സന്ദീപ് വാര്യര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും
Kerala News
സന്ദീപ് വാര്യര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് സാധ്യത; സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്ന് നീക്കിയേക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th October 2022, 11:10 am

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന വക്താവ് സന്ദീപ് വാര്യര്‍ക്കെതിരെ പാര്‍ട്ടിയില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്ന് റിപ്പോര്‍ട്ട്. ഇന്ന് കോട്ടയത്ത് വെച്ച് ചേരുന്ന സംസ്ഥാന നേതൃയോഗത്തിലായിരിക്കും തീരുമാനം. സംസ്ഥാന വക്താവ് സ്ഥാനത്ത് നിന്നും സന്ദീപ് വാര്യരെ നീക്കിയേക്കുമെന്നാണ് വിവരം.

പാര്‍ട്ടിയുടെ പേരില്‍ സന്ദീപ് വാര്യര്‍ ലക്ഷങ്ങള്‍ അനധികൃതമായി പിരിച്ചെന്ന് നാല് ജില്ലാ അധ്യക്ഷന്മാര്‍ സംസ്ഥാന നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സന്ദീപ് വാര്യര്‍ക്കെതിരെ നടപടിയിലേക്ക് സംസ്ഥാന നേതൃത്വം നീങ്ങുന്നത്.

അനധികൃതമായി പിരിച്ചെന്ന പരാതിയെത്തുടര്‍ന്ന് പരാതിക്കാരെയും ആരോപണ വിധേയനേയും തിരുവനന്തപുരത്ത് വിളിച്ച് വരുത്തിയിരുന്നു. ഇവരോട് സംസ്ഥാന അധ്യക്ഷനും രണ്ട് സംഘടന ജനറല്‍ സെക്രട്ടറിമാരും അടക്കമുള്ള സമിതി വിശദീകരണവും തേടിയിരുന്നു.

അതേസമയം, ബി.ജെ.പി സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് കോട്ടയത്ത് ചേരും. രാവിലെ പത്തു മണിക്ക് കോര്‍ കമ്മിറ്റി യോഗവും ഉച്ചയ്ക്കു ശേഷം സംസ്ഥാന ഭാരവാഹി യോഗവുമാണ് നടക്കുന്നത്.

സംസ്ഥാനത്തിന്റെ ചുമതലയുളള പ്രഭാരി പ്രകാശ് ജാവദേക്കറുടെ സാന്നിധ്യത്തിലാണ് യോഗം. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളാണ് പ്രധാന ചര്‍ച്ച.

നേരത്തെ, കേരളത്തില്‍ വിവിധ  തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച ബി.ജെ.പി. നേതാക്കള്‍ക്ക് ജനങ്ങള്‍ക്കിടയില്‍ സ്വാധീനം കുറവാണെന്ന് കേന്ദ്ര നേതൃത്വം വിലയിരുത്തിയിരുന്നു.

കേരള സന്ദര്‍ശനത്തിനിടെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ബി.ജെ.പി സ്ഥാനാര്‍ഥികളുടെ യോഗത്തില്‍ ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദയാണ് ഉക്കാര്യം വ്യക്തമാക്കിയത്.

ജനങ്ങളോട് അടുത്തിടപഴകാനും അവരുടെ പ്രശ്നങ്ങളില്‍ ഇടപെടാനും ബി.ജെ.പി നേതാക്കള്‍ സമയം കണ്ടെത്തണമെന്ന് നദ്ദ യോഗത്തില്‍ പറഞ്ഞിരുന്നു. നേതാക്കളുടെ മസിലുപിടിച്ചു പെരുമാറുന്ന രീതിയെയും യോഗത്തില്‍ ജെ.പി.നദ്ദ പരിഹസിച്ചു.

Content Highlight: Report says disciplinary action is likely against BJP Leader Sandeep Warrier