ഏറെ കാലത്തിന് ശേഷം റിഷബ് പന്ത് ഏകദിന ഫോര്‍മാറ്റിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. കരിയര്‍ ഇല്ലാതാക്കാന്‍ പോന്ന അപകടത്തില്‍ നിന്നും തിരിച്ചെത്തിയ താരത്തിന്റെ ആദ്യ ഏകദിന പരമ്പരക്കാണ് ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനം വേദിയാകുന്നത്. മൂന്ന് ഏകദിനങ്ങളാണ് ഇന്ത്യ ലങ്കന്‍ മണ്ണില്‍ കളിക്കുക.
ഇക്കഴിഞ്ഞ ടി-20 ലോകകപ്പില്‍ പന്തായിരുന്നു ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍. വരാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയിലും പന്ത് തന്നെയായിരിക്കും ഇന്ത്യക്കായി വിക്കറ്റ് കീപ്പറുടെ റോളില്‍ സ്‌ക്വാഡില്‍ സ്ഥാനം പിടിക്കുക എന്ന് ഉറപ്പിക്കാന്‍ സാധിക്കുന്ന ടീം സെലക്ഷനാണ് ഈ പര്യടനത്തില്‍ ഇന്ത്യയുടേത്.
ഇന്ത്യ കളിച്ച അവസാന ഏകദിനത്തില്‍ സെഞ്ച്വറിയും പ്ലെയപര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടിയ സഞ്ജു സാംസണെ മറികടന്നാണ് അപെക്‌സ് ബോര്‍ഡ് ഈ പര്യടനത്തില്‍ പന്തിനെ ടീമിന്റെ ഭാഗമാക്കിയത്. ഏകദിന സ്‌ക്വാഡില്‍ സഞ്ജുവിന് ഇടം നേടാനും സാധിച്ചില്ല.
കെ.എല്‍. രാഹുലാണ് സ്‌ക്വാഡിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്റര്‍. രാഹുലാകും ഏകദിനത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍.
അതേസമയം, സഞ്ജു സാംസണിനെ പന്തിന്റെ ബാക്കപ്പായി പോലും പരിഗണിക്കുന്നില്ല എന്നാണ് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോയെ ഉദ്ധരിച്ച് ക്രിക്ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ താരവും ടീമിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ ധ്രുവ് ജുറെലിനെയാണ് ഇന്ത്യ എല്ലാ ഫോര്‍മാറ്റിലേക്കുമായി വളര്‍ത്തിയെടുക്കാനൊരുങ്ങുന്നത് എന്നായിരുന്നു റിപ്പോര്‍ട്ട്.
നേരത്തെ നടന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ താരം ടെസ്റ്റ് അരങ്ങേറ്റം നടത്തിയിരുന്നു. മികച്ച പ്രകടനമാണ് പരമ്പരയില്‍ താരം പുറത്തെടുത്തത്. നാലാം മത്സരത്തില്‍ കളിയിലെ താരമായി തെരഞ്ഞെടുത്തതും ജുറെലിനെ തന്നെയായിരുന്നു.
അതേസമയം, ഏകദിന സ്‌ക്വാഡില്‍ സഞ്ജു സാംസണെ ഉള്‍പ്പെടുത്താതിരുന്നതില്‍ ചീഫ് സെലക്ടര്‍ അജിത് ആഗാര്‍ക്കര്‍ വിശദീകരണവും നല്‍കിയിരുന്നു.
‘റിഷബ് പന്ത് ഞങ്ങളുടെ പ്രധാന താരമാണ്. ഏകദിന ലോകകപ്പില്‍ കെ.എല്‍. രാഹുല്‍ മികച്ച പ്രകടനമായിരുന്നു പുറത്തെടുത്തത്. നിര്‍ഭാഗ്യവശാല്‍ സഞ്ജു സാംസണ് പുറത്തിരിക്കേണ്ടി വന്നിരിക്കുകയാണ്.
തെരഞ്ഞെടുക്കപ്പെട്ട താരങ്ങള്‍ മികച്ച പ്രകടനം നടത്തിയേ മതിയാകൂ, അല്ലാത്ത പക്ഷം ഈ സ്ഥാനത്തേക്കെത്താന്‍ നിരവധി താരങ്ങള്‍ പുറത്ത് കാത്തിരിക്കുന്നുണ്ട്. നമുക്ക് മുമ്പില്‍ ഒരു ടെസ്റ്റ് സീസണ്‍ വരാനിരിക്കുകയാണ്. ഇതില്‍ പന്തിനും രാഹുലിനും പ്രധാന പങ്ക് വഹിക്കാനുണ്ടാകും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ ഈ വര്‍ഷം മൂന്ന് ടെസ്റ്റ് പരമ്പരകളാണ് ഇന്ത്യക്ക് കളിക്കാനുള്ളത്. സ്വന്തം തട്ടകത്തില്‍ ഇന്ത്യ ബംഗ്ലാദേശിനെയും ന്യൂസിലാന്‍ഡിനെയും നേരിടുമ്പോള്‍ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്കായി രോഹിത്തും സംഘവും ഓസ്‌ട്രേലിയിലേക്ക് പറക്കും.