തെലങ്കാനയില്‍ ഹൈഡ്ര ഏജന്‍സി അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതായി റിപ്പോര്‍ട്ട്
national news
തെലങ്കാനയില്‍ ഹൈഡ്ര ഏജന്‍സി അനധികൃത കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നതായി റിപ്പോര്‍ട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 9th November 2024, 9:21 pm

ഹൈദരാബാദ്: ഹൈദരാബാദ് ഡിസാസ്റ്റര്‍ റെസ്‌പോണ്‍സ് ആന്‍ഡ് അസറ്റ് പ്രൊട്ടക്ഷന്‍ ഏജന്‍സി (ഹൈഡ്ര) അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കല്‍ നടപടികള്‍ തുടരുന്നതായി റിപ്പോര്‍ട്ട്.

വീടിന്റെ അതിര്‍ത്തി ഭിത്തികള്‍, ഷെഡ്ഡുകള്‍ എന്നിവ ഉള്‍പ്പെടെ റോഡിലേക്കും പൊതുനിരത്തിലേക്കും വ്യാപിച്ചിട്ടുള്ള നിര്‍മിതികളാണ് ഹൈഡ്ര പൊളിച്ചുനീക്കിയത്.

അനധികൃതമായി നിര്‍മിച്ച കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കുന്ന നടപടികള്‍ രണ്ട് ദിവസത്തിനകം പൂര്‍ത്തിയാക്കുമെന്നും റോഡ് നിര്‍മാണം വേഗത്തിലാക്കുമെന്നുമാണ് ഹൈഡ്രയുടെ അധികൃതര്‍ അറിയിക്കുന്നത്.

റോഡ് വിപുലീകരണത്തിനുള്‍പ്പെടെയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. സംഗറെഡ്ഡി. പട്ടേല്‍ഗുഡ, പട്ടഞ്ചെരു തുടങ്ങിയ സ്ഥലങ്ങളിലെ സര്‍ക്കാര്‍ ഭൂമിയില്‍ നിര്‍മിച്ച കെട്ടിടങ്ങളടക്കമാണ് ഹൈഡ്ര പൊളിച്ചുനീക്കിയത്.

കര്‍ശനമായ പൊലീസ് നിരീക്ഷണത്തോടുകൂടിയാണ് കെട്ടിടങ്ങളും മറ്റ് നിര്‍മാണങ്ങളും പൊളിക്കുന്നതെന്നും കെട്ടിടങ്ങള്‍ പല രാഷ്ട്രീയപാര്‍ട്ടി അംഗങ്ങളുടെ ഉടമസ്ഥതയിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നുണ്ട്.

അനധികൃത നിര്‍മാണങ്ങള്‍ പൊളിക്കുന്നതിനായുള്ള തെലങ്കാന സര്‍ക്കാരിന്റെ ഏജന്‍സിയായ ഹൈഡ്ര 111.72 ഏക്കര്‍ ഭൂമിയിലെ 26 സ്ഥലങ്ങളിലുള്ള അനധികൃത നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. 262 കെട്ടിടങ്ങള്‍ ഇതുവരെ പൊളിച്ചുനീക്കിയതായും സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Content Highlight: Report says that Hydra Agency is demolishing illegal buildings in Telangana