Entertainment
എന്റെ ഫേവറിറ്റ് സിനിമ ആ രജിനി ചിത്രം; എന്നാല്‍ സിനിമയിലേക്ക് ആകര്‍ഷിച്ചത് നെഗറ്റീവ് കഥാപാത്രം: ദുഷാര വിജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Mar 12, 05:04 pm
Wednesday, 12th March 2025, 10:34 pm

തമിഴിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് രജിനികാന്ത് നായകനായെത്തിയ പടയപ്പ. കെ.എസ്. രവികുമാര്‍ സംവിധാനം ചെയ്ത് 1999ല്‍ പുറത്തിറങ്ങിയ ഈ ചിത്രത്തില്‍ സൗന്ദര്യ, രമ്യ കൃഷ്ണന്‍, ശിവാജി ഗണേശന്‍, എന്നിവരാണ് മറ്റ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

പടയപ്പ എന്ന സിനിമയെ കുറിച്ചും അതില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രത്തെ കുറിച്ചും സംസാരിക്കുകയാണ് നടി ദുഷാര വിജയന്‍. പടയപ്പ സിനിമയില്‍ രമ്യ കൃഷ്ണന്‍ അവതരിപ്പിച്ച നീലാംബരി എന്ന കഥാപാത്രം ചെയ്യാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ദുഷാര വിജയന്‍ പറയുന്നു. തന്റെ ഫേവറിറ്റ് സിനിമയാണ് പടയപ്പയെന്നും അതില്‍ നീലാംബരിയായി രമ്യ കൃഷ്ണ മികച്ച പ്രകടനമാണ് നടത്തിയതെന്നും തുഷാര പറയുന്നു.

പടയപ്പയില്‍ രമ്യ കൃഷ്ണ ഊഞ്ഞാലില്‍ ഇരിക്കുന്ന സീനാണ് തന്റെ ഫേവറിറ്റ് സീനെന്നും അങ്ങനെയൊരു നെഗറ്റീവ് കഥാപാത്രം അത്രയും സ്റ്റൈലില്‍ ചെയ്ത് ഫലിപ്പിക്കാന്‍ അവര്‍ക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും ദുഷാര കൂട്ടിച്ചേര്‍ത്തു. സിനിമ വികടന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുഷാര വിജയന്‍.

‘എനിക്ക് ചെയ്യാന്‍ താത്പര്യമുള്ള കഥാപാത്രം പടയപ്പയിലെ നീലാംബരിയാണ്. പടയപ്പയാണ് എന്റെ ഫേവറിറ്റ് സിനിമ. ആ സിനിമയിലെ ഊഞ്ഞാലില്‍ രമ്യ കൃഷ്ണ ഇരിക്കുന്ന സീനെല്ലാം ഉണ്ടല്ലോ അതൊക്കെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. അടിപൊളി അഭിനേത്രിയാണ് അവര്‍. അവരാണ് എന്നെ ആ സിനിമയിലേക്ക് അട്രാക്ട് ചെയ്തത്.

അങ്ങനെ ഒരു നെഗറ്റീവ് കഥാപാത്രം അത്രയും സ്റ്റൈലില്‍ ചെയ്യാന്‍ കഴിയുമെന്ന് തെളിയിച്ചത് രമ്യ കൃഷ്ണയാണ്. അങ്ങനെ അവര്‍ ചെയ്യുന്നതില്‍ തലൈവര്‍ രജിനി സാറിന്റെ ഇന്‍ഫ്ളുവെന്‍സും ഉണ്ടെന്ന് തോന്നുന്നു. അദ്ദേഹം ഉണ്ടെങ്കില്‍ തന്നെ ആ സ്ഥലത്തിന് ഒരു എനര്‍ജി കിട്ടും. എനിക്ക് എപ്പോഴെങ്കിലും നീലാംബരി ആയാല്‍ കൊള്ളാമെന്ന് ആഗ്രഹമുണ്,’ ദുഷാര വിജയന്‍ പറയുന്നു.

Content Highlight: Dushara Vijayan talks about Padayappa Movie and Ramya Krishnan