സഞ്ജുവും ലോകകപ്പിന്; ടീമിലുണ്ടായേക്കുമെന്ന് സെലക്ടര്‍മാര്‍; റിപ്പോര്‍ട്ട്
Sports News
സഞ്ജുവും ലോകകപ്പിന്; ടീമിലുണ്ടായേക്കുമെന്ന് സെലക്ടര്‍മാര്‍; റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 22nd June 2023, 9:29 pm

2023ലെ ഐ.സി.സി ഏകദിന ലോകകപ്പാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ചര്‍ച്ചാ വിഷയം. 2011ന് ശേഷം ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഏകദിന ലോകകപ്പാണിത്. സ്വന്തം മണ്ണില്‍ നടക്കുന്ന ലോകകപ്പില്‍ ഇന്ത്യ വീണ്ടും ക്രിക്കറ്റ് ലോകത്തിന്റെ നെറുകിലെത്തുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

2013ന് ശേഷം ഒരു ഐ.സി.സി കിരീടം പോലുമില്ല എന്ന നാണക്കേടിന്റെ പാപഭാരവും ഇറക്കിവെക്കണമെന്നും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്.

ശക്തമായ നിരയെ തന്നെ കളത്തിലിറക്കാനാകും അപെക്‌സ് ബോര്‍ഡ് ഒരുങ്ങുന്നത്. ജസ്പ്രീത് ബുംറ, ശ്രേയസ് അയ്യര്‍ എന്നീ സൂപ്പര്‍ താരങ്ങള്‍ പരിക്ക് മാറി തിരിച്ചെത്തുന്നതും ഇന്ത്യയെ സംബന്ധിച്ച് ലോകകപ്പില്‍ ഗുണം ചെയ്‌തേക്കും.

 

2023 ഏകദിന ലോകകപ്പില്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററും രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനുമായ സഞ്ജു സാംസണും ഇടം ലഭിച്ചേക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എ.ബി.പി ന്യൂസിനെ ഉദ്ധരിച്ച് പ്രമുഖ സ്‌പോര്‍ട്‌സ് മാധ്യമായ ക്രിക്ടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

മെഗാ ഇവന്റിനുള്ള 20 അംഗങ്ങളുടെ സ്‌ക്വാഡില്‍ സെലക്ടര്‍മാര്‍ സഞ്ജുവിനെയും ഉള്‍പ്പെടുത്താന്‍ സാധ്യതകളേറെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിഷബ് പന്തിന് പരിക്കേറ്റ സാഹചര്യത്തിലും കെ.എല്‍. രാഹുല്‍ പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനാകാത്ത സാഹചര്യത്തിലും സെലക്ടര്‍മാര്‍ സഞ്ജുവിനെ പരിഗണിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷമാദ്യം ശ്രീലങ്കക്കെതിരെയാണ് സഞ്ജു അവസാനമായി ഇന്ത്യന്‍ ടീമിന് വേണ്ടി ബാറ്റേന്തിയത്.

അതേസമയം, ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പരയില്‍ സഞ്ജു ടീമിനെ നയിച്ചേക്കുമെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് ബി.സി.സി.ഐ വിശ്രമം നല്‍കിയേക്കുമെന്നും ക്യാപ്റ്റന്‍സി സഞ്ജുവിനെ ഏല്‍പിക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സമൂഹമാധ്യമങ്ങളില്‍ വലിയ തോതിലുള്ള ചര്‍ച്ചകള്‍ക്കും ഇത് വഴിയൊരുക്കിയിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ ബി.സി.സി.ഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 2015ലാണ് സഞ്ജു അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ 11 ഏകദിനങ്ങളും, 17 ടി-20 മത്സരങ്ങളുമാണ് താരം ഇന്ത്യയ്ക്കായി കളിച്ചത്. ഏകദിനത്തില്‍ 66.00 ബാറ്റിംഗ് ശരാശരിയില്‍ 330 റണ്‍സും, ടി-20യില്‍ 17 മത്സരത്തില്‍ നിന്നുമായി 301 റണ്‍സുമാണ് സഞ്ജുവിന്റെ സമ്പാദ്യം.

 

Content highlight: Reports says Sanju Samson to be included in the 2023 ODI World Cup squad