അയാള്‍ ഉള്ളതുകൊണ്ട് മാത്രമാണ് നെയ്മര്‍ ബാഴ്‌സയില്‍ എത്താതിരുന്നത്; റിപ്പോര്‍ട്ട്
ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മര്‍ ജൂനിയറിനെ പി.എസ്.ജിയില്‍ നിന്നും ബാഴ്‌സയിലേക്കെത്തിക്കാന്‍ ഒരുപാട് ശ്രമങ്ങളുണ്ടായിരുന്നു. എന്നാല്‍ താരം അവസാനം സൗദി ക്ലബ്ബായ അല്‍ ഹിലാലിലേക്ക് പോവുകയായിരുന്നു.
300 മില്യണാണ് നെയ്മറിന് മുന്നില്‍ അല്‍ ഹിലാല്‍ രണ്ട് വര്‍ഷത്തെ കരാറിനായി നീട്ടിയത്. 30 തുടങ്ങിയപ്പോള്‍ തന്നെ താരം യൂറോപ്പ് വിട്ടതിന് ഒരുപാട് ആരാധകര്‍ അദ്ദേഹത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.
താരത്തെ ടീമിലെത്തിക്കാന്‍ ബാഴ്‌സ ശ്രമിക്കുന്നതായി ഒരുപാട് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഒരു കാരണം കൊണ്ട് മാത്രമാണ് ബാഴ്‌സയില്‍ വരാത്തതെന്നാണ് പുതിയ റിപ്പോര്‍ട്ടുകളില്‍ സൂചിപ്പിക്കുന്നത്. ബാഴ്‌സ കോച്ച് സാവി കാരണമാണ് ബ്രസീലിയന്‍ ബാഴ്‌സയിലെത്താതിരുന്നത് എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
പ്രമുഖ ഫുട്‌ബോള്‍ ജേണലിസ്റ്റ് ഫാബ്രിസിയോ റൊമാനൊയുടെ റിപ്പോര്‍ട്ട് പ്രകാരം സാവി മാത്രമാണ് നെയ്മര്‍ ടീമിലെത്തുന്നതിന് തടസമായി നിന്നത്. ബാഴ്‌സ പ്രസിഡന്റ് യുവാന്‍ ലാപോര്‍ട്ട താരത്തെ ടീമിലെത്തിക്കാനായി ഒരുപാട് ശ്രമിച്ചിരുന്നു. അതിനായി പി.എസ്.ജിയുമായി അദ്ദേഹം ഒരുപാട് സംസാരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സാവി ഉള്ളപ്പോള്‍ അത് നടന്നില്ല.
ബാഴ്‌സക്കായി നാല് വര്‍ഷം നെയ്മര്‍ പന്ത് തട്ടിയിരുന്നു. കാറ്റാലന്‍ ക്ലബ്ബിനായി 186 മത്സരത്തില്‍ കളത്തിലിറങ്ങിയ നെയ്മര്‍ 105 ഗോളും 76 അസിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. 2014-15 സീസണില്‍ ബാഴ്‌സ ട്രെബിള്‍ സ്വന്തമാക്കിയപ്പോള്‍ നെയ്മറും സാവിയും ടീം മേറ്റ്‌സായിരുന്നു.
അതേസമയം നെയ്മറിന് പകരം ഫ്രാന്‍സ് താരം ഒസ്മാന്‍ ഡെംബലെയെ പി.എസ്.ജി ടീമിലെത്തിച്ചിട്ടുണ്ട്. 50 മില്യണാണ് അദ്ദേഹത്തിനായി പി.എസ്.ജി എറിഞ്ഞത്. എംബാപ്പെ പി.എസ്.ജിയില്‍ തന്നെ തുടരുമെന്നാണ് ഏറ്റവും പുതിയ വാര്‍ത്തകള്‍.
Content Highlight: Report says Xavi is the Reason why Neymar didnt come to Barcelona