മയാമി തോറ്റാല്‍ മെസി ബാഴ്‌സയിലേക്ക്; ത്രില്ലടിച്ച് ആരാധകര്‍
Sports News
മയാമി തോറ്റാല്‍ മെസി ബാഴ്‌സയിലേക്ക്; ത്രില്ലടിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 6th October 2023, 5:51 pm

സൂപ്പര്‍ താരം ലണല്‍ മെസിക്ക് തന്റെ പഴയ തട്ടകമായ ബാഴ്‌സലോണയിലേക്ക് മടങ്ങിയെത്താന്‍ വഴി തെളിയുന്നതായി റിപ്പോര്‍ട്ട്. മേജര്‍ ലീഗ് സോക്കറിന്റെ ഈസ്‌റ്റേണ്‍ കോണ്‍ഫറന്‍സില്‍ ഇന്റര്‍ മയാമിക്ക് പ്ലേ ഓഫില്‍ പ്രവേശിക്കാന്‍ സാധിക്കാതെ വന്നാല്‍ അടുത്ത ജനുവരിയില്‍ താരത്തിന് കറ്റാലന്‍മാരുടെ പടകുടീരത്തിലേക്ക് മടങ്ങിയെത്താമെന്നാണ് റിപ്പോര്‍ട്ട്.

ലോണ്‍ അടിസ്ഥാനത്തിലാകും മെസി സ്‌പെയിനിലേക്ക് മടങ്ങിയെത്തുക. സ്പാനിഷ് മാധ്യമമായ എ.എസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ 17 വര്‍ഷക്കാലം താന്‍ കളിച്ച അതേ ക്ലബ്ബില്‍ മെസിക്ക് വിടവാങ്ങലിനും ഇതോടെ വഴിയൊരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.

ബാഴ്‌സക്കായി 778 മത്സരത്തിലാണ് മെസി പന്തുതട്ടിയത്. ഈ മത്സരത്തില്‍ നിന്നും 672 ഗോളും 303 അസിസ്റ്റുമാണ് മെസി സ്വന്തമാക്കിയത്. ഗോളിലും അസിസ്റ്റിലും ബാഴ്‌സയുടെ എക്കാലത്തെയും ഓള്‍ ടൈം ലീഡറും മെസി തന്നെയാണ്.

മെസി ബാഴ്‌സയിലേക്ക് മടങ്ങിയെത്തുകയാണെങ്കില്‍ ആരാധകരെ സംബന്ധിച്ച് അതൊരു സ്വപ്‌ന സാക്ഷാത്കാരം കൂടിയാകും.

 

2021ലാണ് മെസി ബാഴ്‌സലോണയുമായുള്ള ബന്ധം അവസാനിച്ച് ലീഗ് വണ്‍ ജയന്റ്‌സായ പി.എസ്.ജിയുമായി കരാറിലെത്തുന്നത്. രണ്ട് സീസണുകള്‍ പി.എസ്.ജിക്കൊപ്പം കളിച്ച മെസി ശേഷം അമേരിക്കന്‍ മണ്ണിലേക്ക് തട്ടകം മാറ്റുകയായിരുന്നു.

2022 ഖത്തര്‍ ലോകകപ്പില്‍ മെസിയുടെ അര്‍ജന്റീന ഫ്രാന്‍സിനെ പരാജയപ്പെടുത്തി ലോകകപ്പുയര്‍ത്തിയതും പി.എസ്.ജിക്ക് ചാമ്പ്യന്‍സ് ലീഗ് നേടാന്‍ സാധിക്കാതിരുന്നതും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ഇതോടെ മെസിക്കെതിരെ പി.എസ്.ജി ആരാധകര്‍ അധിക്ഷേപ പരാമര്‍ശങ്ങളും നടത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് മെസി മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയുമായി കരാറിലെത്തുന്നത്. മുന്‍ ഇംഗ്ലണ്ട് താരം ഡേവിഡ് ബെക്കാമിന്റെ സഹ ഉടമസ്ഥതയിലുള്ള ക്ലബ്ബാണ് ഇന്റര്‍ മയാമി.

 

മെസിയുടെ വരവിന് പിന്നാലെ സ്വപ്‌നതുല്യമായ കുതിപ്പാണ് മയാമി നടത്തുന്നത്. തോല്‍വി മാത്രം ശീലമാക്കിയ മയാമിയെ അവരുടെ ആദ്യ കിരീടത്തിലേക്കും മെസി നയിച്ചിരുന്നു.

എന്നാല്‍ മെസിയുടെ അഭാവത്തില്‍ മയാമി കളിച്ച പല മത്സരത്തിലും ടീം പരാജയപ്പെട്ടതോടെയാണ് ടീമിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ത്രിശങ്കുവിലായിരിക്കുന്നത്.

 

Content highlight: Reports says Lionel Messi could return to Barcelona if Inter Miami fails to qualify to play offs