റയലിലെത്താന്‍ എംബാപ്പെയുടെ പുതിയ കണ്ടീഷന്‍
Sports News
റയലിലെത്താന്‍ എംബാപ്പെയുടെ പുതിയ കണ്ടീഷന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 18th July 2023, 1:00 pm

അടുത്ത സമ്മറില്‍ ലാലിഗയില്‍ കളിക്കാന്‍ സൂപ്പര്‍ താരം എംബാപ്പെ തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. റയല്‍ മാഡ്രിഡിന്റെ എക്കാലത്തെയും സ്വപ്‌ന സൈനിങ്ങുകളില്‍ ഒന്നുകൂടിയാണ് ഇതോടെ പൂര്‍ത്തിയാവുക.

റയലിലെത്താനായി താരം പുതിയ നിബന്ധന മുമ്പോട്ട് വെച്ചിരിക്കുകയാണെന്നാണ് എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തന്റെ ഏഴാം നമ്പര്‍ ജേഴ്‌സി റയലില്‍ അണിയില്ല എന്നാണ് എംബാപ്പെ പറഞ്ഞിരിക്കുന്നത്.

പകരം പത്താം നമ്പര്‍ ജേഴ്‌സിയാണ് താരം ചോദിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. നിലവില്‍ ക്രൊയേഷ്യന്‍ സൂപ്പര്‍ താരം ലൂക്കാ മോഡ്രിച്ചാണ് റയലിലെ പത്താം നമ്പര്‍ താരം. എന്നാല്‍ മോഡ്രിച്ച് റയലില്‍ തന്നെ തുടരുകയാണെങ്കില്‍ താരം കാത്തിരിക്കാന്‍ തയ്യാറാണെന്നും എല്‍ നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

 

ഡൂള്‍ന്യൂസിനെ ത്രെഡ്‌സില്‍ പിന്തുടരാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ.

 

 

 

കരീം ബെന്‍സെമ ടീം വിട്ടതോടെ ഒഴിഞ്ഞുകിടക്കുന്ന അദ്ദേഹത്തിന്റെ ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ് ലഭിക്കുന്നതെങ്കിലും എംബാപ്പെ സന്തുഷ്ടനായിരിക്കുമെന്നും എന്നാല്‍ ഒരിക്കലും ഏഴാം നമ്പറിലേക്ക് മടങ്ങിപ്പോകില്ല എന്നുമാണ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.

 

താന്‍ ഏഴാം നമ്പര്‍ സ്വീകരിക്കില്ല എന്ന എംബാപ്പെയുടെ തീരുമാനത്തെ അഡിഡാസും പിന്തുണയ്ക്കുന്നുണ്ട്. എംബാപ്പെയോട് പത്താം നമ്പര്‍ ജേഴ്‌സി തന്നെ തെരഞ്ഞെടുക്കാനാണ് അഡിഡാസ് ആവശ്യപ്പെടുന്നത്. അടുത്ത സീസണോടെ ടീമിലെത്തുന്ന എന്‍ഡ്രിക്കിനായി ഒമ്പതാം നമ്പര്‍ നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

ദിവസങ്ങള്‍ക്ക് മുമ്പാണ് ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ അടുത്ത സീസണോടെ ക്ലബ്ബ് വിടുമെന്ന കാര്യം പി.എസ്.ജിയെ അറിയിച്ചത്. എംബാപ്പെയെ പോലൊരു താരത്തെ നഷ്ടമാകുന്നതില്‍ നിരാശയുണ്ടെന്നും അദ്ദേഹത്തിന് തീരുമാനമെടുക്കാന്‍ സമയം നല്‍കിയിട്ടുണ്ടെന്നും പി.എസ്.ജി പ്രസിഡന്റ് നാസര്‍ അല്‍ ഖലൈഫി പറഞ്ഞിരുന്നു.

എന്നാല്‍ ലോക ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ മൂല്യമുള്ള താരം ഫ്രീ ഏജന്റായി ക്ലബ്ബ് വിടുമ്പോഴുണ്ടാകുന്ന നഷ്ടം ചൂണ്ടിക്കാട്ടി പി.എസ്.ജി താരത്തെ വില്‍ക്കാന്‍ തീരുമാനിക്കുകയായിരുന്നു. പി.എസ്.ജി വിടുന്നതോടെ എംബാപ്പെ സ്പാനിഷ് വമ്പന്‍ ക്ലബ്ബായ റയല്‍ മാഡ്രിഡിലേക്ക് ചേക്കേറാനാണ് സാധ്യത. ലോസ് ബ്ലാങ്കോസുമായുള്ള കരാര്‍ നടന്നിട്ടില്ലെങ്കില്‍ താരം പ്രീമിയര്‍ ലീഗ് ക്ലബ്ബായ ലിവര്‍പൂളിലേക്ക് ചേക്കേറുമെന്നും അഭ്യൂഹങ്ങളുണ്ട്.

 

Content Highlight: Reports says Mbappe wants the number 10 jersey at Real Madrid