റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ വേണു രാജിവെച്ചു, ഇനി മാതൃഭൂമിവാര്‍ത്താ ചാനലില്‍
Kerala
റിപ്പോര്‍ട്ടര്‍ ചാനലിന്റെ ക്ലോസ് എന്‍കൗണ്ടര്‍ വേണു രാജിവെച്ചു, ഇനി മാതൃഭൂമിവാര്‍ത്താ ചാനലില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th September 2012, 6:05 pm

കോഴിക്കോട്: റിപ്പോര്‍ട്ടര്‍ ചാനലിലെ മാനേജിങ് എഡിറ്ററും ക്ലോസ് എന്‍കൗണ്ടര്‍ എന്ന പരിപാടിയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട മാധ്യമപ്രവര്‍ത്തനുമായ വേണു ബാലകൃഷ്ണന്‍ ചാനലില്‍ നിന്നും രാജിവെച്ചു. ഉടനെ ആരംഭിക്കുന്ന മാതൃഭൂമി വാര്‍ത്താചാനലില്‍ വേണു ചുമതലയേല്‍ക്കും. ഇത് വേണുവിന്റെ നാലാമത്തെ ചാനല്‍ മാറ്റമാണ്.

നികേഷ്‌കുമാര്‍ ഇന്ത്യാവിഷന്‍ വിട്ട് റിപ്പോര്‍ട്ടര്‍ ചാനല്‍ ആരംഭിച്ചപ്പോള്‍ വേണു മനോരമ ചാനലില്‍ നിന്ന്‌ റിപ്പോര്‍ട്ടറിലെത്തുകയായിരുന്നു. അവിടെന്നാണ് അദ്ദേഹം തന്റെ ജ്യേഷ്ഠന്‍ ഉണ്ണി ബാലകൃഷ്ണന്‍ നേതൃത്വം നല്‍കുന്ന മാതൃഭൂമി ചാനലിലേയ്ക്ക് ചുവടുമാറ്റുന്നത്‌.[]

റിപ്പോര്‍ട്ടര്‍ ചാനലിന്റെ എഡിറ്റോറിയല്‍ പോളിസിയുമായി വേണുവിനുള്ള അതൃപ്തിയാണ് ചാനല്‍ വിടാന്‍ വേണുവിനെ പ്രേരിപ്പിച്ചതെന്ന് അറിയുന്നു. ചാനല്‍ തുടങ്ങുന്ന വേളയില്‍ പുലര്‍ത്തിയിരുന്ന പല നിലപാടുകളില്‍ നിന്നും  പിന്നോക്കം പോയതായി വിമര്‍ശനമുയര്‍ന്നിരുന്നു.

വിമര്‍ശനത്തിന്റെ ചോദ്യശരങ്ങളുമായാണ് വേണു പ്രേക്ഷകരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടിരുന്നുത്. തന്റെ മുന്നിലുള്ള രാഷ്ട്രീയ-സാമൂഹ്യപ്രവര്‍ത്തകരെ മുഖം നോക്കാതെ മുള്‍മുനയില്‍ നിര്‍ത്തുക എന്ന ശൈലി വേണുവിനെ ജനകീയമാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിരുന്നു. കേരള കോണ്‍ഗ്രസ് നേതാവ് കെ.എം .മാണി, ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എന്നിവരെ പരിപാടിയില്‍ വേണു വെള്ളം കുടിപ്പിച്ചിരുന്നു.

ഈ ശൈലി ഇനി തുടരേണ്ട എന്ന റിപ്പോര്‍ട്ടറിന്റെ നയം പിന്നീട് വേണുവിനെ സമ്മര്‍ദ്ദത്തില്‍പ്പെടുത്തിയിരുന്നു. തുടര്‍ന്നുവന്ന എമേര്‍ജിങ് കേരളയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടിങ്ങില്‍ പഠിച്ച് തയ്യാറായി വരുന്ന പതിവ് ശൈലി ഉപേക്ഷിക്കുന്ന നിലപാടാണ് വേണുവില്‍ നിന്നും ഉണ്ടായത്. ഇത് റിപ്പോര്‍ട്ടര്‍ ചാനലിന്റെയും പരിപാടിയുടെയും റേറ്റിങ്ങില്‍ വന്‍ ഇടിവുണ്ടാക്കിയിട്ടുണ്ട്.

നികേഷ്‌കുമാറിന്റെ ഭരണ രീതിയോടുള്ള വിയോജിപ്പും വേണുവിന്റെ രാജിക്ക് വഴിവെച്ചതായറിയുന്നു. വാര്‍ത്തകള്‍ നല്‍കുന്നതിലെ അച്ചടക്കമില്ലായ്മ തന്നെ ഭയപ്പെടുത്തുന്നതായി വേണു പി.കെ നിരോഷ നടത്തിയ ഇന്റര്‍വ്യൂവില്‍ പറയുന്നുണ്ട്. മാതൃഭൂമി ചാനലില്‍ വേണുവിനെ ഉയര്‍ന്ന സ്ഥാനമാണ് കാത്തിരിക്കുന്നത്.

ഏഷ്യാനെറ്റില്‍ ന്യൂസ് അവറും മനോരമ ന്യൂസില്‍ കൗണ്ടര്‍ പോയിന്റുമായിരുന്നു വേണു അവതരിപ്പിച്ചിരുന്നത്.