെ വിധിയാണ് പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണത്തെ അസാധുവാക്കിയത്. മാത്രമല്ല പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണം ഭരണഘടനാവിരുദ്ധമാണെന്നു കൂടി കോടതി നിരീക്ഷിച്ചു! എന്നാല്‍ 1995-ലെ 77-ാം ഭരണഘടനാ ഭേദഗതിയിലൂടെ പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണം പുന:സ്ഥാപിക്കപ്പെട്ടു.

(അനുച്ഛേദം 16 ( 4 A) .ഉദ്യോഗക്കയറ്റത്തിന്റെ കാര്യത്തില്‍ പട്ടിക വിഭാഗങ്ങള്‍ നേരിട്ടു കൊണ്ടിരുന്ന വിവേചനം അവസാനിപ്പിക്കുന്നതിനും സര്‍ക്കാര്‍ സര്‍വീസിന്റെ എല്ലാ തലങ്ങളിലും അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രാതിനിധ്യം ഉറപ്പിച്ച് ഈ വിഭാഗങ്ങളുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും വേണ്ടിയായിരുന്നു സുപ്രധാനമായ ഈ ഭേദഗതി കൊണ്ടുവന്നത്. അതിപ്രധാനമായ ഈ അനുച്ഛേദം ഇപ്രകാരം പ്രഖ്യാപിക്കുന്നു.“Nothing in this article shall Prevent the state from making any provision for reservation in matters of Promotion, with consequential Seniority, to any class or classes of posts in the services under the state in favour of the scheduled Castes and the scheduled Tribes which, in the opinion of the State, are not adequately represented in the services under the state””.

സര്‍വീസില്‍ മതിയായ പ്രാതിനിധ്യം ഉറപ്പാക്കാന്‍ ഉദ്യോഗക്കയറ്റത്തില്‍ നടപ്പിലാക്കാം എന്നായിരുന്നു ഈ ഭേദഗതിയുടെ അന്തസത്ത. എന്നാല്‍ 1995 -ല്‍ സുപ്രീംകോടതിയുടെ രണ്ടംഗ പ്രത്യേക ബഞ്ച് സംവരണത്തിലൂടെ ഉദ്യോഗക്കയറ്റം നേടുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് സീനിയോറിട്ടിക്ക് അര്‍ഹതയില്ലെന്ന് വിധിച്ചതോടെ പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണം വീണ്ടും റദ്ദാക്കപ്പെട്ടു.

 

പട്ടികവിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തെ അപ്രസക്തമാക്കിയ ഈ വിധിയെത്തുടര്‍ന്ന് 1996 മാര്‍ച്ച് 1-ന് ഒന്നാം അജിത് സിംഗ് കേസില്‍ മൂന്നംഗ ബഞ്ചിന്റെ മറ്റൊരു വിധിയും ഉണ്ടായി. ഈ രണ്ടു കോടതി വിധികളെയും ചോദ്യം ചെയ്ത 1997-ലെ അശോക് കുമാര്‍- ജഗദീഷ് ലാല്‍ കേസിലെ വിധിയിലൂടെ കോടതി പട്ടികവിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിലെ സീനിയോറിട്ടി പുനഃസ്ഥാപിക്കുകയും ഉദ്യോഗക്കയറ്റത്തിലെ സംവരണം പട്ടിക വിഭാഗങ്ങളുടെ മൗലികാവകാശമാണെന്ന് നിരീക്ഷിക്കുകയും ചെയ്‌തെങ്കിലും തുടര്‍ന്നുണ്ടായ സുപ്രീം കോടതി വിധിന്യായങ്ങള്‍ സുപ്രധാനമായ ഈ കോടതി വിധിയെ അപ്രസക്തമാക്കുകയാണുണ്ടായത്.

1999-ലെ രണ്ടാം അജിത് സിംഗ് കേസിലെ വിധിയായിരുന്നു ഇതില്‍ പ്രതികൂലമായത്. ഈ വിധി സംവരണത്തിലൂടെ ഉദ്യോഗക്കയറ്റം നേടുന്ന പട്ടിക വിഭാഗങ്ങള്‍ക്ക് സീനിയോറിട്ടിക്ക് അര്‍ഹതയില്ലെന്ന് നിരീക്ഷിക്കുക മാത്രമല്ല, ഉദ്യോഗ സംവരണവും ഉദ്യോഗക്കയറ്റത്തിലെ സംവരണവും മാലികാവകാശമല്ലെന്നും ഭരണകൂടത്തിന്റെ ഔദാര്യമെന്ന നിലയില്‍ കേവലം വിവേചനാധികാരം മാത്രമാണെന്നും നിരീക്ഷിക്കുകയുണ്ടായി!

