ന്യൂദല്‍ഹി: എം.പിമാരും എം.എല്‍.എമാരും ഉള്‍പ്പെടെ 151 പ്രതിനിധികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ അന്വേഷണം നേരിടുന്നവരാണെന്ന് റിപ്പോര്‍ട്ട്. എ.ഡി.ആര്‍ (അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയ സത്യവാങ്മൂലങ്ങള്‍ അനുസരിച്ച്, 151 സിറ്റിങ് പ്രതിനിധികള്‍ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
2019നും 2024നും ഇടയില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ഇക്കാലയളവില്‍ സിറ്റിങ് എം.പിമാരില്‍ നിന്നും എം.എല്‍.എമാരില്‍ നിന്നും ലഭിച്ച 4,809 സത്യവാങ്മൂലങ്ങളില്‍ 4,693 എണ്ണം പരിശോധിച്ച ശേഷമാണ് എ.ഡി.ആര്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
റിപ്പോര്‍ട്ട് പ്രകാരം സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കേസുകള്‍ നേരിടുന്ന 16 എം.പിമാരും 135 എം.എല്‍.എമാരും രാജ്യത്തുണ്ടെന്നാണ് കണ്ടെത്തല്‍. പശ്ചിമ ബംഗാളില്‍ നിന്നുള്ള 25 ജനപ്രതിനിധികളാണ് ഇത്തരത്തില്‍ കേസുകള്‍ നേരിടുന്നത്. ഒരേസമയം എം.പിമാരും എം.എല്‍.എമാരും ഈ കണക്കില്‍ ഉള്‍പ്പെടുന്നു.
ആന്ധ്രാപ്രദേശിലെ 21ഉം ഒഡിഷയിലെ 17 ജനപ്രതിനിധികളും സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ നേരിടുന്നുണ്ട്. ഐ.പി.സി സെക്ഷന്‍ 376 പ്രകാരം, രണ്ട് സിറ്റിങ് എം.പിമാര്‍, 14 സിറ്റിങ് എം.എല്‍.എമാര്‍ ഉള്‍പ്പെടെ 16 പേര്‍ ബലാത്സംഗ കേസുകള്‍ നേരിടുന്നവരാണ്. 10 വര്‍ഷം തടവും ജീവപര്യന്തം ശിക്ഷയും കിട്ടാനിടയുള്ള കേസുകളിലാണ് ഈ 16 പേരും ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം അതേസമയം കൊല്‍ക്കത്തയിലെ ആര്‍.ജി കാര്‍ മെഡിക്കല്‍ കോളേജില്‍ പി.ജി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ രാജ്യത്തുടനീളമായി പ്രതിഷേധം കനക്കുന്ന സാഹചര്യത്തിലാണ് ഈ റിപ്പോര്‍ട്ട് പുറത്തുവരുന്നത്.
ഓഗസ്റ്റ് ഒമ്പതിനാണ് പി.ജി വിഭാഗം വിദ്യാര്‍ത്ഥിയായ 31കാരി ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെടുന്നത്. ഡോക്ടര്‍ കൊല്ലപ്പെട്ടതില്‍ സ്വമേധയാ കേസെടുത്ത സുപ്രീം കോടതി പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെയും പൊലീസിനെയും രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു.
Content Highlight: Report says151 sitting MPs and MLAs face cases of crimes against women