World News
സിറിയ പിടിച്ച എച്ച്.ടി.എസിനെ നിരോധിത സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കാന്‍ യു.എസും യു.കെയും ആലോചിക്കുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 10, 02:42 pm
Tuesday, 10th December 2024, 8:12 pm

ഡമാസ്‌കസ്: ആഭ്യന്തര കലാപത്തിന് ശേഷം സിറിയ പിടിച്ചെടുത്ത വിമത ഗ്രൂപ്പ് ഹയാത്ത് തഹ്‌രീര്‍ അല്‍ ഷാമിനെ (എച്ച്.ടി.എസ്) നിരോധിത തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യു.എസും യു.കെയും നീക്കങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ട്.

വാഷിങ്ടണ്‍ പോസ്റ്റ് ഉള്‍പ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നേരത്തെ അല്‍ ഖ്വയ്ദയുമായി ബന്ധമുള്ളതും സിറിയയില്‍ അസദിനെതിരായ പ്രക്ഷോഭങ്ങളില്‍ പങ്കെടുത്തവരുമായ എല്ലാ ഗ്രൂപ്പുകളുമായും യു.എസ്. ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ഭാവിയില്‍ സിറിയയുമായുള്ള യു.എസിന്റെ സമ്പര്‍ക്കത്തിനും സഹകരണത്തിനും എച്ച്.ടി.എസിനെ തീവ്രവാദ ഗ്രൂപ്പുകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതായിരിക്കും ഗുണകരമെന്ന് ഒരു യു.എസ്. ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. അത്‌കൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തിനുള്ള സാധ്യത യു.എസ്. ഭരണണകൂടം തള്ളിക്കളഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എച്ച്.ടി.എസിന്റെ നീക്കങ്ങളെ വൈറ്റ് ഹൗസ് നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളിലുണ്ട്.

അതേ സമയം എച്ച്.ടി.എസിനെ നിരോധിത ഭീകര സംഘടനകളുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ യു.കെയും നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. എച്ച്.ടി.എസിനെ ഭീകരസംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിനെ കുറിച്ചുള്ള ബി.ബി.സിയുടെ ചോദ്യത്തിന് അത്തരം ആലോചനകള്‍ നടക്കുന്നുണ്ട് എന്നാണ് യു.കെയിലെ കാബിനറ്റ് ഓഫീസ് മന്ത്രി പാറ്റ് മക്ഫാഡന്‍ മറുപടി നല്‍കിയത്.

ഞായറാഴ്ച ഹോംസും തൊട്ടുപിന്നാലെ തലസ്ഥാനമായ ഡമാസ്‌കസും എച്ച്.ടി.എസ്. പിടിച്ചെടുത്തതോടെയാണ് സിറിയയില്‍ അസദിന്റെ ഭരണത്തിന് അന്ത്യമായത്. പിന്നാലെ അസദ് റഷ്യയിലേക്ക് കടക്കുകയും റഷ്യ അദ്ദേഹത്തിന് അഭയം നല്‍കുകയും ചെയ്തു.

അസദിന്റെ ഭരണത്തിന് അന്ത്യമായതിന് പിന്നാലെ ഇസ്രഈല്‍ സിറിയയില്‍ ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. സിറിയയുടെ രാസായുധ കേന്ദ്രങ്ങളടക്കം ഇസ്രഈല്‍ തകര്‍ത്തതായാണ് റിപ്പോര്‍ട്ട്. തീവ്രവാദികളുടെ കൈകളിലേക്ക് കൂടുതല്‍ ആയുധങ്ങള്‍ എത്താതിരിക്കാനാണ് തങ്ങള്‍ സിറിയയില്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുന്നത് എന്നാണ് ഇസ്രഈല്‍ അവകാശപ്പെടുന്നത്.

CONTENT HIGHLIGHTS: Reportedly, the US and the UK are considering removing HTS from the terrorist list