ഒറ്റയാന്‍ തസ്തികകളില്‍ സംവരണം പാടില്ലെന്ന് വിധിന്യായം പുറപ്പെടുവിച്ച ചക്രാധര്‍ പസ്വാന്‍ കേസും പട്ടിക വിഭാഗങ്ങളുടെ സംവരണത്തിനെ ചോദ്യം ചെയ്യുന്നതായിരുന്നു. മൊത്തം ഒഴിവുകള്‍ നോക്കാതെ തസ്തികകളുടെ സ്വഭാവം, എണ്ണം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കണം നിയമനം എന്നായിരുന്നു ഈ വിധിയുടെ ഉള്ളടക്കം.

ഒറ്റയാന്‍ തസ്തികകളില്‍ സംവരണം അനുവദിച്ചാല്‍ 100 % സംവരണമാകുമെന്നും, അങ്ങനെയായാല്‍ അത് ഭരണഘടനാ ലംഘനമാകുമെന്നുമായിരുന്നു കോടതിയുടെ മറ്റൊരു കണ്ടെത്തല്‍ ! ഈ വിഷയത്തിന്മേല്‍ പരസ്പര വിരുദ്ധമായ കോടതി പരാമര്‍ശങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് 1998 മേയ് 2-ന് പ്രശ്‌നം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന് മുന്നില്‍ എത്തുന്നത്.

 

ഒടുവില്‍ ഭരണഘടനാ ബഞ്ചും ഒറ്റയാന്‍ തസ്തികാ വാദത്തെ ശരിവച്ചു. പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തെയും, ഉയര്‍ന്ന തസ്തികകളിലേക്കുള്ള നിയമനങ്ങളെയും തടഞ്ഞ മുന്‍ചൊന്ന കോടതി വിധികള്‍ ഫലത്തില്‍ ഉയര്‍ന്ന തസ്തികകള്‍ ഉള്‍പ്പെടുന്ന മെഡിക്കല്‍, എന്‍ജിനിയറിംഗ്, സര്‍വകലാശാലാ അധ്യാപക തസ്തികകള്‍, ശാസ്ത്ര – സാങ്കേതിക, പ്രതിരോധ വകുപ്പുകളിലെ ഉയര്‍ന്ന തസ്തികകളും പട്ടിക വിഭാഗങ്ങള്‍ക്ക് നഷ്ടപ്പെടുത്തിയിരിക്കുകയാണ്.

പട്ടിക വിഭാഗങ്ങളുടെ സംവരണത്തെയും ഉദ്യോഗക്കയറ്റത്തിലെ സംവരണത്തെയും അട്ടിമറിക്കാന്‍ വഴിതുറന്ന മുന്‍ചൊന്ന കോടതി വിധികളെ മറുകടക്കാന്‍ 2000-ലും 2002-ലും 335, 16 (4A) എന്നീ അനുച്ഛേദങ്ങള്‍ വീണ്ടും ഭേദഗതി ചെയ്ത് ഉദ്യോഗക്കയറ്റത്തിലെ സംവരണത്തെ പുന:സ്ഥാപിക്കുകയുണ്ടായി.

എന്നാല്‍ 2007-ല്‍ ഈ ഭേദഗതികളും സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതോടെ (എം. നാഗരാജ് ആന്‍ഡ് അദേഴ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യാ കേസ് ) പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗരംഗത്തെ സംവരണം വീണ്ടും വെല്ലുവിളികള്‍ക്ക് വിധേയമായി. നാഗരാജ് കേസില്‍ മുന്‍ചൊന്ന ഭരണഘടനാ ഭേദഗതികളെ കോടതി തത്വത്തില്‍ അംഗീകരിച്ചെങ്കിലും അവ നടപ്പിലാക്കുന്നതിന് ചില ഉപാധികള്‍ അഥവാ നിര്‍ബന്ധിത കാരണങ്ങള്‍ ഉണ്ടായിരിക്കണമെന്ന് നിര്‍ദ്ദേശിച്ചതോടു കൂടിയാണ് പട്ടിക വിഭാഗക്കാരുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണം വീണ്ടും പ്രതിസന്ധിയെ നേരിട്ടത്.

