2025 ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മെഗാ ലേലത്തിനാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്. ഏതെല്ലാം താരങ്ങള്‍ ടീം വിടുമെന്നും പുതിയ ടീമില്‍ ചേരുമെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ സജീവമായി നിലനില്‍ക്കുന്ന ചര്‍ച്ചകള്‍.
ഇപ്പോള്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ട് മറ്റൊരു ടീമില്‍ ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. തന്റെ പഴയ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് വേണ്ടിയായിരിക്കും രാഹുല്‍ കളിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
നിലവിലെ ബെംഗളൂരുവിന്റെ ക്യാപ്റ്റനായ ഫാഫ് ഡുപ്ലെസിസിന് പകരം റോയല്‍ ചലഞ്ചേഴ്സ് ഒരു ഇന്ത്യന്‍ ക്യാപ്റ്റനെ തേടുന്നുവെന്നും വാര്‍ത്തകള്‍ നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ രാഹുല്‍ റോയല്‍ ചലഞ്ചേഴ്സിന് മികച്ച ഒരു ഓപ്ഷന്‍ ആയിരിക്കും.
ഈ സീസണില്‍ ഐ.പി.എല്ലിലെ മോശം പ്രകടങ്ങള്‍ക്ക് പിന്നാലെ എല്‍.എസ്,ജി ഉടമ സഞ്ജീവ് ഗോയങ്കയില്‍ നിന്നും രാഹുല്‍ ധാരാളം വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ സീസണില്‍ രാഹുലിന്റെ കീഴില്‍ 14 മത്സരങ്ങളില്‍ നിന്നും ഏഴു വീതം ജയവും തോല്‍വിയുമായി 14 പോയിന്റോടെ ഏഴാം സ്ഥാനത്തായിരുന്നു ലഖ്നൗ ഫിനിഷ് ചെയ്തത്.
അതേസമയം റോയല്‍ ചലഞ്ചേഴ്സ് ടീമിനൊപ്പം 2013, 2016 സീസണുകളില്‍ രാഹുല്‍ കളിച്ചിട്ടുണ്ട്. പിന്നീട് താരം പഞ്ചാബ് കിങ്‌സിലേക്ക് ചേക്കേറുകയായിരുന്നു. പഞ്ചാബിനൊപ്പം ക്യാപ്റ്റന്‍ എന്ന റോളില്‍ ആയിരുന്നു രാഹുല്‍ കളിച്ചിരുന്നത്.
പഞ്ചാബിനൊപ്പം തുടര്‍ച്ചയായ സീസണുകളില്‍ 500+ റണ്‍സ് നേടികൊണ്ടാണ് രാഹുല്‍ ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഒടുവില്‍ 2022ലാണ് താരം ലഖ്നൗവിന്റെ തട്ടകത്തില്‍ എത്തുന്നത്. 17 കോടി രൂപക്കായിരുന്നു താരം പഞ്ചാബില്‍ നിന്നും ലഖ്നൗവിലക്ക് കൂടുമാറിയത്.
എന്നാല്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ലഖ്നൗവിനെ കിരീടനേട്ടത്തിലെത്തിക്കാന്‍ രാഹുലിന് സാധിച്ചില്ല. ഈ സീസണിലെ നിരാശാജനകമായ പ്രകടനങ്ങള്‍ക്ക് പിന്നാലെ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരെ ധാരാളം വിമര്‍ശനങ്ങള്‍ നിലനിന്നിരുന്നു. എന്നാല്‍ ഇത് സംഭവിക്കുകയാണെങ്കിൽ തന്റെ പഴയ തട്ടകത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ട് റോയല്‍ ചലഞ്ചേഴ്സിന്റെ കിരീടവരള്‍ച്ചക്ക് അന്ത്യം കുറിക്കാനും രാഹുലിന് സാധിക്കും.
അതേസമയം 2025ല്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് വിട്ട് പന്ത് ചെന്നൈ സൂപ്പര്‍ കിങ്സില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പുതിയ സീസണില്‍ എം.എസ് ധോണിക്ക് പകരക്കാരനായി ചെന്നൈ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് പന്തിനെ എത്തിക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നുവെന്നാണ് ചെന്നൈയില്‍ നിന്നുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
Content Highlight: Report Says KL Rahul Will Back in RCB