ജനീവ: ‘സാങ്കല്‍പിക രാജ്യത്തെ’ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്ത് ലൈംഗികാതിക്രമ കേസില്‍ ഒളിവില്‍ കഴിയുന്ന നിത്യാനന്ദയുടെ പിന്‍ഗാമി. ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ യു.എന്‍ സഭയിലെത്തിയത്.
ജനീവ: ‘സാങ്കല്‍പിക രാജ്യത്തെ’ പ്രതിനിധീകരിച്ച് ഐക്യരാഷ്ട്രസഭയുടെ യോഗത്തില്‍ പങ്കെടുത്ത് ലൈംഗികാതിക്രമ കേസില്‍ ഒളിവില്‍ കഴിയുന്ന നിത്യാനന്ദയുടെ പിന്‍ഗാമി. ഹിന്ദുമതത്തെ സംരക്ഷിക്കണമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ യു.എന്‍ സഭയിലെത്തിയത്.
ഒളിവില്‍ കഴിയുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാനന്ദയുടെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഓഫ് കൈലാസയാണ് സാങ്കല്‍പിക രാജ്യം. മാ വിജയപ്രിയ നിത്യാനന്ദ എന്ന സ്ത്രീയാണ് പ്രതിനിധിയായി യോഗത്തിനെത്തിയത്.
ലൈംഗികാതിക്രമ കേസില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെയായിരുന്നു 2019ല്‍ ആള്‍ദൈവം നിത്യാനന്ദ ഒളിവില്‍ പോയതായി ഗുജറാത്ത് പൊലീസ് പറയുന്നത്. ഇതിന് പിന്നാലെയായിരുന്നു അഞ്ജാതമായ സ്ഥലത്ത് കൈലാസ എന്ന രാജ്യം സൃഷ്ടിച്ചതായുള്ള നിത്യാനന്ദയുടെ വാദം.
ഫെബ്രുവരി 22ന് നടന്ന 19-ാമത് യു.എന്‍ സി.എസ്.ഇ.ആര്‍ യോഗത്തിലായിരുന്നു ഇവര്‍ പങ്കെടുത്തത്. യു.എന്‍ പുറത്തുവിട്ട വീഡിയോ പ്രകാരം വിജയപ്രിയയെ കൈലാസയുടെ പെര്‍മനന്റ് അംബാസഡര്‍ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.
യുണറ്റൈഡ് നാഷന്‍സ് ഓഫ് കൈലാസയെ ഒരു രാജ്യമായി യു.എന്‍ പ്രഖ്യാപിച്ചെന്നോ, ഉണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണെന്നോ അധികാരികള്‍ വ്യക്തമാക്കിയിട്ടില്ല.
തന്റെ രാജ്യത്തിന്റെ നിര്‍മാതാവായ നിത്യാനന്ദയെ ഇന്ത്യയില്‍ വേട്ടയാടുകയാണെന്നും സ്ത്രീ യോഗത്തില്‍ പറയുന്നുണ്ട്.
കൈലാസയെ ഹിന്ദുത്വത്തിന്റെ പ്രഥമ പരമാധികാര രാജ്യം എന്നാണ് ഇവര്‍ വിശേഷിപ്പിക്കുന്നത്. നിത്യാനന്ദ ഈ രാജ്യത്ത് ഹിന്ദു നാഗരികതയെയും ആദി ശൈശവ തദ്ദേശീയ കാര്‍ഷിക ഗോത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ഹിന്ദു മതത്തിന്റെ 10,000 പാരമ്പര്യങ്ങളേയും പിന്തുടരുന്നുവെന്നും ഇവര്‍ പറയുന്നു. ഇന്ത്യയില്‍ നിന്നും നിത്യാനന്ദ കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നെന്നും ഇവര്‍ ആരോപിച്ചു.
അന്താരാഷ്ട്ര വേദികളില്‍ തങ്ങളുടെ പ്രതിനിധികള്‍ക്കും പങ്കെടുക്കാനാകണമെന്നും 150 രാജ്യങ്ങളില്‍ കൈലാസ എംബസികളും എന്‍.ജി.ഒകളും സ്ഥാപിച്ചിട്ടുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
പുതിയ രാജ്യം സ്ഥാപിച്ചതിന് പിന്നാലെ തന്റെ രാജ്യത്തിന് സ്വന്തമായി റിസര്‍വ് ബാങ്കും സ്വര്‍ണത്തില്‍ നിര്‍മിച്ച നോട്ടുകളുമുണ്ടെന്ന് നിത്യാനന്ദ പറഞ്ഞിരുന്നു. കൈലാസിയന്‍ ഡോളര്‍ എന്നറിയപ്പെടുന്ന ഇവരുടെ കറന്‍സിയില്‍ 11.6 ഗ്രാം സ്വര്‍ണമുണ്ടെന്നാണ് അവകാശവാദം. ഇത് സംബന്ധിച്ച് യാതൊരു വിധ ഔദ്യോഗിക സ്ഥിരീകരണങ്ങളും ഉണ്ടായിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Representative of nityanandha’s imaginary nation attends United nations meeting