എ.എസ്. റോമയുടെ അര്‍ജന്റൈന്‍ മുന്നേറ്റ താരം പൗലോ ഡിബാല സൗദി ക്ലബ്ബായ അല്‍-ഖാദ്‌സിയയുമായി കരാറിലെത്തിയതായി റിപ്പോര്‍ട്ട്. സൗദി ഫുട്‌ബോളിലേക്ക് ചുമടുമാറ്റുന്ന ഏറ്റവും പുതിയ ഹൈ പ്രൊഫൈല്‍ താരമാണ് ഡിബാല.
സൗദി ആരാംകോ കമ്പനിയുടെ ഉടമസ്ഥയിലുള്ള ടീമാണ് പുതുതായി പ്രൊമോട്ട് ചെയ്യപ്പെട്ട അല്‍-ഖാദ്‌സിയ. മാഞ്ചസ്റ്റര്‍ സിറ്റി സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയ്‌നയെ സ്വന്തമാക്കാനുള്ള ശ്രമങ്ങളും ടീം നടത്തിയിരുന്നു.
ഫുട്‌ബോള്‍ ജേണലിസ്റ്റായി സാന്‍ഡി ഔനയാണ് ഡിബാല റോമയില്‍ നിന്നും സൗദി ക്ലബ്ബിലേക്ക് ചുവടുമാറ്റുന്നതായി റിപ്പോര്‍ട്ട് ചെയ്യുന്നത്. 2027 വരെ മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. 15 മില്യണ്‍ യൂറോ വാര്‍ഷിക സാലറിയാണ് ടീം താരത്തിന് ഓഫര്‍ ചെയ്തിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഡിബാലയുടെ റിലീസ് ക്ലോസായ 12 മില്യണ്‍ ടീം അടയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
യുവന്റസില്‍ ക്രിസ്റ്റിയാനോയുടെ സഹ താരം കൂടിയായ ഡിബാല സൗദിയില്‍ ക്രിസ്റ്റിയാനോക്കെതിരെ കളത്തിലിറങ്ങാനാണ് ഒരുങ്ങുന്നത്.
2023ല്‍ ക്രിസ്റ്റിയാനോയുടെ വരവോടെയാണ് സൗദി ലീഗ് ഫുട്‌ബോള്‍ ലോകത്ത് അടയാളപ്പെടുത്തപ്പെട്ടത്. റൊണാള്‍ഡോക്ക് പിന്നാലെ കരീം ബെന്‍സെമ, നെയ്മര്‍, എന്‍ഗോളോ കാന്റെ, സാദിയോ മാനെ തുടങ്ങിയ താരങ്ങളും സൗദിയില്‍ പന്തു തട്ടി. ഇക്കൂട്ടത്തിലെ ഏറ്റവും പുതിയ പേരുകാരനാണ് ഡിബാല.
അതേസമയം, ഡിബാലക്ക് പുറമെ മറ്റുചില വമ്പന്‍ പേരുകാരെയും ഖാദ്‌സിയ പുതിയ സീസണിന് മുമ്പ് തട്ടകത്തിലെത്തിച്ചിട്ടുണ്ട്. നാച്ചോ, പിയറി എമ്‌രിക് ഒബയാമാങ്, എക്വി ഫെര്‍ണാണ്ടസ് അടക്കമുള്ളവരെ ടീം സ്വന്തമാക്കിയിട്ടുണ്ട്.