കോടതി നിര്‍ദേശിച്ച നിര്‍ബന്ധിത കാരണങ്ങള്‍ ഇവയായിരുന്നു;

1. നിയമനത്തിലും ഉദ്യോഗക്കയറ്റത്തിലും പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം അനുവദിക്കുന്നതിന് മുന്‍പ് അവരുടെ പിന്നോക്കാവസ്ഥ ബോധ്യപ്പെടുത്തണം.

2. ഭരണനിര്‍വഹണത്തിലെ പങ്കാളിത്ത കുറവ് പരിശോധിക്കണം

3. ഭരണനിര്‍വഹണത്തിലെ കാര്യക്ഷമത ഉറപ്പ് വരുത്തണം.

ഭരണഘടനയിലെ മൗലികാവകാശമായി സംരക്ഷിക്കപ്പെട്ടിരിക്കുന്ന സംവരണത്തിന്റെ അന്തസത്തയെ ഇത്തരത്തില്‍ ചോദ്യം ചെയ്യപ്പെട്ടതിന്റെ ചേതോവികാരം ഊഹിക്കാവുന്നതേയുള്ളൂ, / 2007 ലെ മുന്‍ ചൊന്ന കോടതി വിധികള്‍ നിലനില്‍ക്കുമ്പോഴാണ് യു.പി. സര്‍ക്കാര്‍ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങള്‍ക്ക് ഉദ്യോഗക്കയറ്റത്തില്‍ സംവരണം ഏര്‍പ്പെടുത്തി കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നത്.

എന്നാല്‍ ഈ ഉത്തരവിനെ ചോദ്യം ചെയ്തു കൊണ്ട് ചില തത്പരകക്ഷികള്‍ അലഹബാദ് കോടതിയെ സമീപിക്കുകയും കോടതി മുന്‍ചൊന്ന ഉത്തരവ് റദ്ദാക്കുകയും ചെയ്യുകയുണ്ടായി. ഇതിന് മുന്‍പ് രാജസ്ഥാന്‍ ഗവണ്‍മെന്റും സമാനമായൊരു ഉത്തരവ് പുറപ്പെടുവിക്കുകയും അത് രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. 2007- ലെ നാഗരാജ കേസില്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടല്ല, യു.പി, രാജസ്ഥാന്‍ ഗവണ്‍മെന്റുകള്‍ ഉദ്യോഗക്കയറ്റത്തില്‍ പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം വ്യവസ്ഥ ചെയ്യുന്ന ഉത്തരവുകള്‍ പുറപ്പെടുവിച്ചത് എന്ന കാരണത്താലായിരുന്നു ഇരു സര്‍ക്കാരുകളുടെയും ഉത്തരവുകള്‍ സുപ്രീം കോടതി റദ്ദാക്കിയത്.

 

ഇതിനെത്തുടര്‍ന്ന് യു.പി, രാജസ്ഥാന്‍ ഗവണ്‍മെന്റുകള്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചെങ്കിലും അനുകൂലമായ വിധി സമ്പാദിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, 2007-ലെ നാഗരാജ കേസില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച മാനദണ്ഡങ്ങള്‍ പാലിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതോടെ പുതിയൊരു ഭരണഘടനാ ഭേദഗതിയിലൂടെ മാത്രമെ പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണം പുന:സ്ഥാപിക്കാന്‍ കഴിയൂ എന്ന സ്ഥിതിവിശേഷം സംജാതമായി.

ഒടുവില്‍ 2012 ഡിസംബര്‍ 17-ന് രാജ്യസഭ ഇതു സംബന്ധിച്ച ബില്‍ പാസാക്കിയെങ്കിലും രാഷ്ട്രീയ പ്രേരിതമായ കാരണങ്ങളാല്‍ പ്രസ്തുത ബില്‍ ലോകസഭയില്‍ പരാജയപ്പെടുകയും തത്ഫലമായി ഭരണഘടനാ ഭേദഗതി അയാഥാര്‍ഥ്യമാവുകയും ചെയ്തു. 2007-ലെ നാഗരാജ് കേസിന്റെ പിന്തുടര്‍ച്ചയായാണ് പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തില്‍ സംവരണം ആകാം പക്ഷേ ക്രീമിലെയര്‍ ബാധകമാക്കണമെന്ന 27/8/2019 ലെ സുപ്രീം കോടതി വിധി.

ഈ വിധി പ്രത്യക്ഷത്തില്‍ പട്ടിക വിഭാഗങ്ങളുടെ ഉദ്യോഗക്കയറ്റത്തിന് അനുകൂലമെന്ന് തോന്നുമെങ്കിലും ഫലത്തില്‍ അങ്ങനെയായിരിക്കുകയല്ല സംഭവിക്കുക എന്നതാണ് യാഥാര്‍ഥ്യം. മറിച്ച്, ഉദ്യോഗക്കയറ്റത്തിന് സാധ്യതയുള്ളതും യോഗ്യരായവരായ മുഴുവന്‍ പട്ടിക വിഭാഗ ഉദ്യോഗസ്ഥരെയും ക്രീമിലെയറിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി അവരുടെ ഉദ്യോഗക്കയറ്റത്തെ തടയാനും തദ്വാര ഭരണപങ്കാളിത്തത്തിന്റെ ഉയര്‍ന്ന മേഖലകളില്‍ നിന്നും അവരെ ഒഴിവാക്കാനുമായിരിക്കും വഴിയൊരുക്കുക.

ഉദ്യോഗതലത്തിന്റെ എല്ലാ മേഖലയിലും പട്ടിക വിഭാഗങ്ങളുടെ ജനസംഖ്യാനുപാതിക ഭരണപങ്കാളിത്തം ഉറപ്പാക്കുകയാണല്ലോ അനുച്ഛേദം 16 (4) ന്റെ ലക്ഷ്യം. ഉദ്യോഗത്തിലും ഉദ്യോഗക്കയറ്റത്തിലും പട്ടിക വിഭാഗങ്ങള്‍ക്ക് നീതി നിഷേധിക്കപ്പെട്ടിരുന്നതിനാണല്ലോ മുന്‍ചൊന്ന അനുച്ഛേദത്തിലൂടെ ആയത് നടപ്പിലാക്കാന്‍ ഭരണഘടന നിഷ്‌കര്‍ഷിച്ചിട്ടുള്ളത്.

ഈ സംരക്ഷണം നിലവിലുള്ളപ്പോള്‍ തന്നെ ഉന്നത തസ്തികകള്‍ സംവരണ വിമുക്തമാക്കിയും, പ്രാവിണ്യം, കാര്യക്ഷമത, യോഗ്യതക്കുറവ് തുടങ്ങിയ കാരണങ്ങള്‍ ഉന്നയിച്ച് പട്ടിക വിഭാഗക്കാരുടെ ഉദ്യോഗക്കയറ്റത്തിലെ സംവരണ അവകാശത്തെ ചോദ്യം ചെയ്തും അങ്ങനെ ഈ വിഭാഗങ്ങള്‍ക്കു വേണ്ടി നീക്കിവച്ച തസ്തികകളിലേക്കുള്ള നിയമനങ്ങള്‍ നിയമസഹായത്തോടു കൂടി തടയുകയുമായിരുന്നല്ലോ സംവരണ വിരോധികള്‍ ഇതുവരെ ചെയ്തു കൊണ്ടിരുന്നത്.

ഫലത്തില്‍ പട്ടിക വിഭാഗങ്ങളുടെ ഭരണഘടനാദത്തവും മൗലികാവകാശവുമായ സംവരണതത്വങ്ങളെ അട്ടിമറിച്ച് അവര്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെട്ടിരിക്കുന്ന നാമമാത്ര തസ്തികള്‍ കൂടി തട്ടിയെടുക്കുകയാണ് സംവരണ വിരുദ്ധരുടെ ലക്ഷ്യം. സംവരണത്തിനെതിരെ നാളിതുവരെ നടന്ന നീക്കങ്ങളെയും കലാപങ്ങളെയും കോടതി ഇടപെടലുകളുടെയും വെളിച്ചത്തില്‍ പരിശോധിക്കുമ്പോള്‍ പട്ടിക വിഭാഗങ്ങളുടെ സര്‍വീസ് മേഖലയിലെ സംവരണത്തെയും ഉദ്യോഗക്കയറ്റത്തിലെ സംവരണത്തെയും അട്ടിമറിക്കാന്‍ മാത്രമെ ഉദ്യോഗക്കയറ്റത്തിലെ ക്രിമിലെയര്‍ വാദം വഴി തുറക്കുകയുള്ളൂ എന്ന് നിസംശയം വിലയിരുത്താം.

ആര്‍. അനിരുദ്ധന്‍
എഴുത്തുകാരനും പ്രഭാഷകനുമാണ് ലേഖകന്